Featured Posts

Breaking News

കഥയെഴുത്ത് കുറ്റപത്രത്തിൽ വേണ്ട; ഏൽപ്പിച്ച പണി ചെയ്യൂ... സിബിഐയോട് ഹൈക്കോടതി


റാഞ്ചി∙ കുറ്റപത്രം സിനിമാക്കഥ പോലെയാവരുതെന്ന് ജാർഖണ്ഡ് ഹൈക്കോടതി. കേസന്വേഷിക്കുമ്പോൾ കൃത്യത വേണമെന്നും കുറ്റപത്രത്തിൽ സിനിമാക്കഥ നിറയ്ക്കരുതെന്നും സിബിഐയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ധൻബാദ് ജില്ലാ അഡീഷനൽ ജഡ്ജി ഉത്തം ആനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് കോടതി സിബിഐയെ കുടഞ്ഞത്. കഥയെഴുത്ത് സിനിമാ തിരക്കഥാക്കൃത്തുകൾ നടത്തിക്കൊള്ളുമെന്നും സിബിഐ അവരെ ഏൽപ്പിച്ച പണി കൃത്യമായി ചെയ്യണമെന്നും അല്ലാതെ എന്തെങ്കിലും കഥ കാണിച്ച് കോടതിയെ കബളിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നു ജാർഖണ്ഡ് ഹൈക്കോടതി വാക്കാൽ നിർദേശിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസി കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും തെളിവുകളില്ലാതെയാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജഡ്ജിയുടെ കൊലപാതകത്തിൽ സിബിഐ തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണെന്നു കുറ്റപത്രത്തിൽനിന്നു വ്യക്തമാണ്. പൊലീസിന്റെയും സിബിഐയുടെയും അന്വേഷണത്തിൽ വലിയ വ്യത്യാസമില്ല.

കൊലപാതകത്തിനു പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തതയില്ലാതെയാണ് അവർ കുറ്റപത്രം സമർപ്പിച്ചത്. ഇത് സിബിഐ പോലുള്ള പ്രഫഷനൽ ഏജൻസിയുടെ പരാജയമായി കണക്കാക്കും, കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം തെളിയിക്കുന്നതിൽ ഏജൻസി പരാജയപ്പെട്ടെന്നും അന്വേഷണത്തിൽ പുതിയ വസ്തുതകളൊന്നും പുറത്ത് വന്നിട്ടില്ലെന്നും നിരീക്ഷിച്ചു. അന്വേഷണം അന്തിമമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മുഖം കടുപ്പിച്ച് കോടതി

തങ്ങൾ അന്വേഷണം തുടരുകയാണെന്നും വ്യക്തമായ തെളിവ് കൊണ്ടുവരാൻ കുറച്ചു സമയം വേണമെന്നും സിബിഐ കോടതിയെ അറിയിച്ചു. നവംബർ 12 ന് വീണ്ടും വാദം കേൾക്കും. ഇതാദ്യമല്ല കേസിൽ ഹൈക്കോടതി അതൃപ്തി അറിയിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് കേസ് നിരീക്ഷിച്ചിട്ടും കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് ഏജൻസി ഹൈക്കോടതിയെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേന്ദ്ര അന്വേഷണ ഏജൻസിയെ ശാസിച്ചിരുന്നു.

എല്ലാ ആഴ്ചയും കഥ പോലെ എന്തെങ്കിലും റിപ്പോർട്ട് എഴുതി കോടതിയെ തെറ്റിദ്ധരിപ്പിക്കാമെന്ന് വിചാരിക്കരുത്. സ്റ്റീരിയോ ടൈപ്പ് റിപ്പോർട്ടുമായി കോടതിയിലേക്ക് വരേണ്ടെന്നും എല്ലാക്കാര്യത്തിലും വ്യക്തത വേണമെന്നും സ്റ്റാറ്റസ് റിപ്പോർട്ടുകളോട് മുഖം ചുളിച്ച് കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തപ്പിത്തടഞ്ഞ് കേന്ദ്ര ഏജൻസി

ജൂലൈ 28ന് ധൻബാദിലെ മജിസ്ട്രേറ്റ് കോളനിക്ക് സമീപമുള്ള രൺധീർവർമ ചൗക്കിലാണ് ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തിയത്. സംഭവം ആദ്യം അപകടമാണെന്നു കരുതിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ കൊലപാതകമാണെന്ന അന്വേഷണത്തിന് വഴിയൊരുക്കി. സംഭവം ജുഡീഷ്യറിക്ക് മുഴുവൻ സുരക്ഷാ ആശങ്കയ്ക്ക് കാരണമായെന്ന് സുപ്രീംകോടതി റൂളിങ് നൽകിയിരുന്നു. ധൻബാദിൽ നിന്നു മോഷ്ടിച്ച ഓട്ടോ അയൽ ജില്ലയായ ഗിരിദിഹിൽ നിന്നു കണ്ടെത്തി. ഓട്ടോ ഡ്രൈവർ ലഖൻ വർമ(22), ഇയാളുടെ കൂട്ടാളി രാഹുൽ വർമ (21) എന്നിവർ രണ്ടു ദിവസത്തിനുശേഷം അറസ്റ്റിലായി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302(കൊലപാതകം), 201(തെളിവ് നശിപ്പിക്കൽ), 34( പൊതു ഉദ്ദേശ്യം)എന്നിവ പ്രകാരം കേന്ദ്ര ഏജൻസി ഇരുവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു. സിബിഐ ആസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചതെന്നും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തി പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളും നടന്നുവരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വലിയ പ്രത്യാഘാതം

മുച്ചക്ര വാഹനം ആളൊഴിഞ്ഞ റോഡിലൂടെ നീങ്ങി ജഡ്ജിയെ ഇടിച്ചു വീഴ്ത്തുന്നത് സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് സുപ്രീംകോടതിയും ജാർഖണ്ഡ് ഹൈക്കോടതിയും സ്വമേധയാ കേസെടുത്തത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് ഇൗ സംഭവം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്ന് സുപ്രീം കോടതി പറഞ്ഞതിനെത്തുടർന്ന് ജൂലൈ 31ന് സിബിഐ അന്വേഷണം ഏറ്റെടുത്തു.

No comments