Featured Posts

Breaking News

നിങ്ങളുടെ ജോലിയില്‍ എ പ്ലസ് നേടാന്‍ കഴിഞ്ഞിട്ടുണ്ടോ? പരിശോധിക്കാം..


പ്രഫഷനലായി ജോലി ചെയ്യുന്നവരെയും കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്നവരെയാണ്‌ ഇന്ന്‌ ഏതു തൊഴില്‍ സ്ഥാപനത്തിനും ആവശ്യം. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് എ പ്ലസ് നേടാന്‍ കഴിഞ്ഞിട്ടുണ്ടോ? പരിശോധിക്കാം.  നിങ്ങള്‍ പ്രഫഷനലായ സമീപനമാണോ സ്വീകരിക്കുന്നത്‌ എന്നറിയാന്‍ ഇനി പറയുന്ന ഒന്‍പത്‌ ശീലക്കേടുകള്‍ നിങ്ങള്‍ക്കുണ്ടോ എന്നു പരിശോധിച്ചാല്‍ മതിയാകും. 

1. അമിത സംസാരം
വെറുതേ ബ്ലാ...ബ്ലാ... ബ്ലാ എന്ന്‌ സംസാരിച്ചുകൊണ്ടിരിക്കുന്നതും എല്ലാവരോടും സ്വന്തം വ്യക്തിപരമായ പ്രശ്‌നങ്ങള്‍പങ്കുവച്ചു കൊണ്ടിരിക്കുന്നതും പ്രഫഷനലിസത്തിന്റെ അഭാവമായാണ്‌ കണക്കാക്കുന്നത്‌. നിരന്തരം പരാതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും ഇതിന്റെ മറ്റൊരു സൂചനയാണ്‌. കുറച്ചു സംസാരം കൂടുതല്‍ ജോലി എന്ന നയമാകും തൊഴിലിടത്തില്‍ അനുയോജ്യം.

2. സന്ദേശങ്ങളോട്‌ വൈകി പ്രതികരിക്കുന്നത്‌
ജോലിസംബന്ധമായ ഒരു സന്ദേശം വായിച്ചിട്ടും അതിനോട്‌ സമയത്തിനു പ്രതികരിക്കാതിരിക്കുന്നത്‌ പ്രഫഷനല്‍ അല്ലാത്തതിന്റെ ലക്ഷണമാണ്‌. സംഭാഷണങ്ങള്‍ അപൂർണമായി അവശേഷിപ്പിച്ചു എഴുന്നേറ്റു പോകുന്നതും ഇടയ്‌ക്കിടെ തൊഴില്‍സ്ഥലത്തു നിന്ന്‌ കാണാതാകുന്നതും അത്ര പ്രഫഷനല്‍ സമീപനമല്ല. കൃത്യമായ മറുപടി ചിലപ്പോള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കൂടി സന്ദേശം ലഭിച്ച വിവരം മറുവശത്തുള്ളയാളെ അറിയിക്കണം.

3. എല്ലാറ്റിനോടും യെസ്‌ പറയല്‍
ആരെന്തു ജോലി കൊടുത്താലും അത്‌ കയറി ഏറ്റെടുക്കും. എന്നിട്ട്‌ ചെയ്യേണ്ട ടാസ്‌കുകള്‍ കൂമ്പാരമാക്കിയിട്ട്‌ ഒന്നും സമയത്തിനു പൂര്‍ത്തീകരിക്കാനാവാതെ വിഷമിക്കും. ഇത്തരത്തില്‍ എല്ലാറ്റിനോടും യെസ്‌ പറയുന്നത്‌ നിങ്ങളുടെ ഉൽപാദനക്ഷമതയെ ബാധിക്കും. നിങ്ങളുടെ സമയവും ഊര്‍ജവും കയ്യിലുള്ള ജോലികളുടെ അളവും വിലയിരുത്തി മാത്രമേ പുതിയ പണികള്‍ പിടിക്കാവൂ. ഇല്ലെങ്കില്‍ അത്‌ നിങ്ങളെക്കുറിച്ച്‌ നെഗറ്റീവ്‌ ഇമേജ്‌ തൊഴിലിടത്തില്‍ സൃഷ്ടിക്കും.

4. അത്യന്തം വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്‌ക്കല്‍
നിങ്ങളുടെ ജീവിതത്തിലെ അതിസൂക്ഷ്‌മമായ വിശദാംശങ്ങള്‍ പോലും തൊഴിലിടത്തില്‍ വന്ന്‌ വിളമ്പുന്നതും തീരെ പ്രഫഷനൽ അല്ലാത്ത സമീപനമാണ്‌. ചുറ്റുമിരിക്കുന്നവരെ അസ്വസ്ഥരാക്കുന്ന വിശദാംശങ്ങളും പങ്കുവയ്‌ക്കാന്‍ ശ്രമിക്കരുത്‌. വ്യക്തിഗത സംഭാഷണങ്ങള്‍ പരിമിതപ്പെടുത്തുന്നതാകും തൊഴിലിടത്തില്‍ അനുയോജ്യം.

5. അലങ്കോലമായ വര്‍ക്ക്‌ സ്‌പേസ്‌
നിങ്ങള്‍ ഇരുന്ന്‌ ജോലി ചെയ്യുന്ന ഇടം വാരിവലിച്ച്‌ അലങ്കോലമാക്കി ഇടുന്നതും പ്രഷനലിസത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. എല്ലാ ദിവസവും കുറഞ്ഞത്‌ അഞ്ചു മിനിറ്റ് ജോലി ചെയ്യാന്‍ ഇരിക്കുന്ന സ്ഥലം അടുക്കിപ്പെറുക്കി വൃത്തിയാക്കി വയ്‌ക്കാന്‍ ഉപയോഗിക്കുക.

6. എപ്പോഴും പരാതി
തൊട്ടതിനും പിടിച്ചതിനുമെല്ലാം പരാതി പറയുന്നവര്‍ ജോലിസ്ഥലത്ത്‌ ഉണ്ടാക്കുന്നത്‌ നെഗറ്റീവ്‌ വൈബുകള്‍ മാത്രമാണ്‌. പ്രശ്‌നങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കാതെ പരിഹാരങ്ങള്‍ തേടുക. ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതിനുള്ള പരിഹാരത്തെക്കുറിച്ചു കൂടി ചിന്തിക്കുക. ചുമ്മാ പരാതി പറയുന്ന യന്ത്രമായി മാറരുതെന്ന്‌ ചുരുക്കം.

7. വൈകി വരുന്നത്‌
ജോലിക്കും മീറ്റിങ്ങുകള്‍ക്കുമെല്ലാം വൈകി വരുന്നതും പ്രഫഷനല്‍ അല്ലാത്തവരുടെ ലക്ഷണമാണ്‌. സമയത്തിനെത്താന്‍ വേണ്ടി എപ്പോഴും ഒരു 10 മിനിറ്റ് മുന്‍പു തന്നെ വീട്ടില്‍നിന്നിറങ്ങുക. ഇത്‌ നിങ്ങളുടെ സമ്മർദം കുറയ്‌ക്കാനും സഹായിക്കും.

8. എല്ലാറ്റിനു ഒഴിവുകഴിവുകള്‍ പറയുന്നത്‌
തെറ്റുകള്‍ അംഗീകരിക്കാതെ ഒഴിവുകഴിവുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും പ്രഫഷനല്‍ അല്ലാത്തവരുടെ സ്ഥിരം സ്വഭാവമാണ്‌. നാളെ നാളെ എന്നു പറഞ്ഞു കൊണ്ട്‌ ഡെഡ്‌ലൈനുകള്‍ നീട്ടി വയ്‌ക്കുന്നതും തൊഴിലിടത്തിലെ നിങ്ങളുടെ സൽപേരിനെ ബാധിക്കാം.

9. മോശം ആശയവിനിമയം
ഒരു ജോലിസ്ഥലത്ത്‌ ചുറ്റുമുള്ളവരോട്‌ മര്യാദയ്‌ക്കു വര്‍ത്തമാനം പറയുക എന്നത്‌ ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്‌. പ്രായവും പദവിയും സമയവും സാഹചര്യവും നോക്കാതെ ബ്രോ, അളിയാ, മച്ചമ്പി, ഡ്യൂഡ്‌ എന്നെല്ലാം പ്രയോഗിക്കുന്നത്‌ അങ്ങേയറ്റത്തെ പ്രഫഷനലിസം ഇല്ലായ്‌മയാണ്‌. സന്ദേശങ്ങള്‍ അയക്കുമ്പോഴും വ്യക്തമായി, പ്രഫഷനലായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ശ്രദ്ധിക്കുക.

മുകളില്‍ കൊടുത്ത 9 കാര്യങ്ങളില്‍ എത്ര കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെന്ന് കണ്ടെത്തൂ.. ഓരോന്നിനും 10 മാര്‍ക്ക് വീതം നല്‍കാം. മാര്‍ക്ക് കൂടുന്നതിനനുസരിച്ച് നിങ്ങള്‍ ജോലിയില്‍
പ്രഫഷനല്‍ അല്ലെന്ന് മനസ്സിലാക്കാം.

No comments