7 പുതിയ വാഹനങ്ങളുമായി ടാറ്റ; കാര്‍ മോഡലുകളുടെ എണ്ണം 15 ആയി ഉയരും..
ഇന്ത്യയിലെ മുന്‍ നിര കാര്‍ നിര്‍മാണ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. 2030 ആവുമ്പോഴേക്കും പുതുതായി ഏഴ് കാറുകള്‍ അവതരിപ്പിക്കുമെന്ന സൂചനയാണ് കമ്പനിയുടെ ഉന്നതതല ഡീലര്‍ മീറ്റിങില്‍ നിന്നും ലഭിക്കുന്ന വിവരം. നിലവില്‍ ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, നെക്‌സോണ്‍, കര്‍വ്, ഹാരിയര്‍, സഫാരി എന്നിവയാണ് ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഈ മോഡലുകള്‍ക്ക് പുറമേ ഏഴെണ്ണം കൂടി എത്തുന്നതോടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്‌സിന്റെ കാര്‍ മോഡലുകളുടെ എണ്ണം 15 ആയി ഉയരുകയും ചെയ്യും.
വിപണിയില്‍ നിന്നുള്ള വെല്ലുവിളികളെ ഉത്പന്നങ്ങളില്‍ വൈവിധ്യം നിറച്ച് നേരിടാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ തീരുമാനം. ഇതുവരെ മൂന്ന് പുതിയ കാറുകള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് മാത്രമേ ഔദ്യോഗികമായി ടാറ്റ അറിയിച്ചിട്ടുള്ളൂ. ബാക്കി നാല് കാറുകള്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് ഹൈ ലെവല്‍ ഡീലര്‍മാരുടെ യോഗത്തില്‍ നിന്നും ലഭ്യമായ വിവരം.
ടാറ്റ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ട മോഡല്‍ സിയേറയാണ്. ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന സിയേറയുടെ പ്രൊഡക്ഷന്‍ വെര്‍ഷന്‍ 2025 ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്. ഇന്ത്യയുടെ പലയിടങ്ങളില്‍ നിന്നും സിയേറയുടെ ടെസ്റ്റ് റണ്‍ ദൃശ്യങ്ങള്‍ പലപ്പോഴായി പുറത്തു വരികയും ചെയ്തിട്ടുണ്ട്. പെട്രോള്‍, ഡീസല്‍, ഇവി വകഭേദങ്ങളില്‍ സിയേറയെ പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ പദ്ധതി.
മറ്റു രണ്ടു മോഡലുകള്‍ അവിന്യയുടേതാണ്. അവിന്യയുടെ ഇലക്ട്രിക്, ഐസിഇ പവര്‍ട്രെയിനുകള്‍ പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ശ്രമം. ആദ്യ അവിന്യ കണ്‍സെപ്റ്റ് 2022ലാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടത്. അവിന്യ ഇലക്ട്രിക്ക് കണ്‍സെപ്റ്റ് ആയിരുന്നു ഇത്. രണ്ടാമത്തെ എവിന്യ എക്‌സ് കണ്‍സെപ്റ്റ് 2025 ഓട്ടോ എക്‌സ്‌പോയില്‍ സിയേറക്കൊപ്പവും അവതരിപ്പിച്ചു. ഈ രണ്ടു മോഡലുകളും പ്രൊഡക്ഷന്‍ വെര്‍ഷനിലേക്കെത്തുമ്പോഴേക്കും കൂടുതല്‍ മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കാനൊരുങ്ങുന്ന ബാക്കിയുള്ള നാലു മോഡലുകള്‍ ഏതൊക്കെയാണെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ഇതില്‍ രണ്ടെണ്ണം ഐസിഇ(പ്രൊഡക്ട് എ, പ്രൊഡക്ട് ബി) മോഡലുകളും മറ്റു രണ്ടെണ്ണം ഇവികളും(പ്രൊഡക്ട് എക്‌സ്, പ്രൊഡക്ട് വൈ) ആണെന്നാണ് കരുതപ്പെടുന്നത്. 2030 ആവുമ്പോഴേക്കും നിലവിലുള്ള മോഡലുകളുടെ 23 ഫേസ്‌ലിഫ്റ്റുകളും പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്.
വിപണിയിലെ മോശം പ്രതികരണത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്ന പിക് അപ് ട്രക്ക് സെലോണ്‍ ടാറ്റ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യത തള്ളാനാവില്ല. 'താങ്ങാവുന്ന വിലയിലുള്ള ഹൈലക്‌സ്' എന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള സാധ്യത സെലോണിന് ഇപ്പോഴുമുണ്ട്. ഇന്‍ഡിക, ഇന്‍ഡിഗോ, എസ്‌റ്റേറ്റ്, സുമോ തുടങ്ങി ടാറ്റക്ക് വലിയ പേരു നല്‍കിയ മോഡലുകള്‍ നിരവധിയുണ്ട്. ഇവയിലേതെങ്കിലും തിരിച്ചുവരാനുള്ള സാധ്യതയും തള്ളാനാവില്ല.