Featured Posts

Breaking News

ബാറ്ററി ചാർജാകാൻ വെറും 15 മിനിറ്റ്; സൂപ്പർഫാസ്റ്റ് ചാർജർ, ലോകത്തിൽ ആദ്യം


വെറും 15 മിനിറ്റിൽ വൈദ്യുത കാർ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ കഴിയുന്ന വൈദ്യുത വാഹന ചാർജറുമായി എബിബി ലിമിറ്റഡ്. ടെറ 360 എന്നു പേരിട്ട മൊഡ്യുലർ ചാർജർ, ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ വൈദ്യുത വാഹന ചാർജിങ് യൂണിറ്റാണെന്നും കമ്പനി അവകാശപ്പെടുന്നു. ഡൈനമിക് പവർ ഡിസ്ട്രിബ്യൂഷൻ സഹിതം പരമാവധി 360 കിലോവാട്ട് വരെ ഔട്ട്പുട്ടുമായി ഒരേ സമയം നാലു വാഹനങ്ങൾ വരെ ചാർജ് ചെയ്യാവുന്ന രീതിയിലാണു ടെറ 360 ചാർജറിന്റെ ക്രമീകരണം.

വൈദ്യുത വാഹന(ഇ വി)ങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രമുഖരാണ് സ്വീഡിഷ് – സ്വിസ് ബഹുരാഷ്ട്ര കോർപറേഷനായ എബിബി. വൈദ്യുത ട്രെയിൻ എൻജനുകളിലും കപ്പൽ, ട്രക്ക് തുടങ്ങി വാണിജ്യ വാഹന വിഭാഗത്തിലും എ ബി ബി സജീവ സാന്നിധ്യമാണ്. പുതുമയാർന്ന ലൈറ്റിങ് സംവിധാനത്തോടെ എത്തുന്ന ടെറ 360, ചാർജിങ് പുരോഗമിക്കുന്നതിനനുസൃതമായി ഉപയോക്താവിനു വിവരങ്ങൾ നൽകുമെന്നും എ ബി ബി വെളിപ്പെടുത്തുന്നു. ഇ വി ബാറ്ററിയുടെ സ്ഥിതി(സ്റ്റേറ്റ് ഓഫ് ചാർജ് അഥവാ എസ് ഒ സി), ബാറ്ററി പൂർണ തോതിൽ ചാർജ് ആവാൻ വേണ്ടിവരുന്ന സമയം തുടങ്ങിയ വിവരങ്ങളൊക്കെ ലഭ്യമാവും. കൂടാതെ വീൽ ചെയർ ഉപയോഗിക്കുന്ന അംഗപരിമിതർക്കും അനായാസം ഉപയോഗിക്കാനാവുംവിധമാണ് ടെറ 360 ചാർജറിന്റെ രൂപകൽപന.

ഓഫിസ് വളപ്പിലും മാളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെ ടെറ 360 ചാർജർ അനായാസം ഘടിപ്പിക്കാനാവും. ചാർജറിന് അധികം സ്ഥലസൗകര്യം വേണ്ടാത്തതിനാൽ പാർക്കിങ് മേഖലയിലും ചെറു ഡിപ്പോയിലുമൊക്കെ ടെറ 360 സ്ഥാപിക്കാം. ഈ വർഷം അവസാനത്തോടെ ടെറ 360 ചാർജർ യൂറോപ്പിൽ ലഭ്യമാക്കാനാണ് എ ബി ബിയുടെ ശ്രമം. ക്രമേണ യു എസിലും ലാറ്റിൻ അമേരിക്കയിലും ഏഷ്യ പസഫിക് മേഖലയിലുമൊക്കെ ഈ അതിവേഗ ചാർജർ ലഭ്യമാവും.

No comments