ജിയോഫോണ്‍ നെക്‌സ്റ്റ് ചൈനീസ് ഫോണുകളെ തൂത്തെറിയുമോ?
ടെലികോം മേഖലയില്‍ വൻ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ സ്മാർട് ഫോണ്‍ വിപണിയിലും വിലക്കുറവിന്റെ മാജിക് പുറത്തെടുക്കുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. ഗൂഗിളുമായി ചേര്‍ന്ന് സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ജിയോഫോണ്‍ നെക്‌സ്റ്റ് ഫോണിന് ഏകദേശം 3,499 രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഫോണിറങ്ങിയാൽ ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ കെട്ടുകെട്ടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, പുതിയ ഫോണിന് ജിയോ വിലയിട്ടിരിക്കുന്നത് 6,499 രൂപയാണ്. വില കുറഞ്ഞ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാനാണ് പുതിയ ഫോണ്‍ എന്നാണ് പറഞ്ഞു കേട്ടിരുന്നത്. ആകെയുള്ള ആശ്വാസം ഫോണ്‍ തവണ വ്യവസ്ഥയിൽ വാങ്ങാമെന്നതാണ്.
വിലയുടെ കാര്യത്തിലൊഴിച്ച് ഫോണിനെക്കുറിച്ചു കേട്ടിരുന്ന മറ്റു അഭ്യൂഹങ്ങളെല്ലാം ശരിയുമാണ്. ഗൂഗിളും ജിയോയും സഹകരിച്ചു വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റമായ പ്രഗതി ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 215 ആണ് പ്രോസസര്‍. 13 എംപി പിന്‍ ക്യാമറയും, 8 എംപി സെല്‍ഫി ക്യാമറയും ഉണ്ട്. എസ്ഡി കാര്‍ഡ് ഇടാം. എച്ഡി പ്ലസ് സ്‌ക്രീനിന് 5.45-ഇഞ്ച് വലുപ്പമാണ് ഉള്ളത്. ഫോണിന് 3500 എംഎഎച് ബാറ്ററിയും ഉണ്ട്. 2 ജിബി റാമും, 32 ജിബി സ്റ്റോറേജ് ശേഷിയുമുള്ള ഫോണിന് 4ജി കണക്ടിവിറ്റിയാണ് ഉള്ളത്. ഇരട്ട സിം ഇടാം. സിം1 സ്ലോട്ടില്‍ 4ജി സിം, സിം2 സ്ലോട്ടില്‍ 4ജി അല്ലെങ്കിൽ 2ജി സിം ഉപയോഗിക്കാം.
∙ തവണ വ്യവസ്ഥകള്‍
തുടക്കത്തില്‍ 1,999 രൂപ നല്‍കി ഫോണ്‍ സ്വന്തമാക്കാം. തുടര്‍ന്ന് 18/24 മാസങ്ങളിലായി ബാക്കി പണം അടച്ചു തീര്‍ക്കാം. റിലയന്‍സിന്റെ മുഴുവന്‍ റീട്ടെയില്‍ നെറ്റ്‌വര്‍ക്കുകളിലും ജിയോമാര്‍ട്ട് ഡിജിറ്റല്‍ വഴിയും ഫോണ്‍ വാങ്ങാം. ഫോണിനൊപ്പം ലഭിക്കുന്ന ഡേറ്റ അടക്കമുള്ള മറ്റു വിവരങ്ങളും അറിയാം.
∙ പ്ലാനുകള്‍ ഇങ്ങനെ
18/24 മാസ ഓള്‍വെയ്‌സ് ഓണ്‍ പ്ലാന്‍: പ്രതിമാസം 300 രൂപ വച്ചു നല്‍കണം. ഒരു മാസത്തേക്ക് 5 ജിബി ഡേറ്റയും 100 മിനിറ്റ് കോളുമാണ് ലഭിക്കുന്നതെന്ന് ജിയോയുടെ വെബ്‌സൈറ്റ് പറയുന്നു. ഇനി 18 മാസം കൊണ്ട് അടച്ചു തീര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ പ്രതിമാസം 350 രൂപ നല്‍കണം. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുകളില്‍ പറഞ്ഞതു തന്നെ ആയിരിക്കും.
∙ 18/24 മാസ ലാര്‍ജ് പ്ലാന്‍
ഈ പ്ലാനില്‍ 24 മാസ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 1.5 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും. നല്‍കേണ്ടത് 450 രൂപ ആയിരിക്കും. അതേസമയം, 18 മാസ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 500 രൂപ നല്‍കേണ്ടതായി വരും. ഡേറ്റയും മറ്റും 18 മാസപ്ലാനിനു സമാനം.
∙ എക്‌സ്എല്‍ പ്ലാന്‍
ഇതിലെ 24 മാസ പ്ലാനിന് പ്രതിമാസം 500 രൂപ നല്‍കണം. 18 മാസ പ്ലാനിന് പ്രതിമാസം 550 രൂപയും നല്‍കണം. ഇരു പ്ലാനുകള്‍ക്കും ദിവസവും 2 ജിബി ഡേറ്റ വീതവും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും.
∙ എക്‌സ്എക്‌സ്എല്‍ പ്ലാന്‍
ഇതിന്റെ 24 മാസ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ 550 രൂപ പ്രതിമാസം നല്‍കണമെങ്കില്‍ 18 മാസ ഓപ്ഷന് 600 രൂപ നല്‍കണം. പ്രതിദിനം 2.5 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുകളുമാണ് ലഭിക്കുക. പ്രോസസിങ് ഫീ ആയി 501 രൂപ നല്‍കണം എന്നും പറഞ്ഞിട്ടുണ്ട്. ഇത് മുകളില്‍ പറഞ്ഞ എല്ലാ പ്ലാനുകള്‍ക്കും ബാധകമാണോ എന്ന് വ്യക്തമല്ല. പ്ലാനുകള്‍ ഒന്നും കൂടാതെ ജിയോ ഫോണ്‍ വാങ്ങണമെങ്കില്‍ 6,499 രൂപ നല്‍കണം എന്നും പറഞ്ഞിട്ടുണ്ട്. വിവരങ്ങള്‍ ഇവിടെ വായിക്കാം: https://www.jio.com/jiophone-next/financing
∙ ജിയോഫോണ്‍ നെക്‌സ്റ്റിനെക്കുറിച്ച് പിച്ചൈയ്ക്കു പറയാനുള്ളത്
തന്റെ കമ്പനി റിലയന്‍സ് ജിയോയുമായി സഹകരിച്ച് നിര്‍മിച്ച ഫോണിനെക്കുറിച്ച് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ചില കാര്യങ്ങള്‍ ട്വീറ്റു ചെയ്യുകയുണ്ടായി. വോയിസിന് പ്രാഥമിക പരിഗണന നല്‍കി, പരിഭാഷയും സ്മാര്‍ട് ക്യാമറയും അടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് തങ്ങള്‍ ഫോണ്‍ നിർമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സവിശേഷമായ ആവശ്യങ്ങള്‍ക്കും ഭാഷകള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ സ്മാര്‍ട് ഫോണ്‍ കൂടുതല്‍ ഇന്ത്യക്കാരെ ഇന്റര്‍നെറ്റില്‍ എത്തിക്കുമെന്ന കാര്യത്തല്‍ താന്‍ ഉത്സാഹഭരിതനാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.
∙ അപ്പോള്‍ ചൈനീസ് ഫോണുകളുടെ അവസ്ഥ എന്താണ്?
ജിയോഫോണ്‍ നെക്‌സ്റ്റുമായി ഏറ്റവും വില കുറഞ്ഞ ചൈനീസ് സ്മാര്‍ട് ഫോണുകളിലൊന്നായ റെഡ്മി 9എയുമായി താരതമ്യം ചെയ്യാം. 2ജിബി റാമും, 32 ജിബി സ്റ്റോറേജ് ശേഷിയുമുള്ള ഇതിന്റെ മിഡ്‌നൈറ്റ് ബ്ലാക്ക് മോഡല്‍ ഇതെഴുതുന്ന സമയത്ത് ആമസോണില്‍ വില്‍ക്കുന്നത് 6,799 രൂപയ്ക്കാണ്. ഇതും തവണ വ്യവസ്ഥയില്‍ സ്വന്തമാക്കുകയും ചെയ്യാം.
ബെസലിന്റെ സാന്നിധ്യം ജിയോഫോണ്‍ നെക്‌സ്റ്റിനെ വര്‍ഷങ്ങള്‍ പിന്നിലേക്കു തള്ളിവിടുന്നു എങ്കില്‍ കൂടുതല്‍ ആധുനികമായ ഡിസൈന്‍ റെഡ്മി 9എ മോഡലിനെ ആകര്‍ഷകമാക്കുന്നു എന്ന് ഒറ്റ നോട്ടത്തില്‍ കാണാം. ഫോണിന് 13എംപി പിന്‍ ക്യാമറയും, 5എംപി സെല്‍ഫി ക്യാമറയും ഉണ്ട്. ജിയോഫോണ്‍ നെക്‌സ്റ്റിനേക്കാള്‍ വലുപ്പമുള്ള സ്‌ക്രീനും ലഭിക്കും. 6.53-ഇഞ്ച് ആണ് സ്‌ക്രീന്‍ സൈസ്. 2 ഗിഗാഹെട്‌സ് ഒക്ടാകോര്‍ മീഡിയാടെക് ഹെലിയോ ജി25 ആണ് പ്രോസസര്‍. 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്.
മറ്റൊരു വിലകുറഞ്ഞ ഫോണായ റിയല്‍മി സി11ന് 6,699 രൂപയാണ് വില. ഫോണിന് 8എംപിയാണ് പ്രധാന ക്യാമറ. ബാറ്ററി 5,000 എംഎഎച്ച് തന്നെ. രൂപകല്‍പനയില്‍ ജിയോഫോണ്‍ നെക്‌സ്റ്റ് നാണിക്കുന്ന മികവുണ്ട് ഇതിനും. ഇനി ചൈനീസ് ഫോണ്‍ വേണ്ട സാംസങ് മതിയെന്നാണെങ്കിലും മികച്ച ഡിസൈനുള്ള ഫോണാണ് ഗ്യാലക്‌സി എം02. ഈ ഫോണുകള്‍ക്കെല്ലാം ഏകദേശം സമാനമായ സ്‌പെസിഫിക്കേഷന്‍സ് ആണ്. ജിയോഫോണ്‍ നെക്‌സ്റ്റ് ആളുകളെ ആകര്‍ഷിക്കുമോ എന്നത് കണ്ടറിയാം.
∙ ഐഫോണ്‍ 6എസ്, എസ്ഇ 1 മോഡലുകളില്‍ നവംബര്‍ 1 മുതല്‍ വാട്‌സാപ് കിട്ടില്ലെന്നു പ്രചാണം; വാസ്തവമെന്ത്?
കുറച്ചു മാസങ്ങളായി പ്രമുഖ മാധ്യമങ്ങള്‍ പോലും പ്രചരിപ്പിച്ചു വരുന്ന ഒരു കാര്യമാണ് ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വേര്‍ഷനായ ഐഒഎസ് 15ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 6എസ് മോഡലുകളിലും, 6എസിലുള്ള പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഐഫോണ്‍ എസ്ഇയിലും നവംബര്‍ 1 മുതല്‍ വാട്‌സാപ് ലഭിക്കില്ലെന്നത്. ഇത് പൂര്‍ണമായും തെറ്റാണെന്ന് സിടെക്ഗ് (ctekgh) റിപ്പോര്‍ട്ടു ചെയ്യുന്നു. ഐഫോണ്‍ 6എസ് മാത്രമല്ല, അതിനു മുൻപിറങ്ങിയ ഐഫോണുകളിലും വാട്‌സാപ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറയുന്നു.
ഇക്കാര്യം ശ്രദ്ധിക്കുക ഐഒഎസ് 9 മുതല്‍ പിന്നിലേക്കുള്ള വേര്‍ഷനുകള്‍ മാത്രമേ നിങ്ങളുടെ ഐഫോണ്‍ സപ്പോര്‍ട്ടു ചെയ്യുന്നുള്ളുവെങ്കില്‍ അതില്‍ വാട്‌സാപ് പ്രവര്‍ത്തിക്കില്ല. എന്നു പറഞ്ഞാല്‍ ഐഫോണ്‍ 4 മുതല്‍ പിന്നിലേക്കുള്ള ഫോണുകളെയാണ് ഇതു ബാധിക്കുക എന്ന് വെബ്‌സൈറ്റ് പറയുന്നു. അതുപോലെ ആന്‍ഡ്രോയിഡ് 4.0.3 മുതല്‍ പിന്നിലേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള ഫോണുകളിലും നവംബര്‍ 1 മുതല്‍ വാട്‌സാപ് പ്രവര്‍ത്തിക്കില്ല. മറ്റ് അഭ്യൂഹങ്ങള്‍ തള്ളിക്കളയണമെന്ന് അവര്‍ പറയുന്നു.
∙ പുതിയ ടെന്‍സര്‍ ചിപ്പ് നിര്‍മിക്കാന്‍ ഗൂഗിള്‍
പിക്‌സല്‍ 6 സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസര്‍ ഗൂഗില്‍ തന്നെ നിര്‍മിച്ചതാണ്. ടെന്‍സര്‍ എന്നു പേരിട്ടിരിക്കുന്ന ചിപ്പിന്റെ അടുത്ത വേര്‍ഷന്റെ പണിപ്പുരയിലേക്ക് ഗൂഗിള്‍ കടന്നുവെന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സാംസങിന്റെ സഹായത്തോടെയാണ് ആദ്യ ചിപ്പ് ഗൂഗിള്‍ നിര്‍മിച്ചെടുത്തത്. മെഷീന്‍ ലേണിങ്ങിന്റെ സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ടെന്‍സര്‍ ചിപ്പ് ഇറക്കിയത്. മറ്റൊരു പിക്‌സല്‍ ഫോണിലും സാധ്യമല്ലാത്ത പല കാര്യങ്ങളും പുതിയ തലമുറയിലെ പിക്‌സല്‍ ഫോണുകളില്‍ കാണാം. അടുത്ത തലമുറയിലെ ടെന്‍സര്‍ ചിപ്പുകള്‍ പിക്‌സല്‍ 7 സീരീസിനു വേണ്ടിയാണെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്.