കത്തിയമർന്ന് എയർഇന്ത്യ വിമാനം, ഞെട്ടിക്കുന്ന ദുരന്തം...
അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത് ടേക് ഓഫിന് തൊട്ടുപിന്നാലെ. വിമാനം റൺവേയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിന് ഏകദേശം ഒരു കിലോമീറ്ററോളം അകലെ മാത്രമായാണ് വിമാനം തകർന്നുവീണത്.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന് ഉച്ചക്ക് 1.10നായിരുന്നു പുറപ്പെടൽ സമയം. ഇതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. ദീർഘയാത്രക്ക് മുന്നോടിയായതിനാൽ വിമാനത്തിൽ നിറയെ ഇന്ധനമുണ്ടായിരുന്നു. ഇത് വിമാനം തകർന്നുവീണതിന് പിന്നാലെയുള്ള തീപ്പിടിത്തതിന്‍റെ ആഘാതം കൂട്ടി.
അപകടത്തെത്തുടർന്ന് ഏഴ് ഫയർ എഞ്ചിനുകൾ ഉൾപ്പെടെ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി.ആഭ്യന്തരമന്ത്രി അമിത്ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായും അഹമ്മദാബാദ് പൊലീസ് കമ്മീഷ്ണറുമായും ചർച്ച നടത്തുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാനായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപെട്ടു കഴിഞ്ഞു. താമസിക്കാതെ തന്നെ വിമാനത്തിനകത്ത് ഉണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമാകും.