ഗവ. ആശുപത്രിയാണ്, അഡ്ജസ്റ്റ് ചെയ്യണം; ഡ്രിപ് മാറ്റാൻ നഴ്സില്ല; ഞെട്ടി മന്ത്രി വീണ
തിരുവനന്തപുരം: ഐവി ഫ്ലൂയിഡിന്റെ കുപ്പി കയ്യിൽപിടിച്ചു രോഗിക്കു ഡ്രിപ് കൊടുക്കുന്ന പത്തുവയസ്സുകാരൻ, അത്യാസന്ന നിലയിലുള്ള വയോധികയെ ട്രോളിയിൽ തള്ളിക്കൊണ്ടുപോകുന്ന മക്കൾ, ഡ്യൂട്ടിയിലുള്ളവരുടെ പട്ടിക ചോദിച്ചപ്പോൾ കൈ മലർത്തുന്ന സ്റ്റാഫ് നഴ്സ്. കഴിഞ്ഞ 28നു രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ‘സർപ്രൈസ് ചെക്കി’നെത്തിയ മന്ത്രി വീണാ ജോർജ് തിരിച്ച് ഇത്രയും വലിയൊരു ‘സർപ്രൈസ്’ ലഭിക്കുമെന്നു പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
അത്യാഹിത വിഭാഗത്തിലെ അവസ്ഥ കണ്ടു മന്ത്രി ഞെട്ടിയെന്നാണു സംഭവത്തിനു സാക്ഷികളായവർ പറയുന്നത്. അസി.പ്രഫസർ റാങ്കിലുള്ള മെഡിക്കൽ ഓഫിസറാണ് അത്യാഹിത വിഭാഗത്തിന്റെ ചുമതലയിലുണ്ടാകേണ്ടത്. എന്നാൽ മന്ത്രിയെത്തുമ്പോൾ കണ്ടതു പിജി വിദ്യാർഥികളെ മാത്രം. പല ജില്ലകളിലെ ജില്ലാ ആശുപത്രികളിൽനിന്നു റഫർ ചെയ്യപ്പെട്ട രോഗികളുണ്ട്. വർഷങ്ങളുടെ അനുഭവ പരിചയമുള്ള സർക്കാർ ഡോക്ടർമാർ വിദഗ്ധ ചികിത്സയ്ക്കു റഫർ ചെയ്തയച്ച രോഗികളെ നോക്കാൻ മെഡിക്കൽ വിദ്യാർഥികൾ മാത്രം.
സൂപ്പർ മാർക്കറ്റുകളിൽ സാധനം നിറച്ച ട്രോളി ഉന്തുന്നതുപോലെ രോഗിയുമായി വീട്ടുകാർതന്നെ ട്രോളി തള്ളുന്നു. ചിലത് അപകടകരമായി തെന്നിനീങ്ങുന്നു. അറ്റൻഡർമാർ എവിടെയെന്നു മന്ത്രി തിരക്കി. സ്ഥിരം ജീവനക്കാർക്കെല്ലാം ‘അദർ ഡ്യൂട്ടി’ ഇട്ടിരിക്കുകയാണ്. ആരും അത്യാഹിത വിഭാഗത്തിൽ രാത്രിഡ്യൂട്ടിക്കു തയാറല്ല. കരാർ അടിസ്ഥാനത്തിൽ കുറച്ചുപേരെ വച്ചിട്ടുണ്ടെങ്കിലും അത്യാഹിത വിഭാഗത്തിൽ കണ്ടത് ഒരാളെ മാത്രം.
നഴ്സുമാർ രണ്ടോ മൂന്നോ പേർ മാത്രം. ഇതിലൊരാളോടു മന്ത്രി ചോദിച്ചു ‘ആരാണു മെഡിക്കൽ ഓഫിസർ? മെഡിക്കൽ ഓഫിസറുടെ പേരറിയാതെ നഴ്സ് കുഴങ്ങി. ഡ്യൂട്ടിയിലുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടപ്പോൾ മറുപടി– ‘പട്ടികയില്ല’. പിന്നീട് ഒരു കടലാസിൽ കുറച്ചു പേരുകൾ എഴുതി നൽകി. അത്യാഹിത വിഭാഗത്തിലുണ്ടാകേണ്ട മെഡിക്കൽ ഓഫിസറെ തിരക്കി മന്ത്രി വാർഡുകൾ കയറിയിറങ്ങി. അതിലൊന്നിൽ കണ്ടുമുട്ടി. അസി.പ്രഫസറല്ല, സീനിയർ റസിഡന്റായിരുന്നു അവർ.
അസി.പ്രഫസർ റാങ്കിലുള്ള ആരുമില്ലേ എന്നു മന്ത്രിയുടെ ചോദ്യം. കോവിഡ് വാർഡിൽ ഉണ്ടെന്നു മറുപടി. അവിടെയെത്തിയപ്പോൾ കണ്ടതു ഹൗസ് സർജനെ. സീനിയർ ഡോക്ടർമാരാരും രാത്രി ഡ്യൂട്ടിക്ക് അത്യാഹിത വിഭാഗത്തിൽ എത്താറില്ലെന്നു പരിശോധനയിൽ മന്ത്രിക്കു ബോധ്യപ്പെട്ടു. രാവിലെയും വൈകിട്ടും സീനിയർ ഡോക്ടർ റൗണ്ട്സ് നടത്തണം. അതുമില്ല. ഇതിനിടയിലാണ് കയ്യിൽ ഐവി ഫ്ലൂയിഡ് കുപ്പിയുമായി നിൽക്കുന്ന പത്തുവയസ്സുകാരനെ കണ്ടത്. മുത്തച്ഛനാണു രോഗി. അദ്ദേഹത്തിന്റെ മുറിവ് ഡ്രസ് ചെയ്യുമ്പോഴാണ് ഡ്രിപ് നൽകുന്ന കുപ്പി പിടിക്കാൻ കൊച്ചുമകനെ ഏൽപിച്ചത്.
മന്ത്രിയെന്ന നിലയിൽ പരിപാടികളിൽ പങ്കെടുക്കുമ്പോൾ സാരിയാണു വീണാ ജോർജിന്റെ വേഷം. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതു ചുരിദാർ ധരിച്ചാണ്. മുഖത്ത് മാസ്കും. അതുകൊണ്ട് മന്ത്രി അത്യാഹിത വിഭാഗത്തിലും വാർഡിലുമെല്ലാം കറങ്ങി നടന്നിട്ടും ആദ്യത്തെ ഒരു മണിക്കൂർ ആരും തിരിച്ചറിഞ്ഞില്ല. ഇതിനിടയിൽ കണ്ടുമുട്ടിയ പല രോഗികളോടും കൂട്ടിരിപ്പുകാരോടും ലഭിക്കുന്ന സൗകര്യത്തെക്കുറിച്ചു മന്ത്രി തിരക്കി. സേവനം ലഭിക്കാൻ മൂന്നു മണിക്കൂർ വരെയായി കാത്തുനിൽക്കുന്നവരുണ്ടായിരുന്നു അക്കൂട്ടത്തിൽ.
ജീവനക്കാരിലാരോ വിവരങ്ങൾ തിരക്കുന്നുവെന്നേ മന്ത്രിയോടു സംസാരിച്ചവർ ആദ്യം ധരിച്ചുള്ളൂ. രാത്രി പത്തരയ്ക്കെത്തിയ മന്ത്രി 12ന് ശേഷമാണു മടങ്ങിയത്. പരിശോധന കഴിഞ്ഞിറങ്ങുമ്പോൾ പതിനാറാം വാർഡിന്റെ ഭിത്തിയിൽ ഒരു പോസ്റ്റർ. ‘ഇവിടെ എത്തുമ്പോൾ നിങ്ങൾക്കു തോന്നാവുന്ന കാര്യങ്ങളും അതിനുള്ള പരിഹാരങ്ങളും’ എന്ന തലക്കെട്ടിൽ ചോദ്യം, ഉത്തരം ക്രമത്തിലാണു പോസ്റ്ററിലെ വാചകങ്ങൾ.
ചോദ്യം: ഒരു ബെഡിൽ രണ്ടു രോഗികളെ കിടത്തുന്നതു ശരിയാണോ?
ഉത്തരം: ഇതു സർക്കാർ ആശുപത്രിയാണ്. വാർഡിൽ 50 ബെഡാണുള്ളത്. ‘അഡ്ജസ്റ്റ്’ ചെയ്തേ പറ്റൂ. ഇല്ലെങ്കിൽ ഡിസ്ചാർജ് വാങ്ങി അടുത്ത ആശുപത്രിയിൽ പോകാം.
ചോദ്യം: ഡ്രിപ് തീർന്നാൽ മാറ്റാൻ ആരും വരാത്തതെന്താണ്?
ഉത്തരം: ഡ്രിപ് മാറ്റാൻ നഴ്സ് വരണമെന്നില്ല. നിങ്ങൾക്കു തന്നെ ചെയ്യാം. ഡ്രിപ് തീർന്നാലും ഒന്നും സംഭവിക്കാനില്ല.
മന്ത്രിയുടെ നിർദേശപ്രകാരം അപ്പോൾതന്നെ പോസ്റ്റർ ഇളക്കി മാറ്റി. വീഴ്ചകളിൽ ആശുപത്രി അധികൃതരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടാണു മന്ത്രി മടങ്ങിയത്.
No comments