മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് ഹീനമായ പ്രവൃത്തി; ഷമിക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ കോലി
ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരേ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പ്രതികരണവുമായി ക്യാപ്റ്റന്‍ വിരാട് കോലി.
ഞായറാഴ്ച ന്യൂസീലന്‍ഡിനെതിരേ നടക്കാനിരിക്കുന്ന മത്സരത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കോലി ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ ഒരാള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുന്നത് ഒരു മനുഷ്യനെ കൊണ്ട് ചെയ്യാനാകുന്ന ഏറ്റവും ഹീനമായ കാര്യമാണെന്ന് കോലി വിമര്‍ശിച്ചു.
''എന്നെ സംബന്ധിച്ച് മതത്തിന്റെ പേരില്‍ ഒരാള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുന്നത് ഒരു മനുഷ്യനെ കൊണ്ട് ചെയ്യാനാകുന്ന ഏറ്റവും ഹീനമായ കാര്യമാണ്. അഭിപ്രായം അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എന്റെ ജീവിതത്തില്‍ ആരെയും മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി എത്രയോ മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുണ്ടെന്ന വസ്തുത മനസിലാക്കാതെ ആളുകള്‍ തങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. ഇത്തരം ആളുകള്‍ക്കായി ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാന്‍ എനിക്കാകില്ല. ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. ഇരുനൂറ് ശതമാനം പിന്തുണ നല്‍കുന്നു.'' - കോലി വ്യക്തമാക്കി.
ഷമിയെ അപമാനിച്ചുള്ള ട്രോളുകള്‍ സൃഷ്ടിച്ചത് നട്ടെല്ലില്ലാത്ത പ്രവൃത്തിയാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ പാകിസ്താനോട് തോറ്റതിനു പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് മുഹമ്മദ് ഷമിക്ക് നേരെയുണ്ടായത്. ഷമിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം നിരവധി പേരാണ് അധിക്ഷേപ വാക്കുകളുമായി എത്തിയത്. താരത്തെ ചതിയനെന്നും പാക് ചാരനെന്നും മറ്റും വിളിച്ചായിരുന്നു ഇത്തരക്കാര്‍ രോഷം പ്രകടിപ്പിച്ചത്.