റഷ്യയുടെ അര്‍ബുദ വാക്‌സീന്‍; മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം..
കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനായി റഷ്യ വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം. 100 ശതമാനം കാര്യക്ഷമതയും സുരക്ഷയും വാക്‌സീന് ഉറപ്പാക്കാനായതായി റഷ്യ അവകാശപ്പെട്ടു. ഈ വാക്‌സീന്‍ പരീക്ഷിച്ച രോഗികളിലെ അര്‍ബുദ മുഴകള്‍ ചുരുങ്ങിയതായും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെന്നും അധികൃതര്‍ പറയുന്നു.
റഷ്യയുടെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മോളിക്കുലര്‍ ബയോളജിയും ചേര്‍ന്നാണ് വാക്‌സീന്‍ വികസിപ്പിച്ചത്. കോവിഡ്-19 വാക്‌സീനുകള്‍ക്ക് സമാനമായ എംആര്‍എന്‍എ സാങ്കേതിക വിദ്യ ഇതിനായി ഉപയോഗപ്പെടുത്തി. അര്‍ബുദ കോശങ്ങളെ തിരിച്ചറിയാനും ഇല്ലായ്‌മ ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഈ വാക്‌സീന്‍ പരമ്പരാഗത അര്‍ബുദ ചികിത്സയായ കീമോതെറാപ്പിയേക്കാള്‍ സുരക്ഷിതമാണെന്ന് വാക്‌സീന്‍ നിര്‍മ്മാതാക്കള്‍ പറയുന്നു.
48 കൊളോറെക്ടല്‍ കാന്‍സര്‍ രോഗികളെ പങ്കെടുപ്പിച്ചായിരുന്നു ആദ്യ ഘട്ട പരീക്ഷണം. തുടര്‍ പരീക്ഷണങ്ങള്‍ വിജയമായാല്‍ അര്‍ബുദ ചികിത്സയില്‍ കാര്യക്ഷമവും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമായ വ്യക്തിഗത ചികിത്സയ്‌ക്ക് എന്ററോമിക്‌സ് വഴി തുറക്കും. ഓരോ വ്യക്തിയുടെയും അര്‍ബുദ മുഴയുടെ ജനിതക ഘടനയെ അടിസ്ഥാനമാക്കി പേര്‍സണലൈസ് ചെയ്‌ത വാക്‌സീനാണ് എന്ററോമിക്‌സ്.