സ്ത്രീക്കു നേരെ കുരച്ചു ചാടുന്നത് തെറ്റ്;മന്ത്രി കെ ബി ഗണേഷ് കുമാര്‍
പത്തനംതിട്ട | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായി കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പട്ടി കുരച്ച് ചാടുന്നത് പോലെ ഒരു സ്ത്രീക്ക് നേരെ ചാടാന്‍ പാടില്ലെന്നും തെരുവ് നായ്ക്കളെപ്പോലെ പെരുമാറാന്‍ പാടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.
അമ്മമാരും സഹോദരിമാരും പോകുമ്പോള്‍ തെരുവ് നായ്ക്കള്‍ ഇതുപോലെ കുരച്ചു കൊണ്ട് ചാടും. മര്യാദ കേട് കാണിക്കരുത്. അമ്മയെ പോലെ കരുതേണ്ട ഒരു സ്ത്രീക്ക് നേരെ ചട്ടമ്പിത്തരമാണ് നടന്നതെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു വീണാ ജോര്‍ജിനെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോര്‍ജിനെ പ്ലാറ്റ്‌ഫോമില്‍ എത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ തള്ളിക്കയറിയപ്പോഴുണ്ടായ ബഹളത്തിലാണ് മന്ത്രിയുടെ കഴുത്തിനു പരിക്കേറ്റത്. പോലീസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോണ്‍ഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പോലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോള്‍ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അല്‍പസമയം പ്ലാറ്റ്‌ഫോമില്‍ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചു. സംസാരിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ കഴുത്തിന് കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കള്‍ അറിയിക്കുന്നത്. കഴുത്തിന് ഗുരുതര പരിക്കുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.