Featured Posts

Breaking News

ഒരുമിനിറ്റ് വൈകിയിരുന്നെങ്കില്‍; ഭാര്യയുടെ പരാതി, ശ്വാസംമുട്ടി പിടയുന്ന ഭര്‍ത്താവ്; രക്ഷിച്ച് പോലീസ്

 


ആ സമയത്ത് വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി, ഒരുമിനിറ്റ് കൂടെ വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ, അയാളുടെ ജീവന്‍ നഷ്ടമായേനെ'- കഴിഞ്ഞദിവസം രാത്രിയിലുണ്ടായ അനുഭവം വിവരിച്ചപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ബാബുവിന്റെ വാക്കുകളില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസം.

തിങ്കളാഴ്ച രാത്രി പട്രോളിങ് നടത്തുന്നതിനിടെ 11 മണിയോടെയാണ് എസ്.ഐ. ബാബുവിനും സിവില്‍ പോലീസ് ഓഫീസറായ കെ.കെ. ഗിരീഷിനും കണ്‍ട്രോള്‍ റൂമില്‍നിന്ന് ആ സന്ദേശം ലഭിക്കുന്നത്. തൃശ്ശൂര്‍ കുളങ്ങാട്ടുകരയില്‍ ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദിക്കുന്നതായി ഒരു യുവതി 112-ല്‍ വിളിച്ച് പരാതിപ്പെട്ടിരിക്കുന്നു. ഉടന്‍തന്നെ എസ്.ഐ.യും സി.പി.ഒ.യും അവിടേക്ക് കുതിച്ചു. അവിടെയെത്തിയപ്പോള്‍ കണ്ടത് വീടിന് മുന്നില്‍ കുട്ടികളുമായി നില്‍ക്കുന്ന യുവതിയെയും മുറിക്കകത്ത് കയറി കഴുത്തില്‍ കുരുക്കിടാന്‍ നില്‍ക്കുന്ന ഭര്‍ത്താവിനെയും. മിനിറ്റുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ എസ്.ഐ.യും പോലീസുകാരനും അയാളെ രക്ഷപ്പെടുത്തുകയും കൃത്യമായ ചികിത്സ ഉറപ്പുവരുത്തുകയുമായിരുന്നു.

പോലീസുകാര്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ഒരു യുവതിയും രണ്ട് കുട്ടികളും വീടിന് മുന്നില്‍നില്‍ക്കുന്നതാണ് കണ്ടത്. തനിക്ക് ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്നും സ്വന്തം വീട്ടില്‍ പോകണമെന്നുമാണ് യുവതി ആദ്യം പോലീസുകാരോട് ആവശ്യപ്പെട്ടത്. മദ്യപിച്ചെത്തി ഭര്‍ത്താവ് മര്‍ദിച്ചെന്നും പോലീസ് വന്നാല്‍ തന്നെ കൊന്ന് ജീവനൊടുക്കുമെന്ന് പറഞ്ഞ് അദ്ദേഹം മുറിയില്‍ കയറി വാതിലടച്ചിരിക്കുകയാണെന്നും യുവതി പറഞ്ഞു. ഇതുകേട്ടതോടെ പോലീസുകാര്‍ വീടിനുള്ളിലേക്ക് കടന്നു. വാതില്‍ പൂട്ടി മുറിക്കകത്തിരിക്കുകയായിരുന്ന യുവാവിനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഇതിനിടെ, ഗിരീഷ് വീടിന് പുറത്തിറങ്ങി ജനലിന് സമീപത്തെത്തി മുറിയിലേക്ക് നോക്കി. അപ്പോഴാണ് യുവാവ് കഴുത്തില്‍ കുരുക്കിടാന്‍ നില്‍ക്കുന്ന കാഴ്ച കണ്ടത്. സാറേ, ആള് മരിക്കാന്‍ നില്‍ക്കുകയാണെന്ന് പറഞ്ഞ് ഗിരീഷ് ഉടന്‍തന്നെ വീട്ടിനുള്ളിലേക്ക് തിരികെയെത്തി. തുടര്‍ന്ന് എസ്.ഐ. ബാബുവും ഗിരീഷും പലതവണ ആഞ്ഞ് ചവിട്ടി വാതില്‍ പൊളിക്കുകയായിരുന്നു.

വാതില്‍ പൊളിച്ച് അകത്തുകടന്നതോടെ ഹുക്കില്‍ കെട്ടിയ കയറിന്റെ കുരുക്ക് മുറുകി കണ്ണ് പുറത്തേക്ക് തള്ളി ശ്വാസംകിട്ടാതെ പിടയുന്ന യുവാവിനെയാണ് കണ്ടത്. ഉടന്‍തന്നെ പോലീസുകാര്‍ യുവാവിനെ മുകളിലേക്ക് പൊക്കി കുരുക്കഴിച്ച് നിലത്തിറക്കി. തുടര്‍ന്ന് പോലീസ് ജീപ്പില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. കുരുക്ക് അധികം മുറുകാത്തതിനാല്‍ യുവാവിന് വലിയ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അല്പം കൂടി വൈകിയിരുന്നെങ്കില്‍ കാര്യം കൈവിട്ട് പോയേനെ എന്നുമാണ് ഡോക്ടര്‍മാര്‍ പോലീസുകാരോട് പറഞ്ഞത്. യുവാവിന് പിന്നീട് സ്‌കാനിങ് പരിശോധനകളടക്കം നടത്തി.

ദിവസങ്ങള്‍ക്ക് മുമ്പും യുവാവ് മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിച്ചിരുന്നതായി എസ്.ഐ ബാബു പറഞ്ഞു. മദ്യപിച്ചെത്തിയാല്‍ ഭാര്യയെ ഉപദ്രവിക്കുന്നതും അവരുടെ വസ്ത്രങ്ങള്‍ വലിച്ച് പുറത്തിടുന്നതും പതിവായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഉപദ്രവിച്ചപ്പോള്‍ പോലീസിനെ വിളിക്കുമെന്ന് യുവതി പറഞ്ഞു. പോലീസ് വന്നാല്‍ 'നിന്നെയും കൊന്ന് താന്‍ മരിക്കുമെന്നായിരുന്നു വെട്ടുകത്തി കൈയിലെടുത്ത് യുവാവ് ഭാര്യയോട് പറഞ്ഞത്. ഇതോടെ ഭാര്യ പോലീസില്‍ പരാതിപ്പെടാന്‍ മടിച്ചു. എന്നാല്‍ തിങ്കളാഴ്ച രാത്രി വീണ്ടും ഉപദ്രവം തുടര്‍ന്നപ്പോള്‍ യുവതി ധൈര്യപൂര്‍വം 112-ല്‍ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു.

എന്തോ ഭാഗ്യം കൊണ്ടാണ് യുവാവിനെ രക്ഷിക്കാനായതെന്നും ഇനി ഇങ്ങനയൊന്നും ചെയ്യാതിരിക്കട്ടെയെന്നുമായിരുന്നു എസ്.ഐ. ബാബുവിന്റെ പ്രതികരണം. ഭാര്യ പോലീസില്‍ പരാതി അറിയച്ചതിന് പിന്നാലെ തന്നെ യുവാവ് മുറിയില്‍ കയറിയിരുന്നു. അല്പം സമയമെടുത്താണ് മേല്‍ക്കൂരയിലെ ഹുക്കില്‍ കയര്‍ കുടുക്കിയത്. കട്ടിലില്‍ കസേരയിട്ട് കയറിയാണ് കഴുത്തില്‍ കുരുക്കിട്ടിരുന്നത്. കൃത്യസമയത്ത് വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായെന്നും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നും എസ്.ഐ. കൂട്ടിച്ചേര്‍ത്തു. യുവാവിന് മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ ബന്ധുക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments