Featured Posts

Breaking News

ബംഗളുരുവില്‍ ടെക് കമ്പനികള്‍ക്ക് ഫണ്ടിംഗ് കുറയുന്നു; പുതു സംരംഭങ്ങള്‍ക്ക് തിരിച്ചടി


ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗില്‍ വര്‍ധന കാണുമ്പോഴും ടെക് നഗരമായ ബംഗളുരുവില്‍ കമ്പനികളെ തേടി ഫണ്ടിംഗ് കമ്പനികള്‍ എത്തുന്നത് കുറയുന്നു. ഗവേഷണ സ്ഥാപനമായ ട്രാക്‌സെനിന്റെ കര്‍ണാടക ടെക് ഫണ്ടിംഗ് റിപ്പോര്‍ട്ട്.

 പ്രകാരം സംസ്ഥാനത്തെ ടെക് കമ്പനികള്‍ക്കുള്ള ഫണ്ടിംഗ് ലഭ്യത ഈ വര്‍ഷം 30 ശതമാനം കുറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 170 കോടി ഡോളറാണ് വിവിധ ടെക് കമ്പനികളെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം അവസാന ആറ് മാസത്തിനിടെ 240 കോടി ഡോളര്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ മാസങ്ങളില്‍ ഇത് 300 കോടി ഡോളറുമായിരുന്നു.

ഫണ്ടിംഗ് കമ്പനികളുടെ മുന്‍ഗണനാ ക്രമങ്ങളില്‍ വരുന്ന മാറ്റമാണ് ബംഗളുരിലെ കമ്പനികളിലുള്ള നിക്ഷേപങ്ങളുടെ ഘടന മാറാന്‍ ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് വര്‍ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കര്‍ണാടകയില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതു സംരംഭങ്ങള്‍ക്കുള്ള സീഡ് ഫണ്ടിംഗില്‍ വലിയ കുറവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ 23.3 കോടി ഡോളര്‍ ലഭിച്ച സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 14.1 കോടി ഡോളറാണ് ലഭിച്ചത്. 39 ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ആദ്യം ഇത് 23.9 കോടി ഡോളറായിരുന്നു. പുതിയ ആശയങ്ങളുമായി വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് നല്‍കുന്നതാണ് സീഡ് ഫണ്ട്.

വളരുന്നവര്‍ക്ക് മെച്ചം

വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന കമ്പനികളെയാണ് വെഞ്ച്വര്‍ കാപ്പിറ്റലുകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്. ഈ വിഭാഗത്തില്‍ ഈ വര്‍ഷം 61.1 കോടി ഡോളര്‍ കമ്പനികള്‍ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധന. വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പഴയ കമ്പനികള്‍ 93 കോടി ഡോളര്‍ ഈ വര്‍ഷം നേടിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം ഇടിവാണുള്ളതെന്ന് ട്രാക്‌സെന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിന്‍ടെക്, എന്റര്‍പ്രൈസ് അപ്ലിക്കേഷന്‍, റീട്ടെയ്ല്‍ മേഖലകളിലാണ് കൂടുതല്‍ ഫണ്ട് എത്തിയത്. ഫിന്‍ടെക് മേഖല 70 കോടി ഡോളര്‍ സ്വന്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ മേഖലക്ക് 255 ശതമാനം അധിക ഫണ്ട് ലഭിച്ചു. എന്റര്‍പ്രൈസ് അപ്ലിക്കേഷന്‍ വിഭാഗത്തിന് 61 കോടിയും റീട്ടെയ്ല്‍ വിഭാഗത്തില്‍ 40 കോടിയുമാണ് നിക്ഷേപം. റീട്ടെയ്ല്‍ മേഖലക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 ശതമാനം നേട്ടമുണ്ടായി. ഗ്രോ, ജംബോ ടെയ്ല്‍ തുടങ്ങി കമ്പനികളാണ് ഫണ്ടിംഗില്‍ മുന്നില്‍ നില്‍ക്കുന്നത്. വെഞ്ച്വര്‍ കാപിറ്റല്‍ കമ്പനികളില്‍ ആക്‌സല്‍, ഏയ്ഞ്ചല്‍ ലിസ്റ്റ്, ലെറ്റ്‌സ് വെഞ്ച്വര്‍ തുടങ്ങിയവരാണ് കര്‍ണാടക കമ്പനികള്‍ക്ക് കൂടുതല്‍ ഫണ്ട് എത്തിച്ചത്.

News Short: Despite the increase in funding for startups in India, the tech city of Bengaluru is seeing a decline in the number of funding companies seeking companies, according to a report by research firm Traxen on Karnataka Tech Funding.

No comments