ഇറാൻ-ഇസ്രയേൽ സംഘർഷം: മേഖലയിലെ സമാധാനത്തിന് വേണ്ടി പ്രാർഥിക്കുക; എം.എ.യൂസഫലി
ദുബായ് ∙ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ യുഎഇയിലെയും മധ്യപൂർവേഷ്യയിലെയും സമാധാനത്തിനായി പ്രാർഥിക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി അഭ്യർഥിച്ചു. ദുബായിൽ ലുലു റമസാൻ മാധ്യമ മജ്‌ലിസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ ലുലു ഗ്രൂപ്പിന് മുൻകരുതൽ പദ്ധതികളുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് യൂസഫലി ഓർമിപ്പിച്ചു. നികുതിരഹിതമായി പണം നാട്ടിലേക്കയക്കാൻ സാധിക്കുന്നത് പ്രവാസികൾക്ക് വലിയ അനുഗ്രഹമാണ്. യുഎഇ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ച യൂസഫലി, 52 വർഷം മുൻപ് അബുദാബി തനിക്ക് നൽകിയ പിന്തുണയെ നന്ദിയോടെ സ്മരിച്ചു.
റമസാനിൽ യുഎഇ ഭരണാധികാരികൾ പ്രഖ്യാപിച്ച ജീവകാരുണ്യ ക്യാപെയ്‌നുകൾക്ക് സംഭാവന നൽകിയതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ദാനധർമ്മങ്ങൾ പ്രശസ്തിക്ക് വേണ്ടിയല്ല, മറിച്ച് തന്റെ വിശ്വാസത്തിന്റെ ഭാഗമായാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി. ഗൾഫിൽ മുഴുവനും മലയാളികളടക്കമുള്ള ഇന്ത്യക്കാരുണ്ട്. ഗൾഫിൽ നിന്ന് സാമ്പത്തികമായ സഹായമില്ലെങ്കിൽ നാട്ടിലെ സ്ഥിതി പരുങ്ങലിലാകും. ഇവിടെ നിന്ന് എല്ലാ മാസവും പണം നാട്ടിലേയ്ക്ക് അയച്ചില്ലെങ്കിൽ എന്തായിരിക്കുംഅവസ്ഥയെന്ന് ആലോചിക്കാനാവില്ല. ഇവിടെ നിന്ന് അയക്കുന്ന പണത്തിന് നികുതി നൽകേണ്ടതില്ല. ഇവിടെ എത്ര സമ്പാദിക്കുന്നോ അത് നാട്ടിലേയ്ക്ക് അയക്കാം. എത്ര ചുരുക്കി ചെലവു ചെയ്യുന്നോ അത്രയും സമ്പാദിക്കാം.
ലോകത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യമുള്ള നാടാണ് യുഎഇ. അമേരിക്കയിലേതിനേക്കാൾ അടിസ്ഥാന സൌകര്യം ആധുനികവത്കരിച്ചു. ഇത്തിഹാദ് റെയിൽവേ ഗതാഗത രംഗത്ത് വൻ വിപ്ലവം സൃഷ്ടിക്കും. ഇന്ത്യയിൽ നിന്ന് എല്ലാവരും ഗൾഫിലേയ്ക്ക് ഉപജീവനം തേടി വരുന്നു. കാരണം ഇവിടെ ഒട്ടേറെ അവസരങ്ങളുണ്ട് എന്നതാണ്. എന്നെ ഞാനാക്കിയത് ഇൌ രാജ്യമാണ്, പ്ര്യേകിച്ച് അബുദാബി. 52 വർഷം മുൻപ് ഇവിടെയെത്തി കുടുംബത്തോടൊപ്പം താമസിക്കാനുള്ള സ്ഥലം തന്നതും വീട് പണിയാനും സഹായം നൽകിയതും അബുദാബിയാണ്. ഇന്നതിന് വലിയ മൂല്യമുണ്ട്. അബുദാബിയിലെ ഖാലിദിയയിൽ എനിക്കൊരു മാൾ തുടങ്ങണമെന്ന് അന്നത്തെ ഭരണാധികാരികളോട് അഭ്യർഥിച്ചപ്പോൾ അതിനുള്ള സ്ഥലം സൗജന്യമായി തന്നതടക്കം സൗകര്യങ്ങൾ ചെയ്തു തന്നത് ഇന്നത്തെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്. ദുബായിൽ മാൾ പണിയാൻ സിലിക്കൺ ഒയാസിസിൽ സ്ഥലം അനുവദിച്ച് തന്നത് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും. ദീർഘദൃഷ്ടിയുള്ള ഭരണാധികാരികളാണ് ഇവിടുത്തേത്. ആരു ഭരിച്ചാലും കേരളത്തിലെ വികസനം തുടരണമെന്നാണ് ആഗ്രഹമെന്നും യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി മികച്ച ഭരണാധികാരിയും മോഹൻലാൽ മഹാനടനുമാണ്. ഇരുവരും തമ്മിൽ മുഖാമുഖം നടത്തുന്നതിൽ യാതൊരു തെറ്റുമില്ല.