ഗൂഗിളും ജിയോയും ചേര്‍ന്ന് നിര്‍മാണം, ജിയോഫോണ്‍ നെക്‌സ്റ്റിനെക്കുറിച്ചറിയാം
ഇന്ത്യയില്‍ പരമാവധി ആളുകളെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിലേക്ക് കൊണ്ടുവരിക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് റിലയന്‍സ് ജിയോയ്ക്ക്. 4ജി കണക്റ്റഡ് ഫീച്ചര്‍ഫോണുകള്‍ തുച്ഛമായ നിരക്കില്‍ വിപണിയിലെത്തിച്ചത് അതിന്റെ ഒരു തുടക്കമെന്നോണമായിരുന്നു. ഇപ്പോഴിതാ ഈ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളെയെല്ലാം സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ജിയോ ഫോണ്‍ നെക്‌സ്റ്റ് രംഗപ്രവേശം ചെയ്യാനൊരുങ്ങുകയാണ്. ഫോണ്‍ ഈ ദീപാവലിയ്ക്ക് എത്തുമെന്ന് ആഗോള സാങ്കേതിക ഭീമന്‍ ഗൂഗിളിന്റെ മേധാവി സുന്ദര്‍ പിച്ചൈ തന്നെയാണ് പ്രഖ്യാപിച്ചത്.
എന്താണ് ജിയോ ഫോണ്‍ നെക്‌സ്റ്റ്
ഗൂഗിളും റിലയന്‍സ് ജിയോയും ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണ്‍ ആണ് ജിയോഫോണ്‍ നെക്‌സ്റ്റ്. ഇരു കമ്പനികളും ചേര്‍ന്ന് തയ്യാറാക്കിയ പ്രഗതി ഓഎസ് ആയിരിക്കും ഫോണില്‍. ഇന്ത്യന്‍ ഉപഭോക്താക്കളെ പ്രത്യേകമായി ലക്ഷ്യമിട്ട് പ്രാദേശിക ഭാഷകള്‍ക്കും താല്‍പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി നിര്‍മിച്ച ഓഎസ് ആണിത്.
ഇന്ത്യയെ 2ജിയില്‍ നിന്ന് സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ വലിയ വിലക്കുറവിലുള്ള 4ജി സ്മാര്‍ട്‌ഫോണ്‍ രംഗത്തിറക്കുമെന്ന് കമ്പനിയുടെ 44-മത് വാര്‍ഷിക ജനറല്‍ മീറ്റിങില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
വിപണിയില്‍ ലഭ്യമായ അടിസ്ഥാന 4ജി ഫോണുകളുടെ വില പോലും താങ്ങാന്‍ കഴിയാത്ത 2ജി സേവനങ്ങളില്‍ നിന്നും മുക്തി നേടാത്ത 30 കോടി ജനങ്ങള്‍ രാജ്യത്തുണ്ടെന്ന് അന്ന് അദ്ദേഹം പറഞ്ഞു.
1500 രൂപയ്ക്ക് ആദ്യമായി 4ജി ഫീച്ചര്‍ഫോണ്‍ അവതരിപ്പിച്ചത് ജിയോയാണ്. റീഫണ്ട് ചെയ്യാന്‍ സാധിക്കുന്ന ഡിപ്പോസിറ്റ് എന്ന നിലയിലാണ് അന്ന് ഈ ഫോണുകള്‍ വിതരണം ചെയ്തത്. ഫലത്തില്‍ ഫോണുകള്‍ സൗജന്യത്തില്‍ നല്‍കുകയായിരുന്നു.
ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയോടു കൂടിയെത്തുന്ന ജിയോഫോണ്‍ നെക്‌സ്റ്റില്‍ ക്വാല്‍കോമിന്റെ ഒരു പ്രൊസസര്‍ ചിപ്പ് സെറ്റാണ് ശക്തിപകരുക. സാധാരണ ക്വാല്‍കോമിന്റെ ചിപ്പുകള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ക്ക് വിപണിയില്‍ വിലകൂടാറാണ് പതിവ്. എന്നാല്‍ എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഇതെന്ന ഉറപ്പാണ് മുകേഷ് അംബാനി നല്‍കുന്നത്.
ഫോണില്‍ 5.50 ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കും. 2ജിബി റാമും, 16 ജിബി സ്‌റ്റോറേജുമായിരിക്കും ഉണ്ടാവുക. 2500 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതില്‍. രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവും. നാനോ സിംകാര്‍ഡുകളായിരിക്കും. ഒരു റിയര്‍ ക്യാമറയും സെല്‍ഫി ക്യാമറയും ഉണ്ടാവും. വൈഫൈ, ജിപിഎസ്, 3ജി, 4ജി കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഉണ്ടാവും.
ദീപാവലിയോട് അനുബന്ധിച്ച് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയ്യതി അറിയിച്ചിട്ടില്ല.