ഭവനനിർമാണ ചെലവ് കുറയും, കാശ് ലാഭിക്കാം; സാധാരണക്കാർക്ക് ആശ്വസിക്കാൻ വകയുണ്ട്
കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കാരങ്ങൾ ഇന്ന് നിലവിൽ വരുന്നതോടെ, പല കാര്യങ്ങൾക്കും വില കുറയുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ. അത് കെട്ടിട നിർമാണ മേഖലയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
'എല്ലാവർക്കും വീട്' എന്ന ദേശീയ ദൗത്യത്തിനോട് ചേർന്നുപോകുന്ന രീതിയിലാണ് പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. ജിഎസ്ടിയിലെ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ റെസിഡൻഷ്യൽ, റീടെയ്ൽ, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അത് ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. നിർമാണ ചെലവ് കുറയുകയും നികുതി സുഗമമാവുകയും ചെയ്യുന്നതിലൂടെ ഭവനആവശ്യകതയും നിക്ഷേപങ്ങളും വർധിക്കുമെന്നും നിർമാണ പദ്ധതികൾ കൂടുതൽ പ്രവർത്തനക്ഷമമാകുമെന്നും കരുതപ്പെടുന്നു.
സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ പ്രധാന നിർമാണ വസ്തുക്കളുടെ നികുതി നിരക്കിലെ കുറവ് മൂലം നിർമാണ ചെലവിലും കാര്യമായ കുറവ് വരുന്നതിനാൽ വീട് വാങ്ങുന്നവർക്ക് ഇത് ആശ്വാസകരമായേക്കും. ജിഎസ്ടി 2.0 പ്രകാരം സിമന്റ്, റെഡി മിക്സ് കോൺക്രീറ്റ് എന്നിവയ്ക്ക് 18 ശതമാനമാണ് നിലവിൽ ജിഎസ്ടി. നിരക്കിൽ 10 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. ഇഷ്ടികകൾ, ടൈലുകൾ, മണൽ എന്നിവയുടെ ജിഎസ്ടി നിരക്ക് 18 ൽ നിന്നും 5 ശതമാനമായി കുറഞ്ഞു. പെയിന്റുകൾക്കും വാർണിഷുകൾക്കും 18 ശതമാനമാണ് പുതുക്കിയ ജിഎസ്ടി.
മൊത്തം കെട്ടിട ചെലവിന്റെ 15 മുതൽ 20 ശതമാനം വരെയും ആകെ നിർമാണ ചെലവിന്റെ ഏകദേശം 11 ശതമാനവും സിമന്റിനായാണ് ചെലവാക്കപ്പെടുന്നത്. അതിനാൽ സിമന്റ് പോലെയുള്ള പ്രധാന നിർമാണ സാമഗ്രികളുടെ വിലയിൽ വ്യത്യാസം വരുന്നതോടെ നിർമാണ ചെലവ് 3 മുതൽ 5 ശതമാനം വരെ കുറഞ്ഞേക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതനുസരിച്ച് പുതിയതായി വീടുകൾ വാങ്ങുമ്പോൾ നിലവിലെ വിലനിരക്കിൽ നിന്നും 1-1.5 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്.
ഇന്ത്യൻ നഗരങ്ങളിൽ വീട് വാങ്ങുന്നത് സാധാരണക്കാർക്ക് ഏതാണ്ട് അപ്രാപ്യമായി തുടരുന്ന നിലവിലെ സാഹചര്യത്തിന് ഇതിലൂടെ മാറ്റം വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. താങ്ങാവുന്ന വിലയിലുള്ള ഇടത്തരം വീടുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് കൂടുതൽ എളുപ്പത്തിൽ സാധ്യമാകാനും തീരുമാനം വഴിയൊരുക്കും.
നിർമാണ സാമഗ്രികൾക്കായി ചെലവഴിക്കുന്ന തുക സാധാരണയായി ബിൽഡർമാരുടെ ആകെയുള്ള നിർമാണ ചെലവിന്റെ 50 മുതൽ 60 ശതമാനം വരെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ അവശ്യ നിർമാണ സാമഗ്രികളുടെ ജിഎസ്ടി കുറയ്ക്കുന്നതിലൂടെ ഡെവലപ്പർമാർക്ക് ഗണ്യമായ രീതിയിൽ ചെലവ് ലാഭിക്കാനാകും. നിർമാണച്ചെലവ് ചതുരശ്ര മീറ്ററിന് ഏകദേശം 1000 രൂപവരെ കുറഞ്ഞേക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഇതിലൂടെ വീട് വാങ്ങുന്നവർക്ക് അധികഭാരം വരാത്ത തരത്തിൽ വില നിർണയിക്കാനാവും. വീടുകളുടെയും വാണിജ്യ പദ്ധതികളുടെയും വിലനിരക്ക് സാധാരണക്കാർക്ക് താങ്ങാനാവുന്നതായി മാറുകയും ചെയ്യും.
ഫ്ളോറിങ്, ടൈലിങ്, ഇന്റീരിയർ ഫിനിഷിങ് എന്നിവയുടെ ചെലവുകൾ കുറയാനും ജിഎസ്ടി യിലെ കുറവ് വഴിയൊരുക്കും. ഇത് വീട് വാങ്ങുന്നവർക്കും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും നേരിട്ട് ഗുണം ചെയ്യും. അതേസമയം ലക്ഷ്വറി, പ്രീമിയം പ്രോപ്പർട്ടികളുടെ വിലയിൽ നിർമാണ സാമഗ്രികളുടെ വിലക്കുറവ് മൂലമുണ്ടാകുന്ന മാറ്റം കാര്യമായി പ്രതിഫലിക്കില്ല എന്നും റിയൽ എസ്റ്റേറ്റ് വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. എങ്കിലും നിർമാണ ചെലവിലെ കുറവിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ ഡെവലപ്പർമാർക്ക് ഗുണനിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നിക്ഷേപിക്കാൻ സാധിക്കും. (Manorama Online)