Featured Posts

Breaking News

2282 അധ്യാപകർ വാക്​സിനെടുത്തിട്ടില്ലെന്ന്​ വിദ്യാഭ്യാസമന്ത്രി



തിരുവനന്തപുരം∙ സ്കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നവംബർ ഒന്നിനു സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 1–7, 10, 12 ക്ലാസുകളാണ് നവംബർ ഒന്നിനു ആരംഭിക്കുന്നത്. എല്ലാ ക്ലാസുകളും നവംബർ 15ന് ആരംഭിക്കും.


42,65,273 വിദ്യാർഥികളാണ് രണ്ടു ഘട്ടമായി സ്കൂളിലേക്കെത്തുക. ഇതിൽ 6,07,702 പേർ നവാഗതരാണ്. സർക്കാർ - എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഇക്കൊല്ലം എത്തിയത്. 2020-21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്.

2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്. ഒന്നാം ക്ലാസിനു പുറമേ രണ്ടാം ക്ലാസുകാരും ആദ്യമായാണ് സ്കൂളിലെത്തുന്നത്. രണ്ടാം ക്ലാസിലേക്കെത്തുന്നവർ ഓൺലൈനിലൂടെ വീട്ടിലിരുന്നാണ് പഠനം പൂർത്തിയാക്കിയത്.

ശരീര ഊഷ്മാവ് പരിശോധിക്കുന്നതിനു 24,300 തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിൽ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഉപകരണങ്ങളാണിത്. പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്താനുള്ള 204 സ്‌കൂളുകളുണ്ട്.

പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇവർക്കു നിര്‍ദേശം നൽകി. 15,452 സ്കൂളുകളിൽ ഫിറ്റ്‌നസ് ലഭിക്കാനുള്ളവയുടെ എണ്ണം 446 ആണ്. 1,474 സ്‌കൂളുകളിൽ സ്‌കൂൾ ബസ്സുകൾ പ്രവർത്തനക്ഷമമാകാനുണ്ട്. വാക്‌സീൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം 2609 ആണ്. വാക്‌സീനെടുക്കാത്ത അധ്യാപകർ- 2282, വാക്‌സീനെടുക്കാത്ത അനധ്യാപകർ- 327.

സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപ സ്‌കൂളുകൾക്കു നൽകി. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്കു മുൻകൂറായി നൽകിയിട്ടുണ്ട്. പാചക തൊഴിലാളികളുടെ ഹോണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്.

പിടിഎ ജനറൽ ബോഡി ഓൺലൈനായി ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനു ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങളിൽ ഓൺലൈനായി ജനറൽബോഡി ചേർന്ന് ഒരു അഡ്‌ഹോക് കമ്മിറ്റി തിരഞ്ഞെടുക്കാനുള്ള നിർദേശവും നൽകിയതായി മന്ത്രി അറിയിച്ചു.

No comments