പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മന്ത്രി റിയാസിന് ക്ഷണമില്ല; ബഹിഷ്കരിച്ച് സർക്കാർ..
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ല. സ്ഥലമേറ്റെടുക്കൽ അടക്കം സംസ്ഥാന സർക്കാർ നിർണായക പങ്കുവഹിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ വിളിക്കാത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സർക്കാർ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. എൻഎച്ച് 66 മുടങ്ങിപ്പോയ പദ്ധതിയാണ്. യുഡിഎഫ് ഭരണകാലത്ത് ദേശീയപാത അതോറിറ്റി ഓഫിസ് പൂട്ടി. എൽഡിഎഫ് വന്നതിനുശേഷമാണ് പദ്ധതി ആരംഭിച്ചത്. കേന്ദ്രം ഫണ്ട് തന്നില്ല. ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിനായി സംസ്ഥാനം 5600 കോടി മുടക്കിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇന്നലെയാണ് അറിയിപ്പ് കിട്ടിയത്.
പ്രധാനമന്ത്രി പങ്കെടുത്ത തിരുവനന്തപുരത്തെ ചടങ്ങിൽ ക്ഷണമുണ്ടായിരുന്നു. അന്ന് ചെന്നപ്പോൾ എസ്പിജി ആധാർ കാർഡ് ചോദിച്ചു. തരാന്‍ കഴിയില്ലെന്ന് പറഞ്ഞു. ഏറെ സമയത്തിനുശേഷമാണ് കടത്തിവിട്ടത്. ഇന്നത്തെ കൊച്ചിയിലെ പരിപാടിയിൽ പങ്കെടുത്ത് സമയം കളയാനില്ലെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഉച്ചയ്ക്ക് 1.15നു കലൂർ സ്റ്റേഡിയത്തിലാണു ചടങ്ങ്. 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനു പ്രധാനമന്ത്രി തറക്കല്ലിടും.
ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്യും. 2,650 കോടി രൂപയിലധികം ചെലവിൽ നിർമിച്ച തലപ്പാടി-ചെങ്കള റീച്ചിലെ ആറുവരിപ്പാത മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ്. വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാത ചെലവ് ഏകദേശം 2,140 കോടി രൂപയാണ്.
-------------------------------------------