സ്വർണം പൊട്ടിക്കലിൽ ശശിക്കും പങ്ക്; ഇ.എം.എസിനെ പോലെ ഞാനും പഴയ കോൺഗ്രസുകാരൻ - മുഖ്യമന്ത്രിക്ക് മറുപടിയുമായി അൻവർ
മലപ്പുറം: സ്വർണം പൊട്ടിക്കലിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും പങ്കുണ്ടെന്ന് ആരോപിച്ച് പി.വി. അൻവർ എം.എൽ.എ. സ്വർണക്കടത്തിലെ പങ്ക് ശശിക്ക് ലഭിക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്തണം. ശശിയെ മുഖ്യമന്ത്രിക്ക് വലിയ വിശ്വാസമായിരിക്കും. എന്നാൽ തനിക്ക് അദ്ദേഹത്തെ വിശ്വാസമില്ല. ശശിയുടെ അടുത്ത് പോകുന്നത് വ്യക്തിപരമായ കാര്യങ്ങൾക്കല്ലെന്നും അൻവർ വ്യക്തമാക്കി. സ്വർണം പൊട്ടിക്കലിന്റെ പങ്കുപറ്റുന്നത് കൊണ്ടാകും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നത്. പി. ശശിയുടെ പ്രവർത്തനം ഒരിക്കലും മാതൃകാപരമല്ല. ശശിക്ക് ചില പ്രത്യേക അജണ്ടകളുണ്ട്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് പി. ശശിയാണെന്നും അൻവർ ആരോപിച്ചു.
താൻ സ്വന്തം വീട്ടിലെ കാര്യത്തിന് ഇറങ്ങിത്തിരിച്ചതല്ലെന്നും നാട്ടിലെ അടുത്ത തലമുറക്കെങ്കിലും ഇവിടെ ജീവിക്കണമെന്ന സാഹചര്യമുണ്ടാകാനാണ് താൻ പോരാടുന്നതല്ലെന്നും അൻവർ വ്യക്തമാക്കി. തന്നെ ഒരു ചുക്കും ആരും ചെയ്യില്ലെന്നും അൻവർ വെല്ലുവിളിച്ചു. പൊലീസിൽ നടക്കുന്നത് സമാന്തര ഭരണമാണ്. മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കുന്നതാണ് കൂടെയുള്ളവർ. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ തിരുത്താനാവില്ല. തെറ്റിദ്ധരിപ്പിച്ചവർ തന്നെ അദ്ദേഹത്തെ തിരുത്തട്ടെയെന്നും അൻവർ പറഞ്ഞു.
താൻ പഴയ കോൺഗ്രസുകാരനാണെന്ന് പറഞ്ഞ അൻവർ ഇ.എം.എസും പഴയ കോൺഗ്രസുകാരനായിരുന്നല്ലോഎന്നും അതിലെന്താണ് കുഴപ്പമെന്നും ചോദിച്ചു. കോൺഗ്രസ് പശ്ചാത്തലമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അൻവർ. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ മറ്റ് വഴികൾ മുന്നിലുണ്ടെന്നും അൻവർ തുറന്നടിച്ചു.