Featured Posts

Breaking News

ദരിദ്രര്‍ കുറവുള്ള സംസ്ഥാനം: നേട്ടത്തിന് പിന്നില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം - മുഖ്യമന്ത്രി


തിരുവനന്തപുരം: ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യം വിലയിരുത്തി നിതി ആയോഗ് തയ്യാറാക്കിയ ബഹുതല ദാരിദ്ര്യ സൂചികയിലാണ് (മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സില്‍-എം.പി.ഐ) കേരളത്തിന്റെ നേട്ടം. ദരിദ്രര്‍ കൂടുതല്‍ ബിഹാറിലാണ്. വലിയ അന്തരമാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മില്‍.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നാടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണം. അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം...

സുസ്ഥിര വികസനത്തില്‍ മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കേരളം നമ്പര്‍ വണ്‍. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മള്‍ട്ടി ഡയമന്‍ഷണല്‍ ദാരിദ്ര്യ സൂചികയില്‍ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തില്‍ ദാരിദ്ര്യം നേരിടുന്നവര്‍ 0.71 ശതമാനം മാത്രമാണ്.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിന്റെ പ്രധാന മാനകങ്ങള്‍. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങള്‍, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാര്‍പ്പിടം, തുടങ്ങി നിരവധി സൂചികകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്.


അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നാടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണം. അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാം.

No comments