ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം
റായ്പുര്‍: ഛത്തീസ്ഗഢിലെ ജയ്ഷ്പുര്‍ നഗറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാല് പേര്‍ മരിച്ചു. 16 പേരുടെ നില അതീവഗുരുതരമാണ്. ദാരുണമായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ പാതല്‍ഗാവോണ്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.
ദുര്‍ഗാ വിഗ്രഹം നിമഞ്ജനം ചെയ്യാനായി കൂട്ടമായി പോകുകയായിരുന്ന ആളുകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. പാതല്‍ഗാവോണിലെ റായ്ഗഢ് റോഡിലാണ് സംഭവം. ക്ഷുഭിതരായ നാട്ടുകാര്‍ കാര്‍ അടിച്ചുതകര്‍ത്ത് തീവെച്ചു. വാഹനമോടിച്ച ഡ്രൈവറെ നാട്ടുകാര്‍ മര്‍ദിച്ചു. വാഹനത്തില്‍ നിന്ന് കഞ്ചാവ് കെട്ടുകള്‍ കണ്ടെടുത്തതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബബ്‌ലു വിശ്വകര്‍മ, ശിശുപാല്‍ സാഹു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ മധ്യപ്രദേശ് സ്വദേശികളാണെന്നാണ് പോലീസ് പറയുന്നത്.
സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. ജനക്കൂട്ടത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.