ഇറാന്റെ ആകാശവും പൂട്ടാൻ യുഎസ്, അഞ്ച് എണ്ണക്കപ്പലുകൾ തകർത്തു, എണ്ണവില കയറ്റാൻ കച്ചകെട്ടി ചൈന..
രാജ്യാന്തര വിപണികളിൽ ആശങ്കയായി ആക്രമണവും പ്രത്യാക്രമണവും തുടർന്ന് അമേരിക്കയും ഇറാനും. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയിൽ നടത്തുന്ന ആക്രമണങ്ങൾ എണ്ണവിലയും ഉയർത്തുകയാണ്. ഇത് പണപ്പെരുപ്പ ഭീഷണിയും വർധിപ്പിച്ചു. ഓഹരി വിപണികൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെ ആക്രമിച്ചതിനു പകരമായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകളെ തകർത്തെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇറാനിയൻ സൈന്യവുമായി ബന്ധമുള്ള 4 കപ്പലുകളെ ഒമാൻ തീരത്തും ഒരു കപ്പലിനെ ഖാർഗ് ദ്വീപിനു സമീപവുമാണ് ആക്രമിച്ചത്. ഇതിനു മറുപടിയായി ജോർദാനിലെ യുഎസ് ക്യാംപിനു നേരെ മിസൈൽ ആക്രമണം നടത്തിയെന്നു ഇറാനും പ്രതികരിച്ചു. കൂടുതൽ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സെഞ്ചറി അടിക്കാൻ എണ്ണവില
ഹോർമുസിലൂടെയുള്ള എണ്ണനീക്കം മാസങ്ങളായി തടസപ്പെട്ടതോടെ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലേക്ക്. ഇറാനും യുഎസും പരസ്പരമുള്ള ഏറ്റുമുട്ടൽ കടുപ്പിച്ചതോടെ ഹോർമുസ് വഴിയുള്ള ചരക്കു നീക്കം വീണ്ടും തടസപ്പെടുമെന്നാണ് വിപണി കരുതുന്നത്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 1.5 ശതമാനത്തോളം കയറി 99.38 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് 94.36 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 110 ഡോളറിലുമാണ്. ഇരുകൂട്ടരും ആക്രമണം തുടർന്നാൽ വില ബാരലിന് 120 ഡോളറിലേക്ക് കയറുമെന്നാണ് ഗോൾഡ്മാൻ സാക്സ് അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തുന്നതിന് തടസമാണ്. ഇത് വില വർധിപ്പിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
വില കയറ്റാൻ ചൈനയും
കഴിഞ്ഞ മാസങ്ങളിൽ നിന്ന് വിഭിന്നമായി ക്രൂഡോയിൽ വിപണിയിൽ ചൈനീസ് ഡിമാൻഡ് വർധിച്ചതും വില ഉയരാൻ കാരണമായെന്നാണ് വിദഗ്ധർ പറയുന്നത്. ഹോർമുസ് അടഞ്ഞതോടെ ലോക എണ്ണവിപണിയിൽ പ്രതിദിനം 10-15 ദശലക്ഷം ബാരൽ വരെ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ അന്ന് ചൈനീസ് ഡിമാൻഡ് കാര്യമായി ഇല്ലായിരുന്നു. ഇത് വില പിടിവിട്ടു കുതിക്കാതിരിക്കാൻ കാരണമായി. അതേസമയം, ചൈനയുടെ എണ്ണശേഖരം കുറയുകയും ഇറാനിൽ നിന്നുള്ള ഇറക്കുമതിക്ക് തടസം നേരിടുകയും ചെയ്തതാണ് പുതിയ വെല്ലുവിളി. ഇതോടെ കോംഗോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണവാങ്ങാനുള്ള ശ്രമത്തിലാണ് ചൈന. ഇത് എണ്ണവില കയറ്റാനുള്ള കാരണമായേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി യുഎസ്. ഇറാനെ വ്യോമയാന മേഖലയിൽ സഹായിക്കുന്ന കമ്പനികൾക്കെതിരെയാണ് പുതിയ നീക്കം. ഇറാന്റെ സ്വകാര്യ വിമാന കമ്പനിയായ മഹാൻ എയറിനും രാജ്യത്തെ മറ്റ് ഏവിയേഷൻ കമ്പനികൾക്കും ഇറാനിയൻ കമ്പനികളെ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങൾക്കുമാണ് പുതിയ വിലക്ക് ബാധകം. ഇറാന് സാമ്പത്തിക സഹായം നൽകുന്നവർക്കെല്ലാം തിരിച്ചടി നൽകുമെന്നാണ് യുഎസ് ട്രഷറി വകുപ്പിന്റെ പ്രഖ്യാപനം. ഇറാൻ സൈന്യത്തിന് പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് 2011 മുതൽ യുഎസ് ഉപരോധം നിലനിൽക്കുന്ന കമ്പനിയാണ് മഹാൻ എയർ.
സ്വർണം ഇടിഞ്ഞു
അമേരിക്കൻ പലിശ പേടിയിൽ സ്വർണവില ഇടിഞ്ഞു. ഇന്നലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞ സ്വർണവില ഇന്ന് അരശതമാനത്തോളം നഷ്ടത്തിലായി. അടുത്ത ദിവസങ്ങളിൽ പുറത്തു വരുന്ന യുഎസ് തൊഴിൽ കണക്കുകളും ഫെഡ് റിസർവിന്റെ പലിശ തീരുമാനവുമാകും ഇനി സ്വർണവില നിശ്ചയിക്കുക. ഇന്നലെ 50 ഡോളർ നഷ്ടത്തിൽ 4356 ഡോളറിലാണ് സ്വർണം ക്ലോസ് ചെയ്തത്. ഇന്ന് 4394 ഡോളർ വരെ ഉയർന്നെങ്കിലും നിലവിൽ 4377 ഡോളറിലാണ് വ്യാപാരം.
അടുത്ത ദിവസങ്ങളിൽ പുറത്തു വരാനിരിക്കുന്ന യുഎസിലെ ഉൽപാദന, പണപ്പെരുപ്പ കണക്കുകളിലാണ് ഇപ്പോൾ നിക്ഷേപകരുടെ ശ്രദ്ധ. ഇതിലൂടെ ഫെഡിന്റെ പണനയ തീരുമാനത്തെക്കുറിച്ചുള്ള ഏകദേശ ധാരണ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇന്ന് ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം തുടങ്ങാനാണ് സാധ്യത. ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം നെഗറ്റീവാണ്. ഓഹരികളിൽ വിൽപന സമ്മർദം തുടരാൻ സാധ്യതയുണ്ട്. ഉയർന്ന ക്രൂഡോയിൽ വിലയും ഹോർമുസ് വഴിയുള്ള ചരക്കു നീക്കങ്ങളിലെ തടസങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.
ഇന്ന് ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് നീങ്ങുന്നത്. ദക്ഷിണ കൊറിയൻ കോസ്പി സൂചിക ഒരു ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കി. ഷാൻഹായ്, നിക്കെയ് സൂചികകളും നേട്ടത്തിലാണ്. എന്നാൽ ഹോങ്കോങ് സൂചിക ഇടിവിലാണ്.
