ദുരിതത്തിൽപെട്ടവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു -കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പ്രളയദുരിതത്തിൽപെട്ട എല്ലാവർക്കും സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മരണപ്പെട്ടവർക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവർക്കും ധനസഹായം നൽകണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഉടുതുണി പോലും മാറാൻ ഇല്ലാതെ സർവ്വസ്വവും നഷ്ടമായവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 16ന് ഉച്ചയ്ക്ക് വെള്ളപ്പൊക്കമുണ്ടായിട്ട് ഫയർഫോഴ്സ് എത്തുന്നത് വൈകീട്ട് 6 മണിക്കാണ്. വെളിച്ചകുറവിന്റെ പേരിൽ രക്ഷാപ്രവർത്തനം അധികം താമസിക്കാതെ നിർത്തിവെക്കുകയും ചെയ്തു. കോട്ടയം ജില്ലയിലൊക്കെ സൈന്യം ഇറങ്ങിയ ശേഷം മാത്രമാണ് രക്ഷാപ്രവർത്തനത്തിന് വേഗം വന്നത്.