കക്കി ഡാമിലെ ഷട്ടറുകൾ രാവിലെ 11ന് തുറക്കും; രണ്ട് മണിക്കൂറിനുശേഷം ജലം പമ്പ ത്രിവേണിയിൽ
പത്തനംതിട്ട: കക്കി ആനത്തോട് ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ തിങ്കളാഴ്ച രാവിലെ 11നുശേഷം ക്രമാനുഗതമായി ഉയർത്തും. ജനവാസ മേഖലകളില്‍ പരമാവധി 15 സെന്‍റി മീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടാനാണ് നിർദേശം. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തും.
പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കേണ്ടതും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കേണ്ടതുമാണ്. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്‍റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കേണ്ടതും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍/നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണ്.