Featured Posts

Breaking News

സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും


അടുത്തവർഷം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും. ടെലികോം സേവനദാതാക്കളുമായി ഇതുസംബന്ധിച്ച് സർക്കാർ ചർച്ചതുടങ്ങിക്കഴിഞ്ഞു.

സ്‌പെക്ട്രം ലേലം ഏപ്രിൽ-മെയ് മാസങ്ങളിലാകും നടക്കുക. സാങ്കേതിക സൗകര്യങ്ങളൊരുക്കി സേവനം ലഭ്യമാക്കാൻ നാലുമാസത്തെ സമയം കമ്പനികൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യഘട്ടത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലാകും സേവനം ലഭ്യമാക്കുക. ഉപകരണങ്ങളുംമറ്റും ഇന്ത്യയിൽ എത്തിയാൽ നെറ്റ് വർക്ക് വിന്യസിക്കാൻ 4-6 ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനികൾ അറയിച്ചിട്ടുള്ളത്.

ഏതൊക്കെ സർക്കിളുകളിലും നഗരങ്ങളിലുമാണ് 5ജി സേവനം ലഭ്യമാക്കേണ്ടതെന്നകാര്യത്തിൽ 2022 ജനുവരിയോടെ കമ്പനികളുമായി കരാറിലെത്തേണ്ടതുണ്ട്. അതിനുശേഷംമാത്രമെ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂ. നിലവിലെ ചിപ്പ് ക്ഷാമം പദ്ധതിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന ആശങ്കയും കമ്പനികൾ പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, ടെലികോം കമ്പനികൾ രാജ്യത്തെ വിവിധയിടങ്ങളിൽ 5ജി പരീക്ഷണം ഇതിനകം നടത്തിക്കഴിഞ്ഞു. നോക്കിയയുടെ സഹകരണത്തോടെ ഭാരതി എയർടെൽ കൊൽക്കത്തിയിൽ കഴിഞ്ഞദിവസം വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയിരുന്നു. എറിക്‌സണുമായി ചേർന്ന് വോഡാഫോൺ ഐഡിയ പുണെയിൽ പരീക്ഷണംനടത്താനൊരുങ്ങുകയാണ്.

No comments