Featured Posts

Breaking News

ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ താരം കോളേജ് ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ചു


തിരുവനന്തപുരം: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥി ജോഷി എബ്രഹാമാ(20)ണ് മരിച്ചത്. അഞ്ചല്‍ ഭാരതീപുരം തുമ്പോട് മേലൂട്ട് വീട്ടില്‍ റെജി എബ്രഹാമിന്റെയും ബെറ്റി എബ്രഹാമിന്റെയും മകനാണ്. കോളേജ് ബാസ്‌കറ്റ്ബോള്‍ ടീമംഗമായ ജോഷി ദേശീയ ജൂനിയര്‍ ടീമംഗവുമായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ജോഷിയെ കോളേജ് ഹോസ്റ്റലിന്റെ പടിക്കെട്ടില്‍ വീണുകിടക്കുന്ന നിലയിലാണ് സഹപാഠികള്‍ കണ്ടത്. ബോധരഹിതനായിരുന്ന ജോഷിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളമെടുക്കാനായി പുറത്തേക്കു പോയപ്പോഴാണ് പടിക്കെട്ടില്‍ കുഴഞ്ഞുവീണതെന്നാണ് സഹപാഠികള്‍ പറയുന്നത്.

ബാസ്‌കറ്റ്ബോള്‍ ടീമിന്റെ പരിശീലനം ആരംഭിച്ചതിനാല്‍ കഴിഞ്ഞദിവസമാണ് വീട്ടില്‍ നിന്ന് ജോഷി ഹോസ്റ്റലില്‍ എത്തിയത്. ജോയല്‍ എബ്രഹാമാണ് ജോഷിയുടെ സഹോദരന്‍. സംസ്‌കാരം പിന്നീട്.

No comments