അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി:ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരായ

ന്യൂഡൽഹി : ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭയിൽ വോട്ടിനിട്ട് തള്ളി. പ്രതീക്ഷിച്ചത് പോലെ തന്നെ ഭരണപക്ഷത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോരിനും സഭയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുൻകാല പെരുമാറ്റങ്ങളെ പരിഹസിച്ചുകൊണ്ട് അമിത് ഷാ സംസാരിച്ചതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാർലമെന്ററി വിരുദ്ധമായ ഭാഷയാണ് മന്ത്രി ഉപയോഗിക്കുന്നതെന്ന് ആരോപിച്ച പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതിനിടയിലാണ് ശബ്ദവോട്ടോടെ പ്രമേയം തള്ളിയത്.
പ്രമേയത്തിന്മേലുള്ള ചർച്ചക്ക് തുടക്കമിട്ട കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയി, ഇത് ഓം ബിർള എന്ന വ്യക്തിക്കെതിരെയുള്ള നീക്കമല്ലെന്നും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. സ്പീക്കർ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പ്രതിപക്ഷാംഗങ്ങളുടെ അവകാശങ്ങൾ ഹനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, പ്രതിപക്ഷത്തിന്റെ മോശം പെരുമാറ്റം മൂലമാണ് സ്പീക്കർക്ക് കർശന നടപടികൾ സ്വീകരിക്കേണ്ടി വരുന്നതെന്ന് അമിത് ഷാ മറുപടി നൽകി. മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങൾ സഭയിൽ വായിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചതും എട്ട് പ്രതിപക്ഷ എം പിമാരെ സസ്പെൻഡ് ചെയ്തതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തത്.
വോട്ടിംഗിന് മുൻപ് തന്നെ സഭയിലെ കണക്കുകൾ ഭരണപക്ഷത്തിന് അനുകൂലമായിരുന്നു. ബി ജെ പിക്ക് 240 ഉം ജെ ഡി യു, ടി ഡി പി തുടങ്ങിയ എൻ ഡി എ കക്ഷികൾക്ക് ഉൾപ്പെടെ സർക്കാരിന് ആകെ 293 എം പിമാരുടെ പിന്തുണയുണ്ട്. എന്നാൽ കോൺഗ്രസിന് 99 ഉം സമാജ്‌വാദി പാർട്ടി, ഡി എം കെ, തൃണമൂൽ കോൺഗ്രസ് എന്നിവരടക്കം പ്രതിപക്ഷത്തിന് 238 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ഉണ്ടായിരുന്നത്. സ്പീക്കറെ നീക്കം ചെയ്യുക എന്നതിലുപരി സഭയിലെ തങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനാണ് പ്രതിപക്ഷം ഈ നീക്കം നടത്തിയത്. പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിയന്ത്രിച്ചിരുന്ന ജഗദംബിക പാൽ വോട്ടെടുപ്പ് പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു.
Summary
The Lok Sabha Speaker Om Birla survived a no-confidence motion after it was defeated by a voice vote amid chaotic protests from the opposition. During the debate, Union Home Minister Amit Shah’s personal jibes at Rahul Gandhi led to an uproar, forcing the opposition members into the Well of the House. While the opposition accused the Speaker of being partisan, the government utilized its numerical strength of 293 MPs to successfully block the motion.
BEST WEB HOSTING INDIA