Featured Posts

Breaking News

റഷ്യയിലെ യുദ്ധത്തടവുകാരുടെ വിഷയത്തിലെ മധ്യസ്ഥതക്ക്; അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് നന്ദിയോതി മൊറോക്കന്‍ വിദ്യാര്‍ഥിയും കുടുംബവും


റിയാദ്: റഷ്യയിലെ യുദ്ധത്തടവുകാരുടെ വിഷയത്തിലെ മധ്യസ്ഥതക്ക്, മോചിത സംഘത്തെ റിയാദിലെത്തിക്കാനും താമസ സൗകര്യമേർപ്പെടുത്താനും കാട്ടിയ സൗമനസ്യത്തിന്, ജന്മനാട്ടിലേക്ക് യാത്രാ നടപടികൾ സുഗമമാക്കിയതിന് എല്ലാത്തിനും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് നന്ദി പറയാൻ വാക്കുകളില്ലെന്ന് നാട്ടിലെത്തിയ മൊറോക്കൻ വിദ്യാർഥിയും കുടുംബവും.

യുക്രെനിൽ 'കൂലിപ്പടയാളി' പ്രവർത്തനം നടത്തിയതിന് റഷ്യൻ സൈന്യം പിടികൂടി വധശിക്ഷക്ക് വിധിച്ച മൊറോക്കൻ വിദ്യാർഥി ഇബ്രാഹിം സഅദൂനും കുടുംബവും സ്വഭവനത്തിൽ വാർത്താസംഘത്തോട് പ്രതികരിക്കവേയാണ് സൗദി കിരീടാവകാശിയോട് നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് പ്രതികരിച്ചത്.

സൗദി കിരീടാവകാശിയും നിയുക്ത പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ മധ്യസ്ഥതയെ തുടർന്നാണ് റഷ്യൻ സൈന്യം യുക്രെനിൽ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരുന്ന വിവിധ രാജ്യക്കാരായ 10 പേരെ ഈ മാസം 22ന് റിയാദിലെത്തിച്ചത്. അതിലൊരാളായിരുന്നു യുക്രെയ്നിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന ഇബ്രാഹിം സഅദൂൻ. റഷ്യൻ അധിനിവേശത്തോടെ പഠനം തടസപ്പെട്ട ഇബ്രാഹിം യുക്രെനോടുള്ള സ്നേഹത്താൽ റഷ്യക്കെതിരെയുള്ള പോരാട്ടത്തിൽ പങ്ക് ചേരുകയായിരുന്നു.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ കാസാബ്ലാങ്ക അന്തർദേശീയ വിമാനത്താവളത്തിൽ ഇറങ്ങിയ ഇബ്രാഹിമിനെ സ്വീകരിക്കാൻ പിതാവ് താഹിർ സഅദൂനടക്കം വൻ ജനാവലിയും മാധ്യമപടയും രംഗത്തുണ്ടായിരുന്നു. മാധ്യമങ്ങളുടെ 'പിടി'യിൽ നിന്ന് പെട്ടെന്ന് മോചിതനാകാൻ കഴിയില്ലെന്ന് മനസിലാക്കിയ മൊറോക്കൻ അധികൃതർ പ്രത്യേക വാതിലിലൂടെ പുറത്ത് കടത്തി ഇബ്രാഹിമിനെ ഹസാനിയിലുള്ള വീട്ടിലെത്തിക്കുകയായിരുന്നു.

മാതാവ് ആലിംഗനം ചെയ്ത് സ്വീകരിച്ചിരുത്തുമ്പോഴേക്കും മാധ്യമ, കാമറസംഘങ്ങളുമെത്തി. മകന് നല്ല ഭാവിയുണ്ടാകണമെന്ന ആഗ്രഹത്തിലാണ് അവനെ വിദേശത്ത് പഠിക്കാൻ അയച്ചതെന്നും കാറ്റ് തിരിഞ്ഞുവീശുമെന്ന് നിനച്ചിരുന്നില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ സൈന്യത്തിനെതിരെയുള്ള പോരാട്ടത്തിൽ പശ്ചാത്താപമില്ലെന്നും യുക്രെൻ കാര്യത്തിലെ നീതി മാത്രമായിരുന്നു അതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇബ്രാഹിം പറഞ്ഞു.

മകന്റെ തിരിച്ചുവരവിൽ അതിയായ സന്തോഷമുണ്ടെന്നും അതിന് സഹായിച്ച സൗദി, മൊറോക്കൻ അധികൃതരോട് നന്ദിയുണ്ടെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലിന് പ്രത്യേകം നന്ദി പറയുകയാണെന്നും താഹിർ സഅദൂൻ പറഞ്ഞു. തടവിൽ കഴിഞ്ഞതിന്റെ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയ ശേഷം മകൻ മൊറോക്കോയിൽ പഠനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments