Breaking News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഇന്ന് 138 അടിയില്‍ എത്തില്ല; സ്ഥിതി കോടതിയെ അറിയിക്കുമെന്ന് മന്ത്രി


ഇടുക്കി: സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് മൂന്നാം ദിവസവും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വില്‍ എത്തിയില്ല. ജലനിരപ്പ് അല്‍പ്പം താഴ്ന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നിലവില്‍ 138.80 അടിയാണ് ജലനിരപ്പ്. റൂള്‍കര്‍വ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തില്ലെന്നും സ്ഥിതിഗതികള്‍ മേല്‍നോട്ടസമിതിയേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്‌നാട് ഇതിനോടകം വര്‍ധിപ്പിക്കേണ്ടതായിരുന്നുവെങ്കിലും അതുണ്ടായില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇന്നലെ നാല് മണി മുതല്‍ 1299 ഘനഅടി ജലം കൂടി സ്പില്‍വേ ഷട്ടറുകള്‍ വഴി ഒഴുക്കി വിടുന്നുണ്ട്. ഇത് 7000 വരെ എത്തിയാലും ആശങ്ക വേണ്ടെന്നും. 7000ത്തിലേക്ക് എത്തിയാല്‍ പോലും സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൃഷി മന്ത്രി പി. പ്രസാദിനൊപ്പം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്ന സാഹചര്യത്തില്‍ വള്ളക്കടവ് മുതലുള്ള ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പ് നല്‍കാന്‍ ഇനിയും ഒരടി കൂടി ബാക്കിയുണ്ട്. അത് അപകടകരമായ നിലയിലേക്ക് എത്തിയതായി കണക്കാക്കണമെങ്കില്‍ രണ്ടടി കൂടി ഉയരണം. കാലാവസ്ഥയും മെച്ചപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനെകുറിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

138 അടിയിലേക്ക് എത്തുന്നതിന് വേണ്ട നടപടികളൊന്നും തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഓരോ പോയിന്റിലുമുള്ള കാര്യങ്ങള്‍ സുപ്രീം കോടതിയെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി 12 മണിക്ക് മുന്‍പായി 138 അടിയിലേക്ക് എത്തുകയെന്നത് ഇനി ഉണ്ടാകില്ലെന്നും അത് സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി പരിഗണിച്ചാല്‍ പോലും ഇത് കുറവാണ്. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഇല്ലായിരുന്നെങ്കില്‍ ഇടുക്കിയില്‍ ജലനിരപ്പ് ഇനിയും കുറയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിഷയത്തെ കൂടുതല്‍ ഗൗരവമായി കാണുന്നുവെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് മന്ത്രിമാര്‍ തന്നെ നേരിട്ട് നേതൃത്വം നല്‍കണമെന്ന് മന്ത്രിസഭ തീരുമാനിച്ചതെന്നും കൃഷി മന്ത്രി പി. പ്രസാദും പറഞ്ഞു.

No comments