Featured Posts

Breaking News

ബുര്‍ഖ രാജ്യത്തിന് ഭീഷണിയാണെന്ന വാദവുമായി ബിജെപി

ദില്ലി: ബുര്‍ഖ രാജ്യത്തിന് ഭീഷണിയാണെന്ന വാദവുമായി ബിജെപി നേതാവ്. ബുര്‍ഖ നിരോധിക്കണമെന്നും യുപിയിലെ പ്രമുഖ നേതാവ് രഘുരാജ് സിംഗ് പറഞ്ഞു. രാവണന്റെ സഹോദരി ശൂര്‍പ്പണഖയുമായിട്ടാണ് ബുര്‍ഖയെ ഇയാള്‍ താരതമ്യം ചെയ്തിരിക്കുന്നത്. ബുര്‍ഖ നിരവധി രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടതാണ്. ഇന്ത്യയിലും ഇത നിരോധിക്കണമെന്നും രഘുരാജ് സിംഗ് പറഞ്ഞു. ഇയാള്‍ യുപി സര്‍ക്കാര്‍ മന്ത്രിപദവിക്ക് തുല്യമായ പദവി വഹിക്കുന്നുണ്ട്.


ശ്രീലങ്ക, ചൈന, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ ബുര്‍ഖ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ എത്രയും പെട്ടെന്ന് ബുര്‍ഖ നിരോധിക്കണം. ഇല്ലെങ്കില്‍ തീവ്രവാദികള്‍ ബുര്‍ഖയിലൂടെ മുതലെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ബുര്‍ഖ അണിഞ്ഞാണ് എത്തുന്നത്. സമൂഹ വിരുദ്ധര്‍, കള്ളന്‍മാര്‍, തീവ്രവാദികള്‍ എന്നിവരെ സഹായിക്കുന്നതാണ് ബുര്‍ഖ. ഇതിന് പിന്നില്‍ അവര്‍ ഒളിച്ചിരിക്കുകയാണെന്നും രഘുരാജ് സിംഗ് പറഞ്ഞു.

അതേസമയം തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ ബുര്‍ഖ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്ന് രഘുരാജ് സിംഗ പറഞ്ഞു. രാമായണത്തില്‍ മുഖം വികൃതമായ ശൂര്‍പ്പണഖ അറബ് നാട്ടിലെ മരുഭൂമിയിലേക്കാണ് രക്ഷപ്പെട്ടത്. അതുകൊണ്ടാണ് ശൂര്‍പ്പണഖ ബുര്‍ഖ ഉപയോഗിക്കുന്നത്. മൂക്കും ചെവിയുമാണ് ചെത്തിക്കളഞ്ഞത്. ഇതില്‍ അപമാനിതയായ ശൂര്‍പ്പണഖ മുഖം മറയ്ക്കാനാണ് ബുര്‍ഖ ഉപയോഗിച്ചത്. അത് മനുഷ്യര്‍ക്ക് ആവശ്യമില്ലാത്തതാണെന്നും സിംഗ് പറഞ്ഞു.

മക്കയില്‍ ഗുരു ശുക്രാചാര്യ ഒരു ശിവലിംഗം സ്ഥാപിച്ചിരുന്നു. അസുരന്‍മാരുടെ ഗുരുവാണ് ശുക്രാചാര്യര്‍. അതുകൊണ്ടാണ് ബുര്‍ഖാ പാരമ്പര്യം മക്കയില്‍ നിന്ന് തുടങ്ങിയത്. ഇത് ഹിന്ദുസ്ഥാനാണ. ഇവിടെ ഹിന്ദുക്കളുടെ ആഗ്രഹപ്രകാരമാണ് കാര്യങ്ങള്‍ നടക്കുക. ബുര്‍ഖ നിരോധിക്കണമെന്നാണ് ഹിന്ദുക്കളുടെ ആവശ്യമെന്നും രഘുരാജ് സിംഗ് പറഞ്ഞു. അതേസമയം ബിജെപി ഈ പ്രസ്താവനയെ തള്ളി. സിംഗിന്റെ വ്യക്തിപരമായ പരാമര്‍ശം മാത്രമാണിതെന്ന് ബിജെപി പറഞ്ഞു.


No comments