കുത്തകാവകാശം പങ്കുവെച്ച് നിർമാതാക്കൾ; കോവിഡ് മരുന്ന് താങ്ങാവുന്ന വിലയിൽ കിട്ടും
തൃശ്ശൂർ: കോവിഡ് ചികിത്സയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുണ്ടാക്കുന്ന ഗുളികയായ ‘മോൾനുപിരാവിർ’ സാധാരണക്കാർക്കും ലഭിക്കാൻ അവസരമൊരുങ്ങുന്നു. മരുന്നു വികസിപ്പിച്ച മെർക്ക് കമ്പനി നിർമാണരഹസ്യം പങ്കുവെയ്ക്കാൻ തയ്യാറായതോടെയാണിത്. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള നടപടികൾക്കായി മെഡിസിൻ പേറ്റന്റ് പൂളിങ്ങു(എം.പി.പി.)മായി ധാരണയിലായിക്കഴിഞ്ഞു. വികസ്വരരാഷ്ട്രങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടമായാണിത് വിലയിരുത്തപ്പെടുന്നത്.
കോവിഡിനെ ഫലപ്രദമായി ചെറുത്ത് രോഗിയെ മരണത്തിൽനിന്ന് രക്ഷിക്കാൻ പര്യാപ്തമാണ് പുതിയ മരുന്നെന്നാണ് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളും തെളിയിക്കുന്നത്. മരുന്നുപയോഗിച്ചവർക്ക് ആശുപത്രിവാസത്തിന്റെ ദൈർഘ്യം കുറയ്ക്കാനുമായി. ഏറ്റവും ലളിതമായ ഉപയോഗരീതിയാണെന്നതും ഇതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. മരുന്നിന്റെ വാണിജ്യോപയോഗത്തിനുള്ള അപേക്ഷ അമേരിക്കൻ സർക്കാരിന്റെ പരിഗണനയിലാണ്
ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പൊതുജനാരോഗ്യ സംഘടനയാണ് എം.പി.പി. നിർമാണത്തിനു തയ്യാറായി വരുന്നവർക്കെല്ലാം നിബന്ധനകൾക്കു വിധേയമായി അനുമതി കൊടുക്കുന്ന നിർബന്ധിത ലൈസൻസിങ്ങിനാണ് മെർക്കുമായി ധാരണയിലെത്തിയിരിക്കുന്നത്. സാധാരണ വലിയ തുക റോയൽറ്റി നൽകിയാൽ മാത്രമേ മരുന്നുരഹസ്യങ്ങൾ മറ്റുള്ളവർക്ക് കൈമാറൂ. ധാരണയുടെ ഭാഗമായി 105 രാജ്യങ്ങളിലെങ്കിലും വിലക്കുറവിൽ മരുന്നെത്തും.
ഇന്ത്യയിൽ എട്ടു കമ്പനികൾ നിർമാണാനുമതിക്ക് തയ്യാറെടുക്കുകയാണ്. ലോകത്തെ ജനറിക് മരുന്നുനിർമാണ തലസ്ഥാനമായ ഇന്ത്യയിൽനിന്ന് പരമാവധി കമ്പനികൾ പദ്ധതിയിൽ പങ്കാളികളാകണമെന്ന് എം.പി.പി. ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സൺ ഫാർമ, സിപ്ല, ഡോ. റെഡ്ഢീസ്, ഹെറ്റീറോ, നാറ്റ്‌കോ, ഓപ്ടിമസ് തുടങ്ങിയ കമ്പനികൾ രംഗത്തുണ്ട്. ഇതിൽത്തന്നെ ചിലർ മെർക്കിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുമായി ആദ്യഘട്ടം മുതൽ സഹകരിക്കുന്നുമുണ്ട്. മൂന്നാംലോക രാജ്യങ്ങളിൽ ആവശ്യത്തിന് മരുന്നെത്തിക്കുന്ന പ്രക്രിയയിൽ സാമ്പത്തികമായി പങ്കാളികളാകുവാൻ ഒട്ടേറെ ജീവകാരുണ്യസംഘടനകൾ രംഗത്തുവന്നിട്ടുമുണ്ട്.