Featured Posts

Breaking News

കൊറോണ പ്രതിസന്ധി ടെക് ലോകത്തേക്കും വ്യാപിക്കുന്നു

കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോകം മുഴുവൻ ഭീതിയിലാണ്. ഈ പ്രതിസന്ധി ടെക് ലോകത്തേക്കും വ്യാപിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. അതിന്റെ സൂചനയാണ് ഈ മാസം അവസാനം സ്‌പെയിനിൽ വെച്ച് നടക്കുന്ന ടെക് വ്യവസായത്തിന്റെ ഏറ്റവും വലിയ പ്രദർശനമായ മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) നിന്നുള്ള വിവിധ കമ്പനികളുടെ പിന്മാറ്റം.

ഇ-കോമേഴ്‌സ് കമ്പനിയായ ആമസോൺ ആണ് ഏറ്റവും പുതിയതായി മൊബൈൽ വേൾഡ് കോൺഗ്രസിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്. ഇതോടെ മൊബൈൽ വേൾഡ് കോൺഗ്രസിൽ നിന്നും പിന്മാറുന്ന നാലാമത്തെ കമ്പനിയായി ആമസോൺ. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ പിന്മാറുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നു മണിക്കൂറുകൾക്കകം തന്നെ സോണിയും മൊബൈൽ വേൾഡ് കോൺഗ്രസിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചു. വുഹാനിൽ ആരംഭിച്ച് പിന്നീട് ഇന്ത്യയിലും യുഎസിലും റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ തന്നെയാണ് ഈ തീരുമാനത്തിന് കാരണമായി സോണിയും ചൂണ്ടിക്കാണിക്കുന്നത്.

"കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിനെത്തുടർന്നുള്ള ആശങ്കകൾ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനെ തുടര്‍ന്ന് മൊബൈൽ വേള്‍ഡ് കോണ്‍ഗ്രസിലെ പങ്കാളിത്തത്തില്‍ നിന്ന് ഞങ്ങള്‍ പിന്മാറുകയാണ്" ആമസോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തവണ പരിപാടിയിൽ തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗമായ എഡബ്ല്യുഎസിലൂടെ കമ്പനിയുടെ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള പദ്ധതിയിലായിരുന്നു ആമസോണ്‍. എന്നാൽ കൊറോണ ഭീതിയാണ് കമ്പനിയെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്.

നേരത്തെ സൗത്ത് കൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ എല്‍ജി ഇലക്ട്രോണിക്‌സ്, സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍, യുഎസ് ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയ എന്നിവരാണ് മൊബൈൽ വേൾഡ് കോൺഗ്രസിലേക്കില്ല എന്നറിയിച്ചത്. കൊറോണാ വൈറസ് പടരുന്നതിനാലും അതിനെതിരെ ലോകാരോഗ്യ സംഘടന (WHO) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനാലും തങ്ങളുടെ ജോലിക്കാരുടെ സുരക്ഷയെ മുന്‍നിർത്തി തങ്ങള്‍ ഈ വര്‍ഷത്തെ MWC-യില്‍ പങ്കെടുക്കുന്നില്ല എന്നാണ് ഈ കമ്പനികൾ പറഞ്ഞത്.

അതേസമയം മൊബൈൽ വേൾഡ് കോൺഗ്രസ് തീരുമാനിച്ച ദിവസങ്ങളിൽ തന്നെ നടക്കുമെന്നും മാറ്റങ്ങളൊന്നും തന്നെ ഉണ്ടാവില്ലെന്നും പരിപാടിയുടെ സംഘടകരായ ജിഎസ്എംഎ ടെലികോംസ്‌ ഇന്‍ഡസ്ട്രി അസോസിയേഷന്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ കൂടുതൽ ജാഗ്രത നടപടികൾ കൈക്കൊള്ളുമെന്നും അവർ അറിയിച്ചിട്ടുണ്ട്. ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്നുള്ള ഒരു സന്ദര്‍ശകനെയും മൊബെെൽ വേള്‍ഡ് കോണ്‍ഗ്രസില്‍ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യുവായ്, ZTE തുടങ്ങിയ കമ്പനികള്‍ മേളയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നാണ് എല്ലാ വർഷവും അരങ്ങേറുന്ന MBC. ടെക്‌നോളജിയിലെ പല കണ്ടുപിടുത്തങ്ങളും ഈ വേദിയിലാണ് ആദ്യമായി പ്രദർശിപ്പിക്കാറുള്ളത്. പുതിയ സോഫ്റ്റ്‌വെയർ ഫീച്ചറുകൾ മുതൽ പുത്തൻ ഡിവൈസുകൾ വരെ ഈ മേളയിൽ ലോഞ്ച് ചെയ്യാറുണ്ട്. കൊറോണ ഭീഷണി ഉള്ളതുകൊണ്ടുതന്നെ നോ ഹാന്‍ഡ്‌ഷെയ്ക് പോളിസി ഉൾപ്പെടെ കൊറോണ വൈറസിനെതിരെ പല അവബോധനങ്ങളും ഇവിടെ ഉണ്ടായിരിക്കും. ഈ വർഷം ഫെബ്രുവരി 24 മുതൽ 27 വരെയാണ് MBC നടക്കുന്നത്.

കൊറോണ വൈറസ് ബാധയേറ്റ് ഇതിനോടകം 800ലധികം പേരാണ് മരിച്ചത്. സ്മാര്‍ട്ഫോണ്‍ വ്യവസായത്തെ കൊറോണാ വൈറസ് മോശമായി ബാധിക്കാൻ തുടങ്ങി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ചൈനയിൽ കൊറോണ പടർന്നുപിടിച്ചതോടെ ഗൂഗിൾ, ആപ്പിൾ തുടങ്ങിയ മുൻനിര ടെക് കമ്പനികളും വ്യവസായ സ്ഥാപനങ്ങളുമെല്ലാം ചൈനയിലെ നിർമ്മാണ യൂണിറ്റുകളും വിൽപ്പനശാലകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ജീവനക്കാര്‍ ചൈനയിലേക്ക് യാത്ര നടത്തുന്നതും ആപ്പിള്‍ നിയന്ത്രിച്ചിട്ടുണ്ട്. തിരിച്ചടി നേരിടുന്ന മറ്റൊരു കമ്പനി ഗൂഗിളാണ്. ഗൂഗിളിന്റെ ചൈനയിലെ നിരവധി ഓഫീസുകള്‍ താത്കാലികമായി അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 


ചൈനയിൽ നിന്നുള്ള മുൻനിര കമ്പനിയായ ഷവോമിയും നൂറുകണക്കിന് ഷോപ്പുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ഓൺലൈൻ സ്റ്റോറുകൾ വഴിയാണ് ഇപ്പോൾ ഷവോമി ഫോണുകളുടെ വില്പന നടക്കുന്നത്. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജിയും ചൈനയിലേക്കുള്ള ജീവനക്കാരുടെ യാത്രകള്‍ വിലക്കിയിരിക്കുകയാണ്. 

ലാപ്‌ടോപ് നിര്‍മാതാക്കളായ റേസറും ചൈനയിലെ കോറോണ വൈറസ് വ്യാപനം മൂലം പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

No comments