ഉമ തോമസിന്റെ ഭൂരിപക്ഷം 25000 കടന്നു; ബഹുദൂരം മുന്നിൽ; ചിത്രത്തിലില്ലാതെ ഇടതുപക്ഷം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. 10,234 വോട്ടിനാണ് ഉമ തോമസ് മുന്നിലുള്ളത്. ആറാം റൗണ്ട് വോട്ടെണ്ണലാണ് പൂർത്തിയാകുന്നത്. മുഴുവന്‍ വോട്ടും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകൾ എണ്ണും.
14,329 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.ടി. തോമസിന് ലഭിച്ചത്. ഇതിനെ മറികടക്കുമോ ഉമ തോമസിന്റെ ഭൂരിപക്ഷം എന്നത് മാത്രമാണ് ഇനി കാത്തിരിക്കാനുള്ളത്. ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാൽ വിജയിക്കുന്ന സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നായിരുന്നു ഇരു മുന്നണിയുടെയും വിലയിരുത്തൽ.
എന്നാൽ, യു.ഡി.എഫിന്റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്. ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന എൽ.ഡി.എഫിന്റെ സ്വപ്നം ഏറെക്കുറെ അസ്തമിച്ചുകഴിഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 15,483 വോട്ടുകളിൽനിന്നുള്ള വർധന മാത്രമാണ് ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന്റെ ലക്ഷ്യം.