Featured Posts

Breaking News

പറഞ്ഞതിലുറച്ച്​ നിൽക്കുന്നു; ഒരടി പിന്നോട്ടില്ലെന്ന്​ മന്ത്രി റിയാസ്​


കോഴിക്കോട്​: സഭയിൽ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചുറച്ച്​ പറഞ്ഞതാണെന്നും അതിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി പി.എ മുഹമ്മദ്​ റിയാസ്​. എം.എൽ.എമാർ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാൻ വരരുതെന്ന്​ സഭയിൽ റിയാസ്​ പറഞ്ഞതിനെതിരെ സി.പി.എം നിയമസഭാ കക്ഷി യോഗത്തിൽ വിമർശനമുയർന്നത്​ സംബന്ധിച്ച്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്‍റെ നിയമസഭാകക്ഷി യോഗത്തിൽ എം.എൽ.എമാർ തനിക്കെതിരെ വിമർശനം ഉന്നയിച്ചുവെന്ന്​ അതുകേട്ട്​ താൻ ഖേദം പ്രകടിപ്പിച്ചു എന്നുമുള്ള വാർത്തകൾ അടിസ്​ഥാന രഹിതമാണെന്ന്​ റിയാസ്​ പറഞ്ഞു. എം.എൽ.എമാർക്ക്​ പല കാര്യങ്ങൾക്കും പലരുടെയും കൂടെ മന്ത്രിമാരെ കാണേണ്ടി വരും. എൽ.ഡി.എഫിന്‍റെ നിലപാടാണ്​ അത്​. താൻ അതിനെതിരല്ല. അതേസമയം, കൂടെ കൂട്ടുന്നവരെ കുറിച്ച്​ എം.എൽ.എമാർ അന്വേഷിക്കണമെന്നും മന്ത്രി റിയാസ്​ പറഞ്ഞു.

സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾക്ക്​ എം.എൽ.എമാർക്ക്​ കരാറുകാരുമായി മന്ത്രിയെ കാണേണ്ടി വരും. അതേസമയം, മറ്റു മണ്ഡലങ്ങളിലെ കാര്യങ്ങൾക്ക്​ കരാറുകാരുമായി മന്ത്രിയെ കാണുന്നത്​ പ്രശ്​നമുണ്ടാക്കും. ആ മണ്ഡലത്തിലെ എം.എൽ.എക്ക്​ മറ്റൊരു അഭിപ്രായം ഉണ്ടാകാമെന്നും റിയാസ്​ പറഞ്ഞു.


എല്ലാ കരാറുകാരും എഞ്ചിനീയർമാരും മോശക്കാരാണെന്ന്​ എവിടെയും പറഞ്ഞിട്ടില്ല. അതേസമയം, ചില എഞ്ചിനീയർമാരും കരാറുകാരും തമ്മിൽ മോശം കൂട്ടുകെട്ടുണ്ട്​. അങ്ങനെ പല തെറ്റായ പ്രവണതകളും ഉണ്ടാകുന്നുണ്ട്​. അത്​ താൻ പറഞ്ഞതല്ലെന്നും കൺട്രോളർ ആന്‍റ്​ ഒാഡിറ്റർ ജനറലിന്‍റെ കണ്ടെത്തലാണെന്നും മന്ത്രി റിയാസ്​ പറഞ്ഞു.

വിവാദങ്ങളുടെ അടിസ്​ഥാനത്തിൽ താൻ പിറകോട്ട്​ പോകുമെന്ന്​ ആരും കരുതേണ്ടെന്നും സഭയിൽ ഉറക്കത്തിൽ നിന്നെഴുന്നേറ്റ്​ പറഞ്ഞതല്ലെന്നും ആലോചിച്ചുറച്ച്​ പറഞ്ഞതാണെന്നും മന്ത്രി റിയാസ്​ പറഞ്ഞു. സഭയിൽ പറഞ്ഞ കാര്യങ്ങൾ എൽ.ഡി.എഫിന്‍റെ നയങ്ങളാണെന്നും അതിനെ ആരും എതിർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനം. എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുതെന്ന് നിയമസഭയില്‍ പറഞ്ഞതിനെയാണ്​ എ.എന്‍ ഷംസീർ വിമര്‍ശിച്ചത്. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശമാണ് ഷംസീറിനെ പ്രകോപിപ്പിച്ചത്. എം.എല്‍.എമാര്‍ക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം, പ്രശ്നങ്ങള്‍ പരിഹരിക്കണം. അതിന് മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടിവരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നത്. അങ്ങനെ അഹങ്കാരത്തോടെ പറയുന്നത് ശരിയല്ലെന്നും ഷംസീര്‍ തുറന്നടിച്ചു.


തുടര്‍ഭരണം കിട്ടിയ സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ വിനയാന്വിതരാകണമെന്ന പാര്‍ട്ടി മാര്‍ഗരേഖ കൂടി ഷംസീര്‍ ഓര്‍മിപ്പിച്ചു. മന്ത്രി റിയാസ്​ വിമർശനത്തോട്​ പ്രതികരിക്കാതിരുന്നപ്പോൾ അധ്യക്ഷൻ ടി.പി രാമകൃഷ്​ണനാണ്​ മന്ത്രിയെ പ്രതിരോധിച്ചത്​. അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാവണം മന്ത്രി അങ്ങനെ പറഞ്ഞതെന്നു പറഞ്ഞ് ടി.പി.രാമകൃഷ്ണന്‍ രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു. മന്ത്രി മുഹമ്മദ് റിയാസ് മൗനം പാലിച്ചു.

Tag: News from Kerala minister Riyas.

No comments