പൊളി സാനം അറസ്റ്റില്‍; പണി പാളുമെന്ന് കണ്ട് പല വ്‌ളോഗര്‍മാരും വീഡിയോ മുക്കി
കോഴിക്കോട്: ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ അറസ്റ്റില്‍ സാമൂഹികമാധ്യമങ്ങളില്‍ നടന്ന അതിരുവിട്ട പ്രതികരണങ്ങളില്‍ പോലീസ് നടപടി ശക്തമാക്കിയതോടെ പലരും വീഡിയോ മുക്കി. യൂട്യൂബിലെ പല വ്‌ളോഗര്‍മാരും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സേഴ്‌സും ഉള്‍പ്പെടെയുള്ളവരാണ് പണി പാളുമെന്ന് കണ്ടതോടെ വീഡിയോകള്‍ ഡിലീറ്റ് ചെയ്തത്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായതിന് പിന്നാലെ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും എതിരേ രൂക്ഷമായ ഭാഷയിലായിരുന്നു പലരും വീഡിയോ ചെയ്തിരുന്നത്. മണിക്കൂറുകള്‍ക്കകം ഇവയെല്ലാം അക്കൗണ്ടുകളില്‍നിന്ന് അപ്രത്യക്ഷ്യമാവുകയായിരുന്നു. ചിലരാകട്ടെ പുതിയ വീഡിയോ പോസ്റ്റ് ചെയ്ത് 'ശാന്തമായി' വിശദീകരണവും നല്‍കി.
ആര്‍.ടി. ഓഫീസില്‍ അതിക്രമം കാട്ടിയതിന് തിങ്കളാഴ്ചയാണ് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരായ എബിനെയും ലിബിനെയും കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതിന് ഇവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇതിനെതിരേ ആര്‍.ടി. ഓഫീസിലെത്തിയ ഇരുവരും ഉദ്യോഗസ്ഥര്‍ക്ക് നേരേ തട്ടിക്കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. കേസില്‍ കഴിഞ്ഞദിവസം ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തറിഞ്ഞതോടെയാണ് പല വ്‌ളോഗര്‍മാരും 'പൊട്ടിത്തെറിച്ച്' വീഡിയോ ചെയ്തത്. ഇതില്‍ പല വീഡിയോകളിലും തീര്‍ത്തും അസംബന്ധമായ കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നത്. ചിലതാകട്ടെ അതിരുവിട്ടരീതിയിലുമായി. ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച ഒരാളെയാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കാവനാട് സ്വദേശി റിച്ചാര്‍ഡ് റിച്ചുവാണ് അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്. പോലീസുകാരെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറയുന്നതും ഇയാളുടെ വീഡിയോയിലുണ്ടായിരുന്നു. എന്നാല്‍ ഈ വീഡിയോ റിച്ചാര്‍ഡ് റിച്ചു പിന്നീട് പിന്‍വലിച്ചെങ്കിലും പോലീസ് പിന്‍വാങ്ങിയില്ല. ചൊവ്വാഴ്ച രാത്രിയോടെ യുവാവിനെ കൈയോടെ പിടികൂടുകയും ചെയ്തു.
നേരത്തെ 'പൊളി സാന'മെന്ന് പറഞ്ഞ് എയര്‍ ഗണ്‍ പരിചയപ്പെടുത്തിയ ആളാണ് റിച്ചാര്‍ഡ് റിച്ചു. ഈ വീഡിയോയിലൂടെയാണ് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. അസഭ്യം പറഞ്ഞ് വീഡിയോ പ്രചരിപ്പിച്ചതിന് പുറമേ, കലാപാഹ്വാനത്തിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്തവരടക്കം നിരീക്ഷണത്തിലാണെന്നാണ് പോലീസ് പറയുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെ അസഭ്യം പറയുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വ്‌ളോഗര്‍മാരുടെ ആരാധകരെന്ന് പറഞ്ഞ് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നരീതിയില്‍ പ്രകോപനപരമായ വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ ഇവര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.