Breaking News

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസിന്റെ ഇടവേള കുറച്ചേക്കും; തീരുമാനം ഉടന്‍


ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസിന്റെ ഇടവേള കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് സൂചന. കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന വിഷയം പരിഗണനയിലാണെന്നും നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്തുമെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

45 വയസിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസിന്റെ ഇടവേള കുറച്ചേക്കാമെന്ന് അടുത്തിടെ കേന്ദ്ര കോവിഡ് വാക്‌സിനേഷന്‍ പാനല്‍ ചെയര്‍മാനായ ഡോ എന്‍കെ അറോറ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോവിഷീല്‍ഡിന്റെ ഇടവേള കേന്ദ്രം ഉടന്‍ കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

നിലവില്‍ 12 മുതല്‍ 16 ആഴ്ച വരെയാണ് കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള. നേരത്തെ രാജ്യത്ത് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചപ്പോള്‍ നാല് മുതല്‍ ആറ് ആഴ്ച വരെയായിരുന്നു കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള. ഇതു പിന്നീട് നാല് മുതല്‍ എട്ട് ആഴ്ച വരെയാക്കി ഉയര്‍ത്തി. വിദഗ്ധ സമിതി നിര്‍ദേശപ്രകാരമാണ് ഏറ്റവും ഒടുവില്‍ ഇടവേള 12-16 ആഴ്ചയാക്കി ഉയര്‍ത്തിയത്.

വാക്‌സിന്റെ ഫലപ്രാപ്തി വര്‍ധിക്കുമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചതെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാല്‍ രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ ഡോസുകളുടെ ഇടവേള ഉയര്‍ത്തിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള 84 ദിവസമാക്കിയത് വാക്‌സിന്‍ ക്ഷാമം കൊണ്ടല്ലെന്നും ഫലപ്രാപ്തിക്ക് വേണ്ടിയാണെന്നും വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇടവേള കുറച്ചേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്.

No comments