സ്വര്‍ണം കുതിക്കുന്നു, ലക്ഷത്തിലേക്ക് ചെന്നെത്തും...
കഴിഞ്ഞ 50 വർഷത്തിൽ ലോകത്തിൽ ഏറ്റവും അധികം വിലക്കയറ്റം ഉണ്ടായ വസ്തുക്കളിൽ പ്രധാനപ്പെട്ടതാണു സ്വർണം. 1973ൽ കേരളത്തിൽ ഒരു പവന്റെ വില 220 രൂപയായിരുന്നു. വില 190 മടങ്ങ് വർധിച്ചു. 19000 ശതമാനത്തിന്റെ വർധന. 1973ൽ 24 കാരറ്റ് തങ്കക്കട്ടിയുടെ വില കിലോഗ്രാമിന് 27,850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപ. 21000 ശതമാനം വർധന. 1971ൽ പണപ്പെരുപ്പം തടയാനായി സ്വർണത്തിന് പകരമായി അമേരിക്ക ഡോളറിനെ ലോക കറൻസിയായി പ്രഖ്യാപിക്കുമ്പോൾ ഒരു ഔൺസിന്റെ വില 35 ഡോളർ. 55 മടങ്ങ് വില വർധിച്ച് ഇപ്പോൾ 1935 ഡോളർ. വർധന 16500 ശതമാനം. ഇങ്ങനെ റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് കുതിക്കുകയാണു സ്വർണം. രാജ്യാന്തര വിപണിയിൽ വില ഉയരുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും കാണുന്നത്.
സ്വർണവിലയിൽ ഉടനയെങ്ങാനും കുറവു പ്രതീക്ഷിക്കേണ്ടതുണ്ടോ? വില ഇക്കണക്കിനു പോയാൽ എവിടെ വരെയെത്തും? നികുതി കുറച്ച് വില കുറയ്ക്കാനുള്ള നടപടി ബജറ്റിലുണ്ടാകുമോ? സ്വർണം വിൽക്കാനുള്ള സമയമായോ? തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കാം.
1925 ൽ 13.75 രൂപയായിരുന്ന സ്വർണ വില 1930 ആയപ്പോഴേക്കും 13.57 രൂപയിലേക്കു കുറയുകയാണുണ്ടായത്. എന്നാൽ 5 വർഷംകൊണ്ട് വില കുതിച്ചുയർന്നു. 22.65 രൂപയിലേക്ക് എത്തി. 1950 ആയപ്പോഴേക്കും സ്വർണവില പവന് 72 രൂപയായി. പിന്നീട് 58 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞെങ്കിലും അറുപതുകളുടെ തുടക്കത്തിൽ തന്നെ വില 82 രൂപയായി. 65 ൽ വില 90 രൂപയായി. 1770 ൽ സ്വർണവില 135 രൂപയിലേക്ക് എത്തി. എന്നാൽ പിന്നീട് 10 വർഷം കൊണ്ട് വില 1000 കടന്നു. 1985 ൽ ഒരു പവന്റെ വില 1573 രൂപയായി. 1990 ൽ വില 2500 രൂപയായി. പിന്നീട് വളരെ വേഗത്തിലാണ് വില ഉയർന്നത് 1995 ൽ ഒരു പവന്റെ വില 3500 രൂപ കടന്നു. 1996 ൽ ഇത് 3750 കടന്നു. പിന്നീട് സ്വർണവിലയിൽ കാര്യമായ ഇടിവു നേരിട്ടു. 1998 ൽ 2990 രൂപയായി വില കുറഞ്ഞു. എന്നാൽ അതിവേഗം സ്വർണവില തിരിച്ചുകയറി.
1999 ൽ 3100 രൂപയായി. 2000 ൽ 3200 രൂപ കടന്നു. 2001 ൽ 3070 നിലവാരത്തിലേക്ക് ഇടിഞ്ഞെങ്കിലും 2002 ൽ 3670 ലേക്ക് കുതിച്ചുയർന്നു. 2004 ആയപ്പോഴേക്കും 4500 രൂപയായി ഒരു പവന്റെ വില. എന്നാൽ 2006 ൽ 6300 രൂപയിലേക്കാണ് സ്വർണവില കുതിച്ചുയർന്നത്. 2007 മാർച്ചിൽ വില 6800 രൂപയായിരുന്നെങ്കിൽ 2008 ൽ 8890 രൂപയായി. 2009ൽ വില പവന് 10000 രൂപയെന്ന നിർണായക നിലവാരം കടന്നു. 2010 ൽ 11250 രൂപയായി വില ഉയർന്നു. 2011 മാർച്ചിൽ 15,560 രൂപയായി. 2012 മാർച്ച് ആയപ്പോഴേക്കും പവന് 20,000 എന്ന നിർണായക നിലവാരം കടന്ന് സ്വർണം മുന്നേറി. 2013ൽ 22250 രൂപയായി വില ഉയർന്നു.
തുടർന്ന് വിലയിൽ നേരിയ ഇടിവു നേരിട്ടു. 2015 മാർച്ചിൽ സ്വർണവില 19000 നിലവാരത്തിലേക്ക് തിരിച്ചെത്തി. 1720 എന്ന 10 വർഷത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയതും 2015 ൽ ആണ്. 2016 മുതൽ 2019 ന്റെ അവസാനം വരെ സ്വർണവിലയിൽ കാര്യമായ ചലനങ്ങളുണ്ടായില്ല. 20000–23000 നിലവാരത്തിൽ മൂന്നു വർഷത്തോളം വില തുടർന്നു. എന്നാൽ 2019 ന്റെ അവസാനത്തോടെ സ്വർണവില ഉയർന്നു തുടങ്ങി. 2019 മാർച്ചിൽ 23720 രൂപയായിരുന്ന സ്വർണം ഡിസംബറിൽ 29000 നിലവാരത്തിലേക്കു കുതിച്ചു. 2020 ന്റെ ആദ്യം തന്നെ 30000 രൂപയെന്ന നിലവാരവും മറികടന്നു. പിന്നീട് കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ ലോക്‌ഡൗണും സാമ്പത്തിക അസ്ഥിരതയും സ്വർണത്തിന്റെ ഡിമാൻഡ് വൻതോതിൽ കൂട്ടി. വലിയ സാമ്പത്തിക പ്രതിസന്ധി ലോകമാകെ നേരിട്ടപ്പോൾ വൻകിട നിക്ഷേപകർ സുരക്ഷിത സ്വർഗമെന്ന നിലയിൽ സ്വർണത്തിൽ അഭയം തേടി.
വൻകിടക്കാർ സ്വർണം വാങ്ങിക്കൂട്ടിയതോടെ ഡിമാൻഡ് കുത്തനെ ഉയർന്നു. ഡിമാൻഡ് ഉയർന്നപ്പോൾ വിലയും ഉയർന്നു. 2020 ഓഗസ്റ്റ് 7 ന് 42,000 രൂപയിലേക്ക് സ്വർണവില കുതിച്ചുയർന്നു. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില (ട്രോയ് ഔൺസ്–31.1 ഗ്രാം സ്വർണം) വില എക്കാലത്തെയും ഉയർന്ന നിരക്കായ 2077 ഡോളറായി. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ നിന്നു ലോകം തിരിച്ചു വന്നപ്പോൾ സ്വർണവിലയിലും കാര്യമായ തിരുത്തലുകളുണ്ടായി. 2021 മാർച്ച് ആയപ്പോഴേക്കും വില 32880 രൂപയെന്ന നിലവാരത്തിലേക്കു കുറഞ്ഞു. 2022 ഫെബ്രുവരിയിൽ റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോഴാണ് വില വീണ്ടും കേരളത്തിൽ 40000 രൂപ കടന്നത്. യുദ്ധത്തെത്തുടർന്നുണ്ടായ മാന്ദ്യ ഭീഷണിയാണ് ഇപ്പോൾ വില ഉയർത്തുന്നത്. യുദ്ധം പണപ്പെരുപ്പം രൂക്ഷമാക്കി. പണപ്പെരുപ്പം കുറയ്ക്കാൻ കേന്ദ്ര ബാങ്കുകളൊന്നാകെ പലിശ ഉയർത്തൽ നടപടികളിലേക്കു കടന്നു. സ്വർണമാണു സുരക്ഷിത നിക്ഷേപമെന്ന ചിന്ത വൻകിട നിക്ഷേപകരിൽ വീണ്ടും ഉടലെടുക്കാൻ സാമ്പത്തിക അസ്ഥിരാവസ്ഥയും മുരടിപ്പും കാരണമാകുന്നുണ്ട്.
വില ഉയർത്തുന്നതെന്ത്?
ഡോളർ ദുർബലമാകുന്നതാണ് രാജ്യാന്തര വിപണിയിൽ ഇപ്പോൾ ഏറ്റവും ശക്തമായി സ്വർണവിലയെ സ്വാധീനിക്കുന്നത്. പലിശ ഉയർത്തലിന്റെ വേഗം കുറയ്ക്കുമെന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം ഡോളറിനെ ദുർബലമാക്കി. ഫെഡറൽ റിസർവ് അതിവേഗം പലിശ നിരക്കുകൾ ഉയർത്തിയതോടെ ഡോളർ കരുത്തുകാട്ടിയിരുന്നു. എന്നാൽ വിലപ്പെരുപ്പത്തിൽ നേരിയ ആശ്വാസമുണ്ടായതോടെ ഇനി പലിശ ഉയർത്തലിന്റെ വേഗം അൽപമൊന്നു കുറച്ചേക്കുമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കി. ഇതാണ് ഡോളറിനെ ദുർബലമാക്കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഡോളർ ഇൻഡെക്സിൽ 15 ശതമാനം ഇടിവു നേരിട്ടു. ഡോളറിന്റെ മൂല്യത്തകർച്ച നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് ആകർഷിച്ചു. കഴിഞ്ഞ ദിവസം 1940 ഡോളറിലേക്കാണ് രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നത്. നേരിയ ആശ്വാസമുണ്ടെങ്കിലും ഉയർന്ന പണപ്പെരുപ്പം സ്വർണവില ഉയരാനുള്ള കാരണമായി തുടരുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പം സാമ്പത്തിക മാന്ദ്യത്തിന്റെ പ്രകടമായ സൂചനയാണ്. മാന്ദ്യഭീതിയിൽ പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ സ്വർണ കരുതൽ ശേഖരത്തിന്റെ തോത് കൂട്ടുന്നുണ്ട്. ഇത്തരത്തിൽ വലിയ അളവിൽ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് സ്വർണത്തിന്റെ ഡിമാൻഡ് ഉയരാനും അതുവഴി വില ഉയരാനും കാരണമാകുകയാണ്.
വില കൂട്ടുന്നത് രൂപയുടെ തളർച്ചയും
രാജ്യാന്തര വില റെക്കോർഡിലെത്താതിരുന്നിട്ടും രാജ്യത്തു സ്വർണവില പുതിയ റെക്കോർഡിലെത്താനുള്ള കാരണം ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയാണ്. 2020ൽ സ്വർണവില 42000 രൂപയായപ്പോൾ രാജ്യാന്തരവിപണിയിൽ സ്വർണവില 2077 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു. എന്നാൽ അന്ന് അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 74 ആയിരുന്നു. എന്നാൽ, ഇപ്പോൾ 1935 ഡോളർ നിലവാരത്തിലേക്ക് രാജ്യാന്തര വിപണിയിലെ വില കടക്കുമ്പോൾ സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് മറികടന്നു. രൂപയുടെ മൂല്യം 81.60 ആയി കുറഞ്ഞതാണ് ഇതിന്റെ കാരണം. ഇതിനിടെ 83.30 നിലവാരത്തിലേക്ക് രൂപ ഇടിഞ്ഞെങ്കിലും 2 രൂപയോളം തിരിച്ചുകയറി. രാജ്യാന്തര വിപണിയിലെ സ്വർണവിലയും രൂപയുടെ വിനിമയ നിരക്കും കണക്കിലെടുത്താണ് ദിവസവും ആഭരണ വിപണിയിൽ വില നിശ്ചയിക്കുന്നത്.
കച്ചവടം കുറഞ്ഞു, വിൽക്കുന്നവർ കൂടി
സ്വർണവില റെക്കോർഡ് ഭേദിച്ചു മുന്നേറിയതോടെ ആഭരണവിപണിയിൽ കച്ചവടം കുത്തനെ കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. അതേസമയം ഉയർന്ന വില ലഭിക്കുമെന്നതിനാൽ പഴയ സ്വർണം മാറ്റിവാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. രണ്ട് പവൻ പൊന്നു വാങ്ങാൻ ഒരു ലക്ഷം രൂപയ്ക്കടുത്തു ചെലവു വരുമെന്നതിനാൽ വിവാഹപ്പാർട്ടികൾ പോലും വാങ്ങുന്ന സ്വർണത്തിന്റെ അളവു ഗണ്യമായി കുറച്ചിട്ടുണ്ട്. ചടങ്ങുകൾക്കും മറ്റുമായി സ്വർണം വാങ്ങുന്നവരും പഴയ സ്വർണം മാറ്റി വാങ്ങുകയാണു ചെയ്യുന്നതെന്നും വ്യാപാരികൾ പറയുന്നു.
ഒരു പവൻ ആഭരണത്തിന് 56000 രൂപ
സ്വർണവില പവന് 56000 രൂപ എത്തിയതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങാൻ ഏതാണ്ട് 60,000 രൂപയോളം ഉപയോക്താക്കൾ നൽകണം. 5 ശതമാനം പണിക്കൂലിയിൽ ഒരു പവന്റെ ആഭരണം വാങ്ങാനുള്ള നിരക്കാണിത്. 2124 രൂപയാണ് നിലവിലെ വിലയിൽ 5 ശതമാനം പണിക്കൂലി. പണിക്കൂലി കൂടി ഉൾപ്പെട്ട തുകയുടെ 3 ശതമാനം ജിഎസ്ടിയുമുണ്ട്. ഇത്തരത്തിൽ 42160 രൂപ പവനു വിലയുള്ളപ്പോൾ 1338 രൂപയാണ് ജിഎസ്ടി. ഇങ്ങനെ ആഭരണത്തിന്റെ വില 45942 രൂപയാകും.
പണിക്കൂലി കൂടുന്നതിനനുസരിച്ച് വില ഉയരും. ഡിസൈനർ ആഭരണങ്ങൾ, ആന്റിക് ആഭരണങ്ങൾ, വൈറ്റ് ഗോൾഡ്, റോസ് ഗോൾഡ് തുടങ്ങിയവ ചേർന്നുള്ള ആഭരണങ്ങൾ, സിംഗപ്പൂർ ഡിസൈനർ ആഭരണങ്ങൾ തുടങ്ങിയവയൊക്കെയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ ഒരു പവന്റെ ആഭരണം വാങ്ങാൻ 60,000 രൂപ മതിയാകാതെ വരും.
വില കുറയുമോ
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണവില തുടർച്ചയായി ഉയരുകയാണ്. വിലയിൽ ചെറിയ തോതിലുള്ള തിരുത്തലുകളുണ്ടാകുന്നുണ്ടെങ്കിലും കാര്യമായ ഇടിവുകൾ സംഭവിക്കുന്നില്ല. അതിനാൽ സമീപഭാവിയിൽത്തന്നെ സ്വർണവിലയിൽ ഇടിവുണ്ടായേക്കാമെന്നു പ്രതീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. അതേസമയം വിലയിൽ കാര്യമായ കുറവുണ്ടാകില്ലെന്ന സൂചനകളും വിപണിയിൽ നിന്നു ലഭിക്കുന്നുള്ളതിനാൽ കേന്ദ്ര ബജറ്റിൽ നികുതി കുറയ്ക്കുമെന്നും അതുവഴി വില കുറയുമെന്നും പ്രതീക്ഷിക്കുന്നവർ ഏറെയാണ്. നിലവിൽ 12.5 ശതമാനമാണ് സ്വർണം ഇറക്കുമതിക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ.
കൃഷി മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസന സെസ് 2.5% ഇതിനു പുറമെയാണ്. കറന്റ് അക്കൗണ്ട് കമ്മി കുറയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കഴിഞ്ഞ വർഷം തീരുവ വർധിപ്പിച്ചത്. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം ഇറക്കുമതി 706 ടണ്ണായി കുറഞ്ഞു. മുൻവർഷം 1068 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. കള്ളക്കടത്തു കുറയ്ക്കാനായാണ് നികുതി വർധിപ്പിച്ചതെങ്കിലും കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഏതാണ്ട് 200 ടൺ സ്വർണമെങ്കിലും കള്ളക്കടത്തായി രാജ്യത്തെത്തിയിട്ടുണ്ട്. 3 ശതമാനം ജിഎസ്ടി കൂടിയാകുമ്പോൾ 18 ശതമാനം നികുതി നൽകി വേണം ഇറക്കുമതി ചെയ്യാൻ. കിലോഗ്രാമിന് 8 ലക്ഷത്തോളം രൂപ നികുതിയാകും. കള്ളക്കടത്തു കൂടാനുള്ള കാരണമിതാണ്. നികുതി കുറയ്ക്കണമെന്ന് പതിവു പോലെ വാണിജ്യ മന്ത്രാലയവും വ്യാപാരി സമൂഹവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി വർധനകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനാൽ വീണ്ടും 10 ശതമാനത്തിലേക്കോ, 7.5 ശതമാന്തതിലേക്കോ തീരുവ കുറയ്ക്കാനുള്ള തീരുമാനം ഒരു പക്ഷേ, ധനമന്ത്രി സ്വീകരിച്ചേക്കും. അങ്ങനെയെങ്കിൽ സ്വർണവിലയിൽ ആനുപാതിക കുറവുണ്ടാകും.
ആഭരണ കയറ്റുമതി കഴിഞ്ഞ മാസം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. കയറ്റുമതി കൂടാനും നികുതി കുറയ്ക്കേണ്ടതുണ്ട്. രൂപയുടെ മൂല്യം മെച്ചപ്പെട്ടാലും സ്വർണവിലയിൽ ചെറിയ തോതിൽ കുറവുണ്ടാകും. രാജ്യാന്തര വിപണിയിൽ ചെറിയ തോതിലുള്ള തിരുത്തലുകളുണ്ടാകുകയും നികുതിയിളവു ലഭിക്കുകയും ചെയ്താൽ വില ഏതാണ്ട് പവന് 40000 രൂപയിലേക്കെത്തിയേക്കും.
വില കൂടാനുള്ള സാധ്യതകൾ
മാന്ദ്യ സാധ്യത നിലനിൽക്കുന്നതും യുദ്ധം തുടരുന്നതും പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാത്തതുമെല്ലാം സ്വർണവില ഉടനെങ്ങും കുറയില്ലെന്ന സൂചനയാണു നൽകുന്നത്. ദേശീയ ബുള്യൻ വിപണിയിൽ 10 ഗ്രാമിന്റെ വില ഈ വർഷം തന്നെ 70000–85000 നിലവാരത്തിലേക്കെത്തുമെന്നും പ്രവചനങ്ങളുണ്ട്. രാജ്യാന്തര വില 1960– 2000 ഡോളറിലേക്ക് ഉയരുമെന്നും വിദഗ്ധർ പ്രവചിക്കുന്നുണ്ട്. രൂപയുടെ മൂല്യം 80 നു മുകളിൽ തുടരുകയും രാജ്യാന്തര വിപണിയിൽ സ്വർണവില 2000 ഡോളർ കടന്നു മുന്നേറുകയും ചെയ്താൽ കേരളത്തിൽ വില 100,000 രൂപ കടക്കും.