മനുഷ്യന്റെ പാതി വെന്ത തല തിന്നുന്ന ആചാരങ്ങൾ തമിഴ്ഗ്രാമങ്ങളിൽ
തെന്മല ∙ മൃഗബലി പോലും അത്യപൂർവമായ വർത്തമാനകാല സാഹചര്യത്തില്‍ ദുരാചാരങ്ങളുടെ പേരിൽ മനുഷ്യമാംസം തിന്ന്, സമൂഹത്തെ നൂറ്റാണ്ടു പിറകോട്ടടിച്ച് തമിഴകത്തെ തെങ്കാശി ജില്ലയിലെ പാവൂർസത്രം. പരിഷ്കൃത സമൂഹത്തിന് കേട്ടാൽ അറപ്പും വെറുപ്പുമുണ്ടാകുന്ന ഒന്നാണ് മനുഷ്യശരീരം ഭക്ഷിക്കുന്ന ഈ ആചാരം.
പാവൂർസത്രം കല്ലാരണി ഗ്രാമത്തിലെ ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ശവത്തിന്റെ തല ഭക്ഷിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ഇത്തരം ആചാരങ്ങൾ തമിഴ്ഗ്രാമങ്ങളിൽ തുടരുന്നുവെന്ന ഞെട്ടിക്കുന്ന സത്യം പുറംലോകമറിയുന്നത്. ക്ഷേത്രത്തിലെ സ്വാമിയാടലിനു ശേഷം പൂജാരി രാത്രി 12ന് വേട്ടയ്ക്കായി സമീപത്തെ ശ്മശാനത്തിലേക്കു പോയാണു മനുഷ്യത്തലയുമായി എത്തിയത്. ഈ തല 4 സ്വാമിമാർ ചേർന്ന് കടിച്ചുപറിച്ചു തിന്നുന്ന ദൃശ്യം വിഡിയോയിൽ വ്യക്തമാണ്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ യുദ്ധം നടത്തുന്ന നൂറുകണക്കിന് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള തമിഴ്നാട്ടിൽ ഇത് സംഭവിച്ചതാണ് വിരോധാഭാസം. കേരള അതിർത്തിയിൽനിന്ന് 52 കിലോമീറ്റർ ദൂരത്തിലാണ് ഈ സംഭവം. പാവൂര്‍സത്രം സംഭവം പുറംലോകം അറിഞ്ഞതോടെ തമിഴ്നാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇപ്പോഴും നിലനില്‍ക്കുന്ന ദുരാചാരങ്ങളുടെ നീണ്ടപട്ടിക പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
മനുഷ്യത്തല തിന്നുന്ന സംഭവം തെളിവു സഹിതം പുറത്തുവന്നതോടെ, മൃതദേഹം ആരുടേതെന്നു കണ്ടെത്തേണ്ട ഉത്തരവാദിത്തം തമിഴ്നാട് പൊലീസിന് വെല്ലുവിളിയായി. മൃഗബലി നടത്തി ചുടുചോര കുടിക്കുന്നത് അടക്കമുള്ള അനാചാരങ്ങൾ തമിഴ് വംശജർക്ക് മുൻതൂക്കമുള്ള കേരള അതിര്‍ത്തിഗ്രാമങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ട്.
ആടിമാസത്തിലെ (കർക്കടകം) പഞ്ഞത്തിൽനിന്നു കരകയറാനും ചിങ്ങത്തിൽ നല്ല വിളവു ലഭിക്കാനുമാണ് ഈ ക്ഷേത്രത്തിൽ ഉത്സവം നടത്തുന്നത്. ആടിമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഉത്സവം. കല്ലാരണി ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും നിന്നുള്ളവർ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പതിറ്റാണ്ടുകളായി ഈ ആചാരം ഇവിടെ നടക്കുന്നുണ്ട്.
വേട്ടയ്ക്കായി ചുടുകാട്ടിൽ (ശ്മശാനം) പോകുന്ന സ്വാമി അവിടെനിന്ന് മൃതദേഹത്തിന്റെ കയ്യോ കാലോ തലയോ എടുത്താണ് തിരിച്ചെത്തുക. ഉത്സവത്തിനു മുന്‍പുള്ള ദിവസങ്ങളിൽ ഈ ഗ്രാമത്തിൽ മരിക്കുന്നയാളിന്റെ മൃതദേഹം പകുതി മാത്രമേ ദഹിപ്പിക്കൂ. ആ ശരീരമാണ് സ്വാമി ഭക്ഷണത്തിനായി കണ്ടെത്തുന്നത്.
സ്വാമിയാടലും മനുഷ്യത്തല ഭക്ഷിച്ചതുമെല്ലാം തമിഴ്നാട്ടിലും കേരളത്തിലും വലിയ ചർച്ച ആയെങ്കിലും കല്ലാരണി ഗ്രാമത്തില്‍ ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. പതിവുപോലെ ജോലിക്കും മറ്റുമെല്ലാം ഗ്രാമവാസികൾ പോകുന്നു. വിവാദ സംഭവത്തിനു ശേഷം പുറത്തു നിന്നെത്തുന്ന ആളുകളെ ഇവിടെ നിരീക്ഷിക്കുന്നുണ്ട്. മാധ്യമ പ്രവർത്തകരെ ഗ്രാമത്തിലേക്കു കടത്തിവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.
ക്ഷേത്രത്തിനു സമീപം പൊലീസ് നിരീക്ഷണവുമുണ്ട്. സ്വാമിയാടിയ ശേഷം മനുഷ്യത്തല ഭക്ഷിച്ച 4 സ്വാമിമാർക്കെതിരെയും ക്ഷേത്രഭാരവാഹികളായ 10 പേർക്കെതിരെയും പാവൂർസത്രം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രതികളില്‍ പലരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.
No comments