Featured Posts

Breaking News

സ്‌കൂട്ടര്‍ തട്ടിപ്പ്: ഇരയായവരില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരും..


കല്പറ്റ: പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ ഇരയായി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരും. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് താത്കാലിക പുനരധിവാസത്തിൽ കഴിയുന്നവരോട് പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. സന്നദ്ധസംഘടനകളിൽനിന്നും സുമനസ്സുകളിൽനിന്നുമെല്ലാം സഹായമായി കിട്ടിയ തുകയാണ് ദുരന്തബാധിതർ സ്കൂട്ടർ വാങ്ങാനായി നൽകിയത്. മൂന്നുമാസംമുൻപാണ് ഭാര്യയുടെപേരിൽ സ്കൂട്ടർ വാങ്ങാനായി 65,000 രൂപ നൽകിയതെന്നും ഇപ്പോൾ പലയിടങ്ങളിൽനിന്നും പരാതികൾ ഉയർന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ദുരന്തബാധിതനായ ചൂരൽമല സ്വദേശി സി.എൻ. പ്രവീൺ പറഞ്ഞു.

ഉരുൾപൊട്ടലിൽ പ്രവീണിന് വീടുൾപ്പെടെ നഷ്ടമായി. താത്കാലികപുനരധിവാസത്തിൽ പ്രവീണും കുടുംബവും വാഴവറ്റിയിലാണ് താമസിക്കുന്നത്. മേപ്പാടിയിൽ പെയ്ന്റിങ് ജോലിക്ക് പോകാനാണ് സ്കൂട്ടർ ബുക്ക്ചെയ്തതെന്നും അപേക്ഷയും പണമിടപാടുമെല്ലാം സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രം മുഖാന്തരമായതിനാൽ സംശയം തോന്നിയില്ലെന്നും പ്രവീൺ പറഞ്ഞു. ജോലിക്ക്‌ പോകാനും മറ്റുമായാണ് ദുരന്തബാധിതരിൽ പലരും സ്കൂട്ടർ വാങ്ങാനായി പണം നൽകിയത്. ദുരന്തബാധിതരിൽ പത്തിലധികം കുടുംബങ്ങൾ തട്ടിപ്പിനിരയായെന്നാണ് സൂചന. എന്നാൽ പലരും പരാതിപ്പെടാൻ തയ്യാറായിട്ടില്ല.

സ്കൂട്ടറും ഗൃഹോപകരണങ്ങളും പാതിവിലയ്ക്ക് നൽകാമെന്നുപറഞ്ഞ് കബളിപ്പിക്കപ്പെട്ടവരുടെ പരാതികൾ ജില്ലയിലും കൂടിവരുകയാണ്. കല്പറ്റ പോലീസ് സ്റ്റേഷനിൽ മൂന്ന്‌ പരാതികളാണ് ഇതുവരെ ലഭിച്ചത്.

മാനിക്കുനിയിലെ അക്ഷയ കേന്ദ്രം തുറക്കാൻ അനുവദിക്കാതെ പ്രതിഷേധവുമായി തട്ടിപ്പിന് ഇരയായ വനിതകൾ. വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് ഇരകളും ബന്ധുക്കളുമടക്കം അറുപതോളംപേർ ബത്തേരി മാനിക്കുനി അക്ഷയ കേന്ദ്രത്തിന് മുന്നിലെത്തിയത്.

ഇവർ പണമടച്ചത് ഈ അക്ഷയ കേന്ദ്രം മുഖേനയായിരുന്നു. മുഖ്യസൂത്രധാരൻ അനന്തു കൃഷ്ണൻ കഴിഞ്ഞദിവസം അറസ്റ്റിലായതോടെയാണ് ഇവർ പ്രതിഷേധവുമായി എത്തിയത്. മാനിക്കുനി കേന്ദ്രം നടത്തുന്നയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വീട്ടിൽ അന്വേഷിച്ചപ്പോളും കണ്ടെത്താനായില്ല.

തുടർന്നാണ് കേന്ദ്രത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്. സ്ഥാപനം തുറക്കാൻ അനുവദിക്കാതിരുന്നതോടെ ബത്തേരി പോലീസെത്തുകയും ഇരകളോട് പരാതി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പണം തിരികെ ലഭിക്കണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം.

No comments