Featured Posts

Breaking News

മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല


കുമളി: മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് 138.85 അടിയില്‍ തന്നെ തുടരുന്നു. 825 ഘന അടി വെള്ളമാണ് സ്പില്‍വേയിലൂടെ പുറത്തേക്ക് വിടുന്നത്. അണക്കെട്ട് തുറന്നതിനാല്‍ ഒന്നര അടിയോളം പെരിയാറില്‍ ജലനിരപ്പുരയരുകയും ചെയ്തു. അതേസമയം മുല്ലപ്പെരിയാര്‍ തുറന്നതിന് ശേഷവും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നില്ലെന്ന് മാത്രമല്ല കുറയുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയത്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് 9 മണിയോടെ മൂന്നാമത്തെ ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു. സെക്കന്റില്‍ 23000 ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അണക്കെട്ടിലേക്ക് എത്തുന്ന അളവിനനുസരിച്ച് അണക്കെട്ടിന്റെ പുറത്തേക്ക് ജലം പോകുന്നില്ല.

മുല്ലപ്പെരിയാറിലേക്കുള്ള ഇന്‍ഫ്‌ളോ കുറയുന്നില്ല എന്നതാണ് ജലനിരപ്പ് കുറയാത്തതിന് കാരണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ശ്രമിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കണം. അങ്ങനെ ഒഴുക്കിയാലും അതൊരിക്കലും പെരിയാറിനെയോ ഇടുക്കി അണക്കെട്ടിനെയോ ബാധിക്കില്ല.

നിലവില്‍ ആശങ്കയ്ക്കിടയാക്കുന്ന ഘടകങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ റെഡ് അലര്‍ട്ടല്ല ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി അണക്കെട്ടിലും ആശങ്കയ്ക്ക് വകയില്ല. വളരെ ചെറിയ അളവിലുള്ള വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 5000 ഘന അടി ജലം തുറന്നുവിട്ടാല്‍ പോലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പരമാവധി ഒഴുക്കാന്‍ കഴിയുന്നതിലും കുറവ് ജലം മാത്രമാണ് നിലവില്‍ പെരിയാറിലൂടെ ഒഴുകുന്നത്.

സൗഹൃദപരമായ സമീപനമാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറില്‍ ഞായറാഴ്ചയ്ക്ക് മുമ്പ് 138 അടിയിലെത്തിക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശം. അത് പാലിക്കേണ്ട കടമ തമിഴ്‌നാട് സര്‍ക്കാരിനാണ്. അത് അവര്‍ പാലിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

No comments