Featured Posts

Breaking News

എഐ ആദ്യം നഷ്ടമാകുന്ന തൊഴിൽ ഏതെന്ന് വെളിപ്പെടുത്തി എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്


നിർമിത ബുദ്ധി നമ്മുടെ ദൈനംദിന ജീവിതത്തിന്റെയും തൊഴിലിടങ്ങളുടെയും ഭാഗമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഏത് ജോലിയായിരിക്കും എഐ ആദ്യം ഇല്ലാതാക്കുക എന്ന ആശങ്ക എല്ലാവരിലുമുണ്ട്. ഇതിന് വളരെ കൃത്യവും വ്യത്യസ്തവുമായ ഒരു മറുപടി നൽകിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്. സെക്വോയ ക്യാപിറ്റൽ അടുത്തിടെ പുറത്തുവിട്ട ഒരു അഭിമുഖത്തിലാണ് നിർമിത ബുദ്ധിയും ഭാവിയിലെ തൊഴിലവസരങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

എഐ ഒരു പ്രത്യേക ജോലിയെ പൂർണമായും ഇല്ലാതാക്കില്ല എന്നാണ് ജെൻസൻ ഹുവാങ് വ്യക്തമാക്കുന്നത്. 'നിങ്ങൾക്ക് എഐ കാരണം ജോലി നഷ്ടപ്പെട്ടേക്കാം അല്ലെങ്കിൽ നഷ്ടപ്പെടാതിരിക്കാം, എന്നാൽ എഐ ഉപയോഗിക്കാൻ അറിയാവുന്ന മറ്റൊരാളായിരിക്കും നിങ്ങളുടെ ജോലി തട്ടിയെടുക്കാൻ പോകുന്നത് എന്നത് തീർച്ചയാണ്,' അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ എഐ-യെ ഭയന്നോടുന്നതിന് പകരം, സ്വന്തം തൊഴിൽ മേഖലകളിൽ അത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പഠിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ജോലിയും ടാസ്ക്കുകളും രണ്ടാണെന്ന് തിരിച്ചറിയണം

ജോലികളും അതിലെ കടമകളും അഥവാ ടാസ്ക്കുകളും രണ്ടാണെന്ന് മനസിലാക്കാത്തതുകൊണ്ടാണ് പലർക്കും എഐ കാരണം തൊഴിൽ നഷ്ടപ്പെടുമെന്ന ഭയമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിഇഒ എന്ന നിലയിൽ തന്റെ പ്രധാന ടാസ്ക്കുകൾ സംസാരിക്കലും ടൈപ്പ് ചെയ്യലുമാണ്. ഇവ രണ്ടും എഐ-യ്ക്ക് മനുഷ്യനേക്കാൾ നന്നായി ചെയ്യാൻ സാധിക്കുമെങ്കിലും അതുകൊണ്ട് സിഇഒ എന്ന തൊഴിൽ ഇല്ലാതാകുന്നില്ല.

എഐ പുതിയ അവസരങ്ങൾ സൃഷ്ടിക്കും

വർഷങ്ങൾക്ക് മുൻപ് കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യ വന്നപ്പോൾ റേഡിയോളജിസ്റ്റുകളുടെ ജോലി പൂർണമായും ഇല്ലാതാകുമെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. എഐ വന്നതോടെ റേഡിയോളജിസ്റ്റുകളുടെ ഉൽപ്പാദനക്ഷമത വർധിക്കുകയും, ആശുപത്രികൾക്ക് കൂടുതൽ രോഗികളെ പരിശോധിക്കാൻ സാധിക്കുകയും ചെയ്തു. ഇതിലൂടെ ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് ഉണ്ടായത്.

ഭാവിയിൽ 90 ശതമാനം കോഡിങ്ങും എഐ സ്വന്തമായി ചെയ്യുന്നതോടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ജോലി നഷ്ടപ്പെടുമെന്ന ഭയവും നിലവിലുണ്ട്. എന്നാൽ ഇതൊരു തെറ്റായ ധാരണയാണെന്ന് ഹുവാങ് പറയുന്നു. എത്ര വേഗത്തിൽ കോഡ് ചെയ്യുന്നു എന്നതല്ല ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ യഥാർഥ ജോലി, മറിച്ച് 'പ്രശ്നപരിഹാരമാണ്'. കോഡിങ് പോലുള്ള ടാസ്ക്കുകൾ എഐ എളുപ്പമാക്കുമ്പോൾ, കൂടുതൽ സങ്കീർണമായ പുതിയ പ്രശ്നങ്ങൾ കണ്ടെത്താനും അതിന് നൂതനമായ പരിഹാരങ്ങൾ കാണാനും എഞ്ചിനീയർമാർക്ക് സാധിക്കും.

എഐ ഒരു ഭീഷണിയല്ല, മികച്ചൊരു ടൂളാണ്

എഐ ഒരിക്കലും തൊഴിലവസരങ്ങൾ ഇല്ലാതാക്കില്ല, മറിച്ച് നിലവിലെ ജോലികളെ കൂടുതൽ ഉന്നത നിലവാരത്തിലേക്ക് നവീകരിക്കുകയാണ് ചെയ്യുക. ഉദാഹരണത്തിന്, ഒരു കാർപെന്ററോ പ്ലംബറോ എഐ ഡിസൈൻ ടൂളുകൾ ഉപയോഗിക്കാൻ പഠിച്ചാൽ അവർക്ക് മികച്ച ഇന്റീരിയർ ഡിസൈനർമാർ കൂടിയാകാൻ സാധിക്കും. സാങ്കേതികവിദ്യയുടെ സങ്കീർണതകൾ ഒഴിവാക്കി, കൂടുതൽ ആളുകളിലേക്ക് അത് എത്തിക്കുന്നതിൽ എഐ വലിയൊരു പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുരുക്കത്തിൽ, ജോലികൾ ഇല്ലാതാകുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം മനുഷ്യർ എഐ-യെ ഒരു സൂപ്പർ പവറായി കണ്ട് തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്നാണ് എൻവിഡിയ സിഇഒ നൽകുന്ന പ്രധാന ഉപദേശം.

No comments