Featured Posts

Breaking News

സ്റ്റാലിൻ ഭരണത്തിന്റെ ശേഷിപ്പ്; ഒഡേസയിൽ കൂട്ടക്കുഴിമാടം, കണ്ടെത്തിയത് 8000 പേരുടെ അസ്ഥികൂടങ്ങൾ


കീവ്: യുക്രൈനിലെ തെക്കന്‍ നഗരമായ ഒഡേസയില്‍ നിന്ന് ആയിരക്കണക്കിനാളുകളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. സോവിയറ്റ് സ്വേച്ഛാധിപതിയായ ജോസഫ് സ്റ്റാലിന്റെ കാലത്ത് കൂട്ടക്കൊലക്കിരയായവരുടേതാണ് ഇവയെന്ന് പ്രദേശിക അധികൃതര്‍ അറിയിച്ചു. ഒഡേസ വിമാനത്താവളത്തിന് സമീപത്ത് രണ്ട് ഡസനിലേറെ കുഴിമാടങ്ങളില്‍ നിന്നാണ് 5000 മുതല്‍ 8000 ത്തോളം പേരുടെ അസ്ഥികള്‍ കണ്ടെടുത്തത്.

യുക്രൈനില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ശ്മശാനസമുച്ചയമാണിത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്‍ പിന്നീടാണ് സ്വതന്ത്രരാജ്യമായി തീര്‍ന്നത്. സ്റ്റാലിന്റെ എന്‍കെവിഡി എന്ന കുപ്രസിദ്ധ രഹസ്യപോലീസ് സംഘടന കൂട്ടത്തോടെ കൊന്നൊടുക്കിയവരുടെ ശേഷിപ്പുകളാണിവയെന്ന് നാഷണല്‍ മെമ്മറി ഇന്‍സ്റ്റിട്യൂട്ടിന്റെ മേധാവി സെര്‍ഗൈ ഗുത്‌സാല്യുക് പറഞ്ഞു. ഖനനം തുടരുകയാണെന്നും കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും കൂടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കൂട്ടക്കൊലയുടെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. മുന്‍കാലത്തും സമീപപ്രദേശത്ത് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നതായി ഗുത്‌സാല്യുക് അറിയിച്ചു. തടവുകാരാക്കി വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമാണ്. 1937-39 കാലയളവില്‍ സ്റ്റാലിന്റെ ഏകാധിപത്യഭരണത്തിന് ഇരയായവരാണ് ഇതെന്നും ഗുത്‌സാല്യുക് കൂട്ടിച്ചേര്‍ത്തു. ഇവരെ കുറിച്ചുള്ള വിവരം മോസ്‌കോയില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും അവ ലഭ്യമാകാനിടയില്ലെന്ന് ഗുത് സാല്യുക് പറഞ്ഞു.

സ്റ്റാലിന്റെ അടിച്ചമര്‍ത്തല്‍ ഭരണകാലത്ത് ആയിരക്കണക്കിന് യുക്രൈന്‍കാര്‍ ഗുലാഗ് ക്യാംപുകളില്‍ തടവിലാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതായി യുക്രൈന്‍ ചരിത്രകാരന്മാര്‍ പറയുന്നു. ലെനിന്റെ നിര്‍ദേശപ്രകാരം സ്ഥാപിക്കപ്പെട്ട തൊഴിലാളി ക്യാംപുകളാണ് ഗുലാഗ് എന്ന പേരിലറിയപ്പെടുന്നത്. സ്റ്റാലിന്റെ കാലത്ത് ഈ നിര്‍ബന്ധിത ക്യാംപുകള്‍ കൂടുതല്‍ ശക്തമായി. സോവിയറ്റ് യൂണിയനിലെ സുപ്രധാന രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ ക്യാംപുകളായിരുന്നു ഗുലാഗ്.

കീവിന്റെ പ്രാന്തപ്രദേശത്തെ ബൈകിവ്‌നിയ ഗ്രാമത്തിന് സമീപത്തെ വനമേഖലയിലാണ് സ്റ്റാലിന്‍ കാലത്തെ ഏറ്റവുമധികം കൂട്ടക്കൊല അരങ്ങേറിയത്. 1937-41 കാലത്ത് പതിനായിരക്കണക്കിനാളുകളെ ഇവിടെ കൊന്ന് കുഴിച്ചിട്ടുണ്ട്. 1932-33 ലുണ്ടായ കൊടുംക്ഷാമകാലത്ത് ലക്ഷക്കണക്കിന് യുക്രൈന്‍കാര്‍ മരിച്ചിരുന്നു. സ്റ്റാലിന്റെ പദ്ധതി പ്രകാരം ഉണ്ടാക്കിയതാണ് ഈ ക്ഷാമമെന്നും നടന്നത് വംശഹത്യയാണെന്നുമാണ് കണക്കാക്കപ്പെടുന്നത്.

No comments