പോരാട്ടം കണ്ണീർ വറ്റിച്ചു; എട്ടുമാസത്തിനുശേഷം ചിത്ര ചിരിച്ചു
ആലപ്പുഴ: വ്യാഴാഴ്ച വന്ന് പിന്തുണ അറിയിച്ചവർക്കുമുന്നിൽ ചിത്ര വിങ്ങിപ്പൊട്ടിയില്ല. സന്തോഷം കൊണ്ടുപോലും കണ്ണുനിറഞ്ഞില്ല. എട്ടുമാസത്തെ പോരാട്ടംകൊണ്ട് ആ 36-കാരിയുടെ കണ്ണീർ വറ്റിപ്പോയിരുന്നു.
ഒറ്റപ്പെടുത്തലുകളിൽ അവർ കരഞ്ഞുപോയിട്ടുണ്ട്. തളർച്ചബാധിച്ച ഭർത്താവിനും മക്കൾക്കും ആഹാരം കണ്ടെത്തണം. പകൽ തൊഴിലുറപ്പ് പണിക്കുപോയി. രാത്രിയിൽ കയർ കെട്ടുകളാക്കിവെക്കുന്ന ജോലിചെയ്തു. ഇതിനിടയിൽ ജാതീയമായ എതിർപ്പുകൾ.
ദളിത് സെന്റർ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻ സി. അറവുന്തറയുടെ സഹായം കിട്ടിയതോടെയാണ് കോടതിയിൽ കേസു കൊടുക്കാൻ ധൈര്യമുണ്ടായത്.
ആദ്യസഹായം വാട്സാപ്പ് കൂട്ടായ്മയിൽനിന്ന്
പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസിൽ പ്ലസ്ടുവിന് പഠിച്ചപ്പോഴുള്ള കൂട്ടുകാരുടെ വാട്സാപ്പ് കൂട്ടായ്മ ഭർത്താവിന്റെ വയ്യായ്ക അറിഞ്ഞ് കുറച്ചു തുക സമാഹരിച്ചുനൽകി. അതിന്റെ ഒരുഭാഗമെടുത്താണ് പ്ലാസ്റ്റിക് കൂര നിർമിച്ചത്. വീടുവെക്കാൻ അഞ്ചുസെന്റ് ഭൂമി അനുവദിച്ചുകിട്ടിയപ്പോൾ പട്ടിക ജാതിക്കാരിയല്ലെന്ന പരാതി ആരോ അയച്ചു. പട്ടികജാതി വിജിലൻസ് വിഭാഗം അന്വേഷണം നടത്തി പരാതി തെറ്റാണെന്നു കണ്ടെത്തി. ലൈഫ് പദ്ധതിയുടെ സഹായധനം ഉപയോഗിച്ച് അടിത്തറ കെട്ടാൻ കല്ലും ഇഷ്ടികയും കൊണ്ടുവന്നപ്പോഴാണ് പഞ്ചായത്തുവഴി തുടങ്ങുന്ന ഭാഗത്തെ വീട്ടിലുള്ള സ്ത്രീയും സമീപത്തെ മറ്റു രണ്ട് വീട്ടുകാരും എതിർത്തത്. ഇവിടം പട്ടികജാതി കോളനിയാക്കാൻ അനുവദിക്കില്ല എന്നു വിളിച്ചുപറഞ്ഞ അവരെ തടയാൻ ഒരാളും തയ്യാറായില്ല.
പോലീസിനെ സമീപിക്കുന്നു
പട്ടികജാതി ഫണ്ടിന്റെ നിർവഹണച്ചുമതലയുള്ള വി.ഇ.ഒ. അരുൺകുമാർ ചിത്രയുടെ വീടു നിർമാണത്തിന് സാധനങ്ങൾ കൊണ്ടുപോകാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് തൃക്കുന്നപ്പുഴ ഇൻസ്പെക്ടർക്ക് പരാതി നൽകി. പക്ഷേ, ഒരു പ്രയോജനവുമുണ്ടായില്ല. ഇതിനിടെ, വീടുെവക്കാൻ സർക്കാർ നൽകിയ സ്ഥലം തണ്ണീർത്തടമാണെന്ന് സമീപവാസികൾ പരാതി നൽകി. തഹസിൽദാരുടെ റിപ്പോർട്ട് ചിത്രയ്ക്ക് അനുകൂലമായിരുന്നു. ഈ റിപ്പോർട്ട് ചിത്ര സ്വാധീനിച്ച് നേടിയതാണെന്നായി അടുത്ത പരാതി.
വഴിതടസ്സപ്പെടുത്തുന്നതിനെതിരേ ചിത്ര ഹരിപ്പാട് മുൻസിഫ് കോടതിയിൽ നൽകിയ പരാതിയിലും അനുകൂല വിധിയുണ്ടായി. പക്ഷേ, പോലീസ് സംരക്ഷണം കിട്ടിയില്ല. വിധി, ജഡ്ജിയെ സ്വാധീനിച്ച് നേടിയതാണെന്നായി അടുത്ത കണ്ടുപിടിത്തം. കക്കൂസ് നിർമാണത്തിന് റിങ്ങ് കൊണ്ടുവരാൻ അനുവദിച്ചില്ല. വീട്ടിലേക്ക് ഗ്യാസ് കുറ്റി കൊണ്ടുപോരാൻ പോലും സമ്മതിച്ചില്ല.
സഹായിക്കാനാരുമില്ലാതെ
ഈ സമയത്തൊന്നും ഒരാളുപോലും സഹായിച്ചില്ലെന്ന് ചിത്ര പറയുന്നു. പിന്നീടാണ് ദളിത് സെന്റർ നേതാവ് മോഹൻ സി. അറവുന്തറ എത്തുന്നത്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും റവന്യൂമന്ത്രിക്കും തദ്ദേശ സ്വയംഭരണമന്ത്രിക്കും പട്ടികജാതി ക്ഷേമ മന്ത്രിക്കുമെല്ലാം പരാതി നൽകി. ‘‘എനിക്ക് കൂടുതൽ ആത്മവിശ്വസമാണിപ്പോൾ. എല്ലാവരും എനിക്കൊപ്പമുണ്ടെന്ന സന്തോഷം. ” -കണ്ണീർവറ്റിയ കണ്ണുകളുയർത്തി അവർ പറഞ്ഞു.