Featured Posts

Breaking News

വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ


ന്യൂഡല്‍ഹി: വാക്‌സിന്‍ കയറ്റുമതിയും മറ്റ് രാജ്യങ്ങള്‍ക്കുള്ള വാക്‌സിന്‍ സംഭാവന നല്‍കലും പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്ത് രണ്ടാം തരംഗം ഉണ്ടായതിനെതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിക്കാന്‍ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആവശ്യത്തിന് ശേഷം വരുന്ന വാക്‌സിന്‍ കയറ്റുമതി ചെയ്യും. അയല്‍രാജ്യങ്ങള്‍ക്കാവും പ്രധാന പരിഗണ നല്‍കുക. അടുത്ത മാസം രാജ്യത്ത് 30 കോടി വാക്‌സിന്‍ ഉത്പാദിപ്പിക്കും.

വാക്‌സിന്‍ കയറ്റുമതി നിര്‍ത്തുന്നതിന് മുന്‍പ് ഇന്ത്യ നൂറോളം രാജ്യങ്ങള്‍ക്കായി 6.6 കോടി വാക്‌സിന്‍ വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിച്ചതിനെ തുടര്‍ന്നാണ് വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചത്. വാക്‌സിന്‍ കയറ്റുമതി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രാജ്യം പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ വിദേശ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ്‌ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചത്.

അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദന രാജ്യമായ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തുന്നത് ആഗോള തലത്തില്‍ സമ്പൂര്‍ണ വാക്‌സിന്‍ ലക്ഷ്യത്തിലെത്തിക്കാന്‍ തടസ്സമാവുമെന്നായിരുന്നു അമേരിക്കയുടെ വിലയിരുത്തല്‍.

No comments