കോവിഡ് മഹാമാരി ഇതുവരെ ബാക്കിവെച്ചത് 80 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം; 25,000 ടൺ സമുദ്രത്തിലെത്തിയെന്ന്
ന്യൂയോർക്ക്: കോവിഡ് മഹാമാരി ആഗോളതലത്തിൽ ഇതുവരെ സൃഷ്ടിച്ചത് 80ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം. ഇതിൽ 25,000 ടണ്ണിലധികം മാലിന്യം സമുദ്രത്തിലെത്തിയതായും പഠനത്തിൽ കണ്ടെത്തി.
നാഷനൽ അക്കാദമി ഓഫ് സയൻസസിന്‍റെ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കണക്കുകൾ. സമുദ്രത്തിലെത്തിയ മാലിന്യത്തിന്‍റെ ഭൂരിഭാഗവും മൂന്നുനാലുവർഷത്തിനുള്ളിൽ ബീച്ചുകളിൽ അടിഞ്ഞുകൂടുമെന്നും പഠനത്തിൽ പറയുന്നു. കടലിലെത്തിയ മാലിന്യത്തിന്‍റെ ഒരു ഭാഗം ഉൾക്കടലിലേക്ക് പോകും. ഇവ പിന്നീട് ആർട്ടിക് സമുദ്രത്തിൽ അടിഞ്ഞുകൂടുമെന്നും പഠനത്തിൽ പറയുന്നു.
കോവിഡ് മഹാമാരി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപഭോഗം വർധിപ്പിച്ചു. ഫേസ് മാസ്കുൾ, ഗ്ലൗസുകൾ, മുഖാവരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ലോകത്ത് രൂക്ഷമായ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി കോവിഡ് കാലഘട്ടത്തിൽ ഉയർന്നുവെന്നും അവർ പറയുന്നു.
മഹാമാരി സമയത്ത് ഉൽപ്പാദിപ്പിക്കുന്ന അധിക പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ 90 ശതമാനവും ആശുപത്രികളിൽനിന്നാണ്. 7.6 വ്യക്തികളിൽനിന്നും 4.7 ശതമാനം പാക്കേജിങ് ഉൾപ്പെടെയുള്ളവരിൽനിന്നാണെന്നും പഠനത്തിൽ പറയുന്നു.