Featured Posts

Breaking News

ആദ്യ മരണം 1973 ജനുവരിയിൽ രണ്ടാം മരണം 2021 ൽ !!


ഒരു ജീവിതത്തിൽ രണ്ടു മരണം. കൊച്ചി കുണ്ടശേരി ബംഗ്ലാവിൽ മുഹമ്മദ്‌കോയയുടെ പത്തുമക്കളിൽ ആറാമനായ അബ്‌ദുൽ ജബ്ബാറിന്റെ ജീവിതത്തിൽ സംഭവിച്ചതു മറ്റൊന്നല്ല. ഇക്കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ജബ്ബാർ അന്തരിച്ചു– 79ാം വയസ്സിൽ. രണ്ടാം ജന്മത്തിലെ മരണം. വാർധക്യസഹജമായ അസുഖങ്ങളായിരുന്നു കാരണം. പതിറ്റാണ്ടുകളായി മാഹിയിൽ സ്ഥിരതാമസമായിരുന്നു ജബ്ബാർ.

അതെ, രണ്ടാം ജന്മമമായിരുന്നു അവസാന 48 വർഷം അദ്ദേഹത്തിന്. 32–ാം വയസ്സിലായിരുന്നു ‘ആദ്യ മരണം’. ബസ് അപകടത്തിൽ മഹാരാഷ്ട്രയിലെ പുണെയിൽ ‘തൽക്ഷണമായിരുന്നു ആ മരണം’. പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയ ‘മൃതശരീരത്തിന്റെ’ തലയോട്ടിയിൽ ചുറ്റികകൊണ്ട് ആദ്യ അടി. പെട്ടെന്ന്, ഇടതു കൈവിരലുകളിലൊരു ചലനം. അപ്പോൾ... ജബ്ബാർ മരിച്ചിട്ടില്ലേ...? ഡോക്ടർമാർ ആ യാഥാർഥ്യം തിരിച്ചറിഞ്ഞു. 2013 ജനുവരിയിൽ ജബ്ബാർ പങ്കിട്ട അനുഭവകഥ ഇങ്ങനെ.

‘എന്റെ ‘മൃതശരീരം’ പോസ്‌റ്റ്‌മോർട്ടം ടേബിളിൽ കിടത്തി തലയോട്ടിയിൽ ചുറ്റികകൊണ്ട് ആദ്യം പ്രഹരിച്ചപ്പോൾതന്നെ ഇടത് കൈവിരലുകളിലുണ്ടായി ചലനം..’ പോസ്‌റ്റ്‌മോർട്ടം ചെയ്യുന്ന ഡോക്‌ടറും സഹായിയും അതു കണ്ടില്ലായിരുന്നെങ്കിൽ, ആ കഥ പതിറ്റാണ്ടുകൾക്കിപ്പുറം നമ്മോടു സംസാരിക്കാൻ ജബ്ബാർ ജീവിച്ചിരിക്കുമായിരുന്നില്ല. മുപ്പത്തിരണ്ടാംവയസ്സിൽ തീർന്ന ആയുസ്സ് അര നൂറ്റാണ്ടുകൂടി നീട്ടിക്കിട്ടി ജബ്ബാറിന്. ജീവിതം ബോണസായി നീട്ടിത്തന്ന പരമകാരുണികനോടു നന്ദിപറയാൻ വാക്കുകളുണ്ടായിരുന്നില്ല.

പോസ്‌റ്റ്‌മോർട്ടം ടേബിളിൽനിന്ന് അടിയന്തര ചികിത്സയ്‌ക്കു വിധേയനാക്കപ്പെട്ട അദ്ദേഹത്തിനു ബോധംവീണതു നാലുദിവസത്തിനു ശേഷമായിരുന്നു. അന്നു ഡോക്‌ടർ പറഞ്ഞു: ‘താങ്കൾ മനുഷ്യനല്ല; മാലാഖയാണ്’. അതെ, നമുക്കും തോന്നും മാലാഖയായിരുന്നു ജബ്ബാറെന്ന്. മരിച്ചിട്ടും തിരിച്ചുവന്നു നമ്മോടു സുസ്‌മേരവദനനായി സംവദിച്ച അദ്ദേഹത്തെ മറ്റെന്തു വിളിക്കാനാകും? ‘തവക്കൽതു അലല്ലാഹ്’. (എല്ലാം അല്ലാഹുവിൽ സമർപ്പിക്കുന്നു). മാഹി റയിൽവേസ്‌റ്റേഷൻ റോഡ് പുത്തലത്ത് ക്ഷേത്രത്തിനു സമീപത്തെ ‘സബാഹ്’ എന്ന വസതിയുടെ വാതിൽക്കൽ ഈ സൂക്‌തം എഴുതിയിരിക്കുന്നു.


‘ആദ്യ മരണം’ 1973 ജനുവരിയിൽ


മംഗളൂരു–മുംബൈ ബസ് യാത്രയിലാണു ജബ്ബാറിന്റെ ‘മരണ’ത്തിനിടയാക്കിയ അപകടം. 1973 ജനുവരി 31. അന്നദ്ദേഹം ദുബായിലെ ജിഐസി കമ്പനി ടെക്‌നീഷ്യൻ. അവധിക്കുശേഷം ദുബായിലേക്കു പോകാനായിരുന്നു മുംബൈ യാത്ര. ട്രെയിൻ ജനുവരി 30നു മംഗളൂരുവിലെത്തിയപ്പോൾ ഒന്നര മണിക്കൂർ വൈകി. മുംബൈയ്ക്കുള്ള ബലാൽ മോട്ടോഴ്‌സ് ബസ് പുറപ്പെട്ടുകഴിഞ്ഞു. പിന്നെ ആ ദിവസം മുംബൈയിലേക്കു ബസില്ല.


ടാക്‌സിയെടുത്തു പിന്നാലെവിട്ടു. വഴിയിൽവച്ചു ബസിൽ കയറിപ്പറ്റി. അകത്ത് ഇരിക്കാൻ ഇടമില്ല. ഒടുവിൽ ഡ്രൈവറുടെ കാബിനിൽ താൽക്കാലിക ഇരിപ്പിടമൊരുങ്ങി. പിറ്റേന്നു രാവിലെ എട്ടരയ്‌ക്കായിരുന്നു അപകടം. ബസ് പുണെയ്‌ക്കു സമീപം കരാഡ് എത്തിയിരുന്നു. എതിരെ വന്ന ലോറിയും ജബ്ബാർ യാത്രചെയ്‌ത ബസും കൂട്ടിയിടിച്ചു. ആ അപകടത്തിനും നാലു ദിവസത്തിനുശേഷം ബോധംതെളിയുന്നതിനും ഇടയിലായിരുന്നു വിധിനിർണായകമായ പോസ്‌റ്റ്‌മോർട്ട ശ്രമം.


അപകടത്തിൽ മൂന്നു പേർ മരിച്ചു. ‘മരിച്ച’ മൂന്നാമനായ ജബ്ബാറിനെ മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിൽ മിറാജ് മെഡിക്കൽ സെന്ററിലെ വാൻലെസ് ആശുപത്രിയിൽ എത്തിച്ചു. ഇടതുഭാഗത്തെ പല്ലുകളെല്ലാം തകർന്നിരുന്നു. ഒരുപാടു രക്‌തമൊഴുകി. ആശുപത്രിയിലെത്തിയപ്പോൾ പൾസ് ഉണ്ടായിരുന്നില്ല. ഇതാണു ‘മരണം സ്‌ഥിരീകരിക്കാൻ’ ഇടയാക്കിയത്. പോസ്‌റ്റ്‌മോർട്ടത്തിനു മുൻപായി ശീതീകരിച്ച മുറിയിൽ കിടത്തി.


ബാഗിൽനിന്നു ലഭിച്ച വിലാസത്തിൽ പൊലീസ് ‘മരണവിവരം’ അറിയിച്ചതു പ്രകാരം ജ്യേഷ്‌ഠൻ മജീദും ഭാര്യാസഹോദരൻ അബ്‌ദുല്ലയും വിമാനത്തിൽ മുംബൈയിലും വൈകാതെ ആശുപത്രിയിലുമെത്തി. അവർ പുറത്തുകാത്തിരിക്കെ, അകത്തു പോസ്‌റ്റ്‌മോർട്ടത്തിനു തുടക്കമായി. ചുറ്റിക കൊണ്ടുള്ള ആദ്യപ്രഹരം തലയോട്ടിയുടെ ഇടതുവശത്ത്. ആ അടയാളം ജീവിതാവസാനം വരെയുണ്ടായിരുന്നു നെറ്റിയിൽ. ശരീരത്തിൽ ചലനം കണ്ടതോടെ പോസ്‌റ്റ്‌മോർട്ടം അവസാനിക്കുകയും ചെയ്‌തു.

ക്ഷണനേരംകൊണ്ട് അടിയന്തര ചികിത്സ. പ്രഹരമേറ്റഭാഗം തുന്നിക്കെട്ടി. എന്നാൽ പ്രഹരത്തിൽ തലച്ചോറിലേക്കുള്ള മൂന്നാം ഞരമ്പ് പൊട്ടി. ഇത് ഇടതുകണ്ണിന്റെ കാഴ്‌ചയില്ലാതാക്കി. ഇമ ഉയർന്നുനിൽക്കാനുള്ള ശേഷി ഇല്ലാതായി. പകൽവെളിച്ചത്തിൽ ജബ്ബാർ ഈ കണ്ണു തുറന്നാൽ അതിശക്‌തമായ വെളിച്ചം കണ്ണിലേക്കു കയറുമായിരുന്നു. വലതു കണ്ണുപയോഗിച്ചു വലത്തേക്കു നോക്കിയാൽ ഇടതുകണ്ണിന്റെ ഇമ ഉയരും. രാത്രിയിൽ ഇടതുകണ്ണിനു നേരിയ കാഴ്‌ചയുണ്ടായിരുന്നു അദ്ദേഹത്തിന്.


‘മരണത്തിനു’ ശേഷം


സാധാരണ നിലയിലേക്കുവരാൻ പിന്നെയും ആറു മാസം വേണ്ടിവന്നു ജബ്ബാറിന്. വാൻലെസ് ഹോസ്‌പിറ്റലിൽനിന്നു ഡിസ്‌ചാർജ് ചെയ്‌തു കൊച്ചിയിലേക്കു കൊണ്ടുപോകാൻ പിതാവ് മുഹമ്മദ്‌കോയ സഹോദരനെ നിർബന്ധിച്ചു. 1973 ഫെബ്രുവരി 14ന് ആശുപത്രിവിട്ടു. ചുറ്റിക കൊണ്ടുള്ള പ്രഹരത്തിൽ തലയിലെ മൂന്നാം ഞരമ്പു (നെർവ് നമ്പർ ത്രീ) പൊട്ടിയെങ്കിലും നാഡീസംബന്ധമായ രോഗങ്ങളൊന്നുമില്ലെന്നു സർജനായ ഡോ. മാത്യു ഒപ്പിട്ട വിടുതൽ സർട്ടിഫിക്കറ്റിൽ പറയുന്നു.


കണ്ണിന്റെ പ്രശ്‌നം സാവധാനം മാറുമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും മാറിയതേയില്ല. കണ്ണിനു കുഴപ്പംസംഭവിച്ചത് ബസ് അപകടത്തിലാണെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. എന്നാൽ തന്റെ കണ്ണെടുത്തതു ചുറ്റികകൊണ്ടുള്ള പ്രഹരമാണെന്നതിൽ സംശയമുണ്ടായിരുന്നില്ല ജബ്ബാറിന്.


കൊച്ചി സ്വദേശിയാണെങ്കിലും ജബ്ബാർ വിവാഹശേഷം താമസിച്ചതു ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം ഭാര്യയുടെ ജന്മദേശമായ മാഹിയിലാണ്. മൂന്നു മക്കളാണിവർക്ക്. അപകടമുണ്ടാകുമ്പോൾ ജബ്ബാറിന് 32 വയസ്സായിരുന്നു. അപൂർവമായ ഒരു ആൽബം എപ്പോഴും കൊണ്ടുനടക്കുമായിരുന്നു ജബ്ബാർ. അപകടം സംഭവിച്ച 1973 ജനുവരി 31നു മുൻപും ശേഷവുമുള്ള ചിത്രങ്ങളുടെ സമാഹാരമായിരുന്നു അത്. അപകടത്തിനു മുൻപും പിൻപുമുള്ള സ്വന്തം ചിത്രങ്ങൾ ഒന്നാംപേജിൽ. ഒപ്പം ആദ്യമായി ദുബായിലേക്കു പോകുംമുൻപുള്ള സന്തുഷ്‌ട കുടുംബചിത്രവും.


ദുർവിധി വരുത്തിവച്ചത്...


1972 ഡിസംബറിൽ രണ്ടുമാസത്തെ അവധിക്കു നാട്ടിലെത്തിയ ജബ്ബാർ യഥാർഥത്തിൽ മടങ്ങേണ്ടിയിരുന്നതു ഫെബ്രുവരി അവസാനമായിരുന്നു. എന്നാൽ, ഒരു ബന്ധുവിന്റെ സൗകര്യത്തിനായി യാത്ര നേരത്തെയാക്കുകയായിരുന്നു. ആറു മാസത്തെ ചികിത്സയ്‌ക്കുശേഷം ജബ്ബാർ ദുബായിൽ ജിഇസി കമ്പനിയിലേക്കു വീണ്ടുമെത്തി. അവിടെ ജോലിയിലിരിക്കെത്തന്നെ റാഷിദ് ആശുപത്രിയിൽ ജോലികിട്ടി. എന്നാൽ ഒരു കണ്ണിനു കാഴ്‌ചയില്ലെന്ന പേരിൽ പല ജോലികളിൽനിന്നും ജബ്ബാറിനെ ഒഴിവാക്കി നിർത്തിയിരുന്നു.

Tag: Two Times Dead in one Life.. Jabbar Kochi.

No comments