ലോകം കണ്ട ഏറ്റവും വലിയ യാത്രാ മാമാങ്കം ; 40 ദിവസം, കോടിക്കണക്കിന് മനുഷ്യർ
രണ്ടോ മൂന്നോ ദിവസം അവധി കിട്ടിയാല്‍ നാട്ടിലേക്കോ കൂട്ടരുമായി യാത്രക്കോ ഇറങ്ങുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അങ്ങനെയെങ്കില്‍ ഒമ്പതു ദിവസം നീണ്ട അവധി കിട്ടിയാലോ? യാത്രയുടെ പൊടി പൂരമായിരിക്കും അല്ലേ... ചൈനക്കാരും ഇങ്ങനെയൊക്കെയാണ്. എന്നാല്‍ നമുക്ക് ഊഹിക്കാന്‍ പോലും പറ്റാത്തത്രയും കൂടുതല്‍ മനുഷ്യരാണ് യാത്രയ്ക്കിറങ്ങുന്നതെന്നു മാത്രം. ചൈനക്കകത്തും പുറത്തുമായി ദശലക്ഷക്കണക്കിന് മനുഷ്യര്‍ യാത്രക്കിറങ്ങുന്ന സമയമാണ് ചുന്‍യുന്‍ അഥവാ ചൈനക്കാരുടെ പുതുവര്‍ഷപ്പിറവി.
∙എന്താണ് ചുന്‍യുന്‍?
ലോകത്തിലെ ഏറ്റവും വലിയ 'മനുഷ്യ മഹാ പ്രയാണം' എന്നാണ് ചുന്‍യുന്‍ അറിയപ്പെടുന്നതു തന്നെ. ചൈനീസ് പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള 40 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണിത്. ഈ വര്‍ഷം ഫെബ്രുവരി രണ്ടു മുതല്‍ മാര്‍ച്ച് 13 വരെയാണ് ചുന്‍യുന്‍ ആഘോഷങ്ങള്‍. ഇതില്‍ ഫെബ്രുവരി 15 മുതല്‍ 23 വരെയുള്ള ഒമ്പതു ദിവസം ചൈനക്കാര്‍ക്ക് പൊതു അവധിയാണ്. ഈ അവധി ആഘോഷിക്കാന്‍ ദശലക്ഷക്കണക്കിന് ചൈനക്കാര്‍ യാത്രിക്കിറങ്ങുന്നുവെന്നതാണ് പ്രധാന സവിശേഷത.
നഗരങ്ങളില്‍ താമസിക്കുന്നവര്‍ നാട്ടിലേക്ക് പോവും. പലരും വിദേശ യാത്രകള്‍ക്ക് പോവും. ദശലക്ഷക്കണക്കിന് യാത്രകളില്‍ കോടിക്കണക്കിന് മനുഷ്യര്‍ ഒന്നിച്ച് പുറത്തിറങ്ങുന്നതോടെ റോഡുകളില്‍ ഗതാഗത തടസം മണിക്കൂറുകള്‍ നീളും. ട്രെയിനുകളും വിമാനങ്ങളും യാത്രക്കാരാല്‍ നിറയും. ഈ വര്‍ഷവും ചുന്‍യുനിന്റെ ഭാഗമായുള്ള മനുഷ്യ മഹാപ്രയാണത്തിന് മാറ്റമില്ല.
പുതുവര്‍ഷ തലേന്ന് കുടുംബാംഗങ്ങളെല്ലാം ചേര്‍ന്നുള്ള അത്താഴ വിരുന്നാണ് തുന്‍ നീന്‍ ഫാന്‍ എന്നറിയപ്പെടുന്നത്. ഇത് ചൈനീസ് സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. മാതാപിതാക്കളോടും പൂര്‍വികരോടും കാണിക്കുന്ന ആദരവിന്റെ ഭാഗമായിട്ടാണ് ഈ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിനെ കരുതുന്നത്. അതുകൊണ്ടുതന്നെ എത്ര ദൂരെയാണെങ്കിലും ഈയൊരു നേരം സ്വന്തം വീട്ടിലെത്തി ഭക്ഷണം കഴിക്കാന്‍ ഓരോ ചൈനക്കാരനും ആഗ്രഹിക്കും. അതുതന്നെയാണ് വഴിയില്‍ എത്രയൊക്കെ തിരക്കും തടസങ്ങളുമുണ്ടെങ്കിലും യാത്ര ചെയ്യാന്‍ തന്നെ ചൈനക്കാരെക്കൊണ്ട് തീരുമാനിപ്പിക്കുന്നതും.
ചൈനയില്‍ ഏകദേശം 29 കോടിയോളം മനുഷ്യര്‍ സ്വന്തം നാടുകളില്‍ നിന്നും മാറി കുടിയേറ്റ തൊഴിലാളികളായി കഴിയുന്നുവെന്നാണ് കണക്ക്. ഇവര്‍ക്ക് നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് പോകാന്‍ ലഭിക്കുന്ന ഏക ദീര്‍ഘകാല അവധിയാണ് ചുന്‍യുന്‍. ചുരുങ്ങിയ ദിവസങ്ങളില്‍ ഇവരെല്ലാം സ്വന്തം നാട്ടിലെത്താനും തിരികെ വരാനും ശ്രമിക്കുന്നതോടെയാണ് ലോകത്തിലെ തന്നെ അപൂര്‍വ മനുഷ്യ മഹാ പ്രയാണമായി ചുന്‍യുന്‍ മാറുന്നത്.
∙എത്ര മനുഷ്യര്‍ യാത്ര ചെയ്യുന്നു?
കോടിക്കണക്കിന് മനുഷ്യര്‍... ദശലക്ഷക്കണക്കിന് യാത്രകള്‍... അങ്ങനെയുള്ള മനുഷ്യമഹാ പ്രയാണമാണ് ചുന്‍യുന്‍ എന്ന ചൈനീസ് പുതുവര്‍ഷ ആഘോഷത്തെ ലോകത്തെ മറ്റെവിടെയുമില്ലാത്ത ആഘോഷമാക്കി മാറ്റുന്നത്. ഫെബ്രുവരി പത്തു വരെയുള്ള കണക്കുകള്‍ അനുസരിച്ച് ചൈനീസ് റെയില്‍വേയില്‍ മാത്രം 101 കോടി മനുഷ്യരാണ് യാത്ര ചെയ്തതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അവധികളുടെ ആദ്യ ആഴ്ചകളില്‍ 1.63 കോടിയിലേറെ മനുഷ്യര്‍ വിമാന യാത്ര നടത്തി. ആകെ 9.5 കോടി മനുഷ്യര്‍ ചുന്‍യുന്‍ ദിവസങ്ങളില്‍ ചൈനയില്‍ വിമാനയാത്ര നടത്തുമെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ വിവിധ തുറമുഖങ്ങളിലൂടെ രാജ്യത്തിന് പുറത്തേക്കും അകത്തേക്കുമായി യാത്ര ചെയ്യുന്ന യാത്രികരുടെ പ്രതിദിന എണ്ണം 20 ലക്ഷത്തിലേറെ വരുമെന്നാണ് ചൈനീസ് നാഷണല്‍ ഇമിഗ്രേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.1 ശതമാനം യാത്രികര്‍ കൂടുതലാണിത്.
∙പ്രധാന ലക്ഷ്യങ്ങള്‍
അവധി ആഘോഷിക്കാനുള്ള യാത്രകളില്‍ പ്രാദേശികമായി ചൈനക്കാര്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് ഹൈനാനും ചാങ്ബായ് മലനിരകളുമാണ്. ചൈനയുടെ തെക്കേ അറ്റത്തെ ദ്വീപ് പ്രവിശ്യയാണ് ഹൈനാന്‍. മനോഹര കടല്‍തീരങ്ങളുള്ള ഈ പ്രദേശം കിഴക്കിന്റെ ഹവായ് എന്നറിയപ്പെടുന്നു. കടലിനോട് സമാന്തരമായുള്ള ഹൈനാന്‍ കോസ്റ്റല്‍ സീനിക് ഹൈവേയിലൂടെയുള്ള ഡ്രൈവിങ് പ്രസിദ്ധമാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഡ്യൂട്ടീ ഫ്രീ ഷോപ്പിങ് മാളുകളിലൊന്ന് ഹൈനാനിലാണ്.
ചൈനക്കും വടക്കന്‍ കൊറിയക്കും ഇടയിലെ പര്‍വ്വത നിരയാണ് ചാങ്ബായ് പര്‍വ്വതം. ചാങ്ബായ് എന്ന പേരിന്റ അര്‍ഥം തന്നെ എന്നും വെളുത്തിരിക്കുന്നത് എന്നാണ്. പര്‍വ്വതത്തിന് മുകളില്‍ എപ്പോഴും മഞ്ഞു കാണുന്നതിനാലാണിത്. ഈ പര്‍വ്വതത്തിന്റെ ഭാഗമായ അഗ്നിപര്‍വ്വത മുഖത്ത് രൂപപ്പെട്ട ഹെവന്‍ തടാകം പ്രസിദ്ധമാണ്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയത്തും ഈ തടാകം മഞ്ഞു മൂടിക്കിടക്കും.
ചൈനക്കാരുടെ ചുന്‍യുന്‍ യാത്രകള്‍ ചൈനയില്‍ മാത്രമായി ഒതുങ്ങുന്നില്ല. വിദേശ രാജ്യങ്ങളില്‍ തായ്‌ലന്‍ഡും ഓസ്‌ട്രേലിയയുമാണ് ഭൂരിഭാഗവും തിരഞ്ഞെടുത്തത്. ട്രിപ്പ്.കോം വിവരങ്ങള്‍ പ്രകാരം ചൈനക്കാരുടെ യൂറോപ്പിലേക്കും ഓഷ്യാനിയ പ്രദേശങ്ങളിലേക്കുമുള്ള ദീര്‍ഘദൂര യാത്രകളും വര്‍ധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്കും തായ്‌ലന്‍ഡിനും പുറമേ ന്യുസീലന്‍ഡ്, മാലദ്വീപ്, തുര്‍ക്കി, സ്‌പെയിന്‍, മംഗോളിയ എന്നീ രാജ്യങ്ങളാണ് ചൈനക്കാര്‍ അവധിയാഘോഷിക്കാനായി കൂടുതലും തിരഞ്ഞെടുത്തത്.
ചൈനീസ് സഞ്ചാരികള്‍ തെരഞ്ഞെടുത്ത കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ നഗരങ്ങളെടുത്താല്‍ സോള്‍, ഹോ ചി മിന്‍ സിറ്റി, ബാലി, ക്വാലാലംപൂര്‍, സിംഗപ്പൂര്‍ എന്നിവയാണ് മുന്നിലേക്കെത്തിയിരിക്കുന്നത്. ചൈനീസ് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 45 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവും. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് വീസയില്ലാതെ 30 ദിവസം വരെ താമസിക്കാനാവുമെന്ന സൗകര്യവും സഞ്ചാരികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
