Featured Posts

Breaking News

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! സ്വര്‍ണം അരച്ചാണോ പോപ്‌കോണ്‍ കൊടുക്കുന്നത്...


തിരുവനന്തപുരം: മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളില്‍ പോപ്‌കോണ്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സുരേഷ് കുമാര്‍. മള്‍ട്ടിപ്ലക്‌സുകളില്‍ നടക്കുന്നതു കൊള്ളയാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

‘‘240 രൂപയുടെ ടിക്കറ്റ് എടുത്താണ് കഴിഞ്ഞ ദിവസം സിനിമ കാണാന്‍ പോയത്. പോപ്‌കോണ്‍ വാങ്ങിയപ്പോള്‍ 453 രൂപയായി. ഒരു കുപ്പി വെള്ളത്തിനു 90 രൂപയാണ് ഈടാക്കിയത്. ഈ പോപ്‌കോണില്‍ എന്താ സ്വര്‍ണം അരച്ചാണോ കൊടുക്കുന്നത്. സുപ്രീംകോടതി വിധി ഉണ്ടെന്നു പറഞ്ഞാണ് ഇതൊക്കെ ചെയ്യുന്നത്.

എന്നായാലും ഇതിനൊരു അറുതി വേണ്ടേ. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ടിക്കറ്റിനേക്കാള്‍ ഇരട്ടി പോപ്‌കോണിനു വാങ്ങുമ്പോള്‍ സാധാരണക്കാര്‍ കുടുംബമായി സിനിമ കാണാന്‍ പോകണമെങ്കില്‍ എത്ര രൂപ വേണ്ടിവരും. അവരാരും അവിടെ വരേണ്ട എന്നാണോ കരുതുന്നത്. കുടിവെള്ളമെങ്കിലും അവിടെ വയ്‌ക്കേണ്ടതല്ലേ. 

നിയമത്തിന്റെ പഴുതുപയോഗിച്ചാണ് ഈ കൊള്ള നടത്തുന്നത്. സുപ്രീംകോടതിയില്‍ ഇതു റിവ്യൂ ചെയ്യാനുള്ള നീക്കം നടത്തണം. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇതിനോടു യോജിപ്പില്ല. വില കൂടുതലായാല്‍ ആളുകള്‍ മള്‍ട്ടിപ്ലക്‌സിലേക്കു വരുന്നതു കുറയും. ആളുകളെ പിഴിയുന്ന നില തടയാന്‍ സര്‍ക്കാരും അധികൃതരും ഇടപെടണം. ഇനി അത് അനുവദിക്കാന്‍ കഴിയില്ല.’’ - സുരേഷ്‌കുമാര്‍ പറഞ്ഞു.

No comments