സ്വർണവില കുതിക്കും; 52000 രൂപ കടക്കുമെന്ന് പ്രവചനം
ന്യൂഡൽഹി: രാജ്യത്ത് 10 ഗ്രാം സ്വർണത്തിന്‍റെ വില 52,000 രൂപയും കടന്ന് കുതിക്കുമെന്ന് പ്രവചനം. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിേന്റതാണ് പ്രവചനം. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 2,000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.
യു.എസ് സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള പ്രവചനങ്ങളിൽ മാറ്റം വരുത്തിയതും പലിശനിരക്കുകളിൽ ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കുമെന്നാണ് സൂചന. പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പലരും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇതും വിലവർധനക്ക് ഇടയാക്കുമെന്നാണ് സൂചന.
ഇതിനൊപ്പം എവർഗ്രാൻഡെ പ്രതിസന്ധി, വൈദ്യുതി ക്ഷാമം, യു.എസ്-ചൈന ചർച്ച, കോവിഡ് ഡെൽറ്റ വേരിയന്‍റ് കേസുകളടെ വർധന എന്നിവയും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചേക്കും.
2019ൽ 52 ശതമാനവും 2020ൽ 25 ശതമാനവും സ്വർണവില ഉയർന്നിരുന്നു. കോവിഡിന് ശേഷം സ്വർണത്തിേന്റയും സ്വർണാഭരണങ്ങളുടെയും ഡിമാൻഡിൽ വർധനയുണ്ടായിട്ടുണ്ട്. സ്വർണത്തിന്‍റെ ഡിമാൻഡിൽ 47 ശതമാനവും ആഭരണങ്ങളുടേതിൽ 58 ശതമാനവും വർധനയുണ്ടായിട്ടുണ്ട്. ഈ ദീപാവലിക്ക് നിയന്ത്രണങ്ങളിൽ കുറവ് വന്നതും സ്വർണത്തിന്‍റെ വിൽപന ഉയർത്തുമെന്നാണ് സൂചന.