Featured Posts

Breaking News

ബന്ധു നിയമന കേസിൽ മുൻ മന്ത്രി കെ.ടി. ജലീലിന് സുപ്രീംകോടതിയിൽ തിരിച്ചടി


ന്യൂഡൽഹി: വിവാദമായ ബന്ധു നിയമന കേസിൽ മുൻ മന്ത്രി കെ.ടി. ജലീലിന് സുപ്രീംകോടതിയിൽ തിരിച്ചടി. സംസ്ഥാന ലോകായുക്ത ഉത്തരവും ഹൈകോടതി വിധിയും സ്റ്റേ ചെയ്യണമെന്ന ജലീലിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി.

അപേക്ഷ സ്വീകരിക്കാതെയുള്ള ബന്ധു നിയമനമാണ് നടന്നിരിക്കുന്നത്. അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധു നിയമനം ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാന ലോകായുക്തയുടെ റിപ്പോർട്ടിൽ ഇടപെടാനാകില്ലെന്നും ഹരജി തള്ളുകയാണെന്നും നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തള്ളുന്ന സാഹചര്യത്തിൽ ഹരജി പിൻവലിക്കാമെന്ന് ഡിവിഷൻ ബെഞ്ച് മുമ്പാകെ ജലീലിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഹരജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകി.

സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും നിയമനത്തിൽ സ്വജനപക്ഷപാതമില്ലെന്നും സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ ഹരജിയിൽ ജലീൽ ചൂണ്ടിക്കാട്ടിയത്. ലോകായുക്ത നടപടിക്രമങ്ങൾ പാലിച്ചില്ല. പ്രാഥമിക അന്വേഷണം നടത്താതെയാണ് തനിക്കെതിരായ ലോകായുക്തയുടെ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.

രേഖകളും വസ്തുതകളും ലോകായുക്ത കൃത്യമായി പരിശോധിച്ചില്ല. ലോകായുക്തയുടെ കണ്ടെത്തലിനെ ഹൈകോടതി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ലോകായുക്ത റിപ്പോർട്ടും ഹൈകോടതി വിധിയും റദ്ദാക്കണമെന്നുമാണ് അപ്പീലിൽ ജലീൽ ആവശ്യപ്പെട്ടത്.

ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് സംസ്ഥാന ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്ത കണ്ടെത്തൽ ഹൈകോടതി പിന്നീട് ശരിവെക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മന്ത്രിസ്ഥാനം കെ.ടി. ജലീൽ രാജിവെച്ചത്.

No comments