Featured Posts

Breaking News

കൊക്കയാറില്‍നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി; മഴക്കെടുതിയില്‍ മരണം 19 ആയി


മൂവാറ്റുപുഴ: തെക്കന്‍ ജില്ലകളില്‍ തകര്‍ത്തുപെയ്ത പേമാരിയുടെ ദുരിതമൊഴിയുന്നില്ല. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തതോടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 19 ആയി.

കൊക്കയാറില്‍നിന്ന് മൂന്നു കുട്ടികളുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇനി ഇവിടെ കണ്ടെത്താനുള്ളത് അഞ്ച് പേരെയാണ്. ഇവിടെ കാണാതായിരുന്ന എട്ട് പേരില്‍ അഞ്ചുപേരും കുട്ടികളാണ്. ഉരുള്‍പൊട്ടലില്‍ കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍നിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറ് പേരടക്കം ഇവിടെ ആകെ മരണം പത്തായി. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ട് എന്നാണ് കരുതുന്നത്.

ഇന്ന് പകല്‍ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി. മണ്ണില്‍ പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ മഴയ്ക്കുള്ള ലക്ഷണങ്ങളാണ് പ്രദേശത്തുള്ളത്.

കോട്ടയം-ഇടുക്കി ജില്ലകളെ വേര്‍തിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടുന്ന കൊക്കയാറും തമ്മില്‍ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനില്‍ക്കുന്ന പ്രദേശമാണിവ. മുന്‍പ് ഒരിക്കലും ഇവിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

No comments